പ്രാഥമിക സഹ. സംഘം സോഫ്റ്റ്‌വെയർ കരാർ; ദിനേശിനെ തടഞ്ഞ് ഹൈക്കോടതി,വിശദപരിശോധന ആവശ്യം

കൊച്ചി: സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പാ സഹകരണസംഘങ്ങളിൽ ഏകീകൃത സോഫ്റ്റ്വേർ നടപ്പാക്കുന്നതിനായുള്ള ടെൻഡർ നടപടികൾ അന്തിമമാക്കുന്നത് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. ദിനേശ് ഐ.ടി. സർവീസസിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് കരാർ നൽകുന്നതിൽ മുന്നോട്ടുപോകരുതെന്നും അന്തിമമാക്കരുതെന്നുമാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാൻ നിർദേശിച്ചിരിക്കുന്നത്. ടെൻഡറിൽ പങ്കെടുത്ത മലബാർ ഇൻഫർമേഷൻ ടെക്നോളജിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.
ഏകീകൃത സോഫ്റ്റ്വേർ നടപ്പാക്കുന്നതിനായി സഹകരണ രജിസ്ട്രാർ ടെൻഡർ വിളിച്ചപ്പോൾ ഉണ്ടായ അവ്യക്തതയെയാണ് ഹർജിയിൽ ചോദ്യംചെയ്യുന്നത്. സംസ്ഥാനത്തെ 1612 പ്രാഥമിക സഹകരണസംഘങ്ങൾക്കായിട്ടാണ് ടെൻഡർ ക്ഷണിച്ചതെന്ന ധാരണയിൽ ഹർജിക്കാർ 273.42 കോടിയുടെ ടെൻഡർ ആണ് നൽകിയത്.
എന്നാൽ, ദിനേശ് ഐ.ടി. സർവീസസിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം 280 പ്രാഥമിക സഹകരണസംഘങ്ങൾക്കായി 58.88 കോടിയുടെ ടെൻഡർ ആണ് നൽകിയത്. വിജ്ഞാപനത്തിൽ 1612 സഹകരണസംഘങ്ങൾ എന്നാണ് പറയുന്നതെന്നായിരുന്നു ഹർജിക്കാരുടെ വാദം. പൈലറ്റ് പദ്ധതിയെന്ന നിലയിൽ 280 സംഘങ്ങൾക്കായാണ് ടെൻഡർ ക്ഷണിച്ചതെന്നായിരുന്നു സർക്കാർ വിശദീകരണം.
വിജ്ഞാപനം പരിശോധിച്ചാൽ 1612 സംഘങ്ങൾക്കായാണ് ടെൻഡർ ക്ഷണിച്ചതെന്നാണ് മനസ്സിലാകുന്നതെന്ന് കോടതി വിലയിരുത്തി. എത്ര സഹകരണ സംഘങ്ങൾക്കായിട്ടാണെന്ന് വ്യക്തമായി പറയുന്നില്ലെന്നതും കോടതി ചൂണ്ടിക്കാട്ടി. നിലവിൽ നൽകിയിരിക്കുന്ന ടെൻഡർ പ്രകാരം ഹർജിക്കാരാണ് കുറഞ്ഞതുക പറയുന്നതെന്നതും കോടതി കണക്കിലെടുത്തു. അതിനാൽ വിശദമായ പരിശോധന ആവശ്യമാണ്.
സർക്കാരിനോടടക്കം മറുപടി സത്യവാങ്മൂലം ഫയൽചെയ്യാൻ നിർദേശിച്ച കോടതി ഹർജി മേയ് 19-ന് പരിഗണിക്കാൻ മാറ്റി. അതുവരെ ടെൻഡർ നടപടി അന്തിമമാക്കരുതെന്നാണ് നിർദേശിച്ചിരിക്കുന്നത്.
Content Highlights: Kerala High Court issued an interim stay on the tender process for unified software in agricultural credit societies.