KCL പ്രഥമ മീഡിയ അവാർഡ്; മാതൃഭൂമിക്ക് നാല് പുരസ്കാരം, മികച്ച ഡിജിറ്റൽ കവറേജ് mathrubhumi.com

#ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എൽ) രണ്ടാം സീസണിനോടനുബന്ധിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) ഏർപ്പെടുത്തിയ പ്രഥമ മീഡിയ അവാർഡുകൾ പ്രഖ്യാപിച്ചു. ഡിജിറ്റൽ മാധ്യമരംഗത്ത് മികച്ച കവറേജിനുള്ള പുരസ്കാരം മാതൃഭൂമി ഡോട്ട്കോം കരസ്ഥമാക്കി. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി പങ്കിട്ട ഈ പുരസ്കാരത്തിന് 25,000 രൂപയാണ് സമ്മാനത്തുക. അച്ചടി, ദൃശ്യ, ഓൺലൈൻ വിഭാഗങ്ങളിലായി മികച്ച കായിക മാധ്യമപ്രവർത്തനത്തിനാണ് കെ.സി.എ ഈ അവാർഡുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. മാതൃഭൂമിക്ക് നാല് പുരസ്കാരങ്ങളാണ് ലഭിച്ചത്. അച്ചടി മാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരം മാതൃഭൂമിയിലെ രാകേഷ് കെ. നായർ, ദൃശ്യമാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർക്കുള്ള അവാർഡ് മാതൃഭൂമി ന്യൂസിലെ ടി.എസ് ഹരികൃഷ്ണ എന്നിവർക്ക് ലഭിച്ചു. കൂടാതെ, മികച്ച സ്പോർട്സ് പ്രോഗ്രാമിനുള്ള അവാർഡ് മാതൃഭൂമി ന്യൂസിലെ 'കേരള ക്രിക്കറ്റിന്റെ കളിമുറ്റങ്ങൾ' എന്ന പരിപാടിയിലൂടെ ടി.എസ് ഹരികൃഷ്ണ തന്നെ സ്വന്തമാക്കി.

അച്ചടി മാധ്യമ വിഭാഗത്തിൽ രാകേഷ് കെ. നായർക്കൊപ്പം മലയാള മനോരമയിലെ അനീഷ് ജി. നായർ, മാധ്യമത്തിലെ അനിരുദ്ധ് അശോകൻ എന്നിവർ പങ്കിട്ടു. ഇവർക്ക് 50,000 രൂപ വീതമാണ് ലഭിക്കുക. കേരള കൗമുദിയിലെ അൻസർ രാജ് പ്രത്യേക പരാമർശത്തിന് (25,000 രൂപ) അർഹനായി.

ദൃശ്യമാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർക്കുള്ള അവാർഡ് മാതൃഭൂമി ന്യൂസിലെ ടി.എസ് ഹരികൃഷ്ണയ്ക്കൊപ്പം ഏഷ്യാനെറ്റ് ന്യൂസിലെ ശ്രാവൺ കൃഷ്ണ പി.കെ, മീഡിയ വണ്ണിലെ മഹേഷ് പോലൂർ എന്നിവർക്കും ലഭിച്ചു. ഈ വിഭാഗത്തിൽ എൻ.കെ ഗിരീഷിനാണ് ( മനോരമ ന്യൂസ്) പ്രത്യേക പരാമർശം (25,000 രൂപ).

മികച്ച സ്പെഷ്യൽ സ്റ്റോറിക്കുള്ള പുരസ്കാരം ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിലെ അശ്വിൻ അശോക് കുമാർ കരസ്ഥമാക്കി. ദി ഹിന്ദുവിലെ എം.ആർ പ്രവീൺ ചന്ദ്രനും പ്രത്യേക പരാമർശത്തിന് (25,000 രൂപ) അർഹനായി. മികച്ച ഫോട്ടോ ജേർണലിസ്റ്റിനുള്ള അവാർഡ് മലയാള മനോരമയിലെ ശ്രീലക്ഷ്മി ശിവദാസിനാണ്. ദൃശ്യമാധ്യമങ്ങളിലെ സമഗ്ര കവറേജിന് ഏഷ്യാനെറ്റ് ന്യൂസും അച്ചടി മാധ്യമങ്ങളിലെ സമഗ്ര കവറേജിന് കേരള കൗമുദിയും അർഹരായി. മികച്ച തലക്കെട്ടിനുള്ള പുരസ്കാരം ദീപിക പത്രത്തിനാണ് ലഭിച്ചത്.

പ്രഥമ കെ.സി.എൽ മീഡിയ അവാർഡുകൾ ജൂലൈ എട്ടിന് വൈകുന്നേരം കോവളത്തെ ദി ലീല റാവിസ് ഹോട്ടലിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. 'കെസിഎൽ മീഡിയ അവാർഡ് നൈറ്റ്' എന്ന് പേരിട്ടിരിക്കുന്ന ചടങ്ങിൽ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് കെ.സി.എ അറിയിച്ചു. 

Content Highlights: KCA announces the 2026 inaugural media awards for sports journalism. Discover the winners across print, visual, and online categories.