'കേരളത്തെ മദ്യത്തിൽ മുക്കി കൊല്ലാനുള്ള ശ്രമം'; സംസ്ഥാന സർക്കാരിനെതിരേ കെസിബിസി

പ്രതീകാത്മകചിത്രം | Mathrubhumi archives
പ്രതീകാത്മകചിത്രം | Mathrubhumi archives

കൊച്ചി: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തെ രൂക്ഷമായി വിമർശിച്ച് കെസിബിസി മദ്യവിരുദ്ധസമിതി. കേരളത്തെ മദ്യത്തിൽ മുക്കി കൊല്ലാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സംസ്ഥാന സർക്കാർ ഇടപെട്ടുനടത്തുന്ന ലഹരി വിരുദ്ധ പരിപാടികൾ പൂർണമായും ഫലം കാണുന്നില്ലെന്നുമാണ് വിമർശനം. മദ്യ, ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് ഞായറാഴ്ച പള്ളികളിൽ വായിക്കാൻ പുറപ്പെടുവിച്ച സർക്കുലറിലാണ് സർക്കാരിനെതിരേ കെസിബിസി രം​ഗത്തുവന്നിരിക്കുന്നത്. 

'തുടർഭരണംനേടി അധികാരത്തിലെത്തുന്ന പല സർക്കാരുകളും വരുമാനം വർധിപ്പിക്കുന്നതിനായി സ്വീകരിക്കുന്ന മാർ​ഗങ്ങൾ മദ്യ ഉത്പാദനവും മദ്യ വിതരണവും ഉൾപ്പടെയുള്ളവയാണ്. ഇതിന്റെ ഭാ​ഗമായാണ് കേരളത്തിൽ  ബാറുകളുടെയും ബിയർ പാർലറുകളുടെയും എണ്ണം വർധിക്കുന്നത്. 

ഐടി പാർക്കുകളിൽ ഉൾപ്പെടെ ബാറുകളും പബ്ബുകളും വരുന്നു. ഇലപ്പുള്ളിയിൽ മദ്യനിർമാണശാലയ്ക്ക് അനുമതി നൽകുന്നു. ഇത്തരത്തിൽ കേരളത്തെ മദ്യത്തിൽ മുക്കി കൊല്ലാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതരസംസ്ഥാനങ്ങളിൽനിന്ന് തൊഴിൽതേടി കേരളത്തിലെത്തുന്നവരെ സമ്പൂർണമായി പരിശോധനയ്ക്കു വിധേയമാക്കണം', സർക്കുലറിൽ പറയുന്നു.  
 

Content Highlights: KCBC strongly criticizes state governments liquor policy