ബിജെപിക്ക് സുഖിക്കുന്ന വർത്തമാനം മാത്രം പറയുന്നത് ഒഴിവാക്കണം-ശശി തരൂരിനോട് കെ.സി. വേണുഗോപാൽ

#ന്യൂസ് ഡെസ്ക്
ശശി തരൂരും കെ.സി.വേണുഗോപാലും
ശശി തരൂരും കെ.സി.വേണുഗോപാലും

ന്യൂഡൽഹി: ശശി തരൂരിനെതിരെ കടുത്ത ഭാഷയിൽ പരസ്യമായ താക്കീതുമായി കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ബിജെപിക്ക് സുഖിക്കുന്ന വർത്തമാനം മാത്രം പറയുന്നതിൽനിന്ന് ഒഴിഞ്ഞുമാറണമെന്ന് കെ.സി.വേണുഗോപാൽ പറഞ്ഞു. ഡൽഹിയിൽ നടന്ന ജെൻസീ പ്രതിഷേധവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.

ജെൻസികളെ കേൾക്കാൻ കോൺഗ്രസിനായോ എന്ന് പരിശോധിക്കണമെന്നായിരുന്നു ശശി തരൂരിന്റെ പരാമർശം. സിജെപിക്ക് ജെൻസികളുടെ ശബ്ദമാകാൻ കഴിഞ്ഞുവെന്നും ഇതേപോലെ, കോൺഗ്രസിന് അവരുടെ വിഷയങ്ങൾ പ്രതിഫലിപ്പിക്കാൻ ആയില്ലെന്നും ശശി തരൂർ പറയുകയുണ്ടായി. എന്തുകൊണ്ട് ഇതിന് കഴിഞ്ഞില്ലെന്ന് സ്വയം ചിന്തിക്കണം. രാഹുൽ ഗാന്ധിയും വിദ്യാർത്ഥികളുടെ വിഷയങ്ങൾ ഏറ്റെടുത്തിരുന്നു. എന്നാൽ, സിജെപിയെ പോലെ ഫലപ്രദമായില്ല. യുവാക്കളെ കേട്ടില്ലെങ്കിൽ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ അപ്രസക്തമാകുമെന്നും മുംബൈയിൽ നടന്ന സംവാദ പരിപാടിയിൽ തരൂർ പറഞ്ഞിരുന്നു. എന്നാൽ, തന്റെ പ്രസ്താവന വളച്ചൊടിച്ചെന്ന് ചൂണ്ടിക്കാട്ടി തരൂർ പിന്നീട് വിശദീകരണം നടത്തിയിരുന്നു.

തരൂരിന്റെ പ്രസ്താവന സംബന്ധിച്ച് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയതോടെയാണ് കെ.സി.വേണുഗോപാൽ ബിജെപിക്ക് സുഖിക്കുന്ന വർത്തമാനം മാത്രം പറയുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്ന താക്കീത് നൽകിയത്. സിജെപി പ്രതിഷേധത്തിനിടെ രാഹുൽ നടത്തിയ ഇടപെടലുകളും കഴിഞ്ഞ ദിവസം അലഹബാദിൽ നടത്തിയ പരിപാടിയും കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി. പെല്ലെറ്റ് ഗൺ ഉപയോഗിച്ച് വിദ്യാർഥികൾക്ക് നേരെ നടത്തിയ ആക്രമണം പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചത് രാഹുൽ ഗാന്ധിയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ നടത്തിയ സമരവും ജെൻസിക്ക് വേണ്ടിയായിരുന്നു. ഇതൊന്നും കാണാൻ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന് ശശി തരൂരിനോടുതന്നെ ചോദിക്കണമെന്നും വേണുഗോപാൽ പറഞ്ഞു.

'പാർട്ടി ചട്ടക്കൂടിന്റെ അച്ചടക്കത്തിൽ കോൺഗ്രസുകാർ നിന്നില്ലെങ്കിലും ബിജെപിക്ക് സുഖിക്കുന്ന വർത്തമാനം മാത്രം പറയുന്നിതിൽനിന്ന് ഒഴിഞ്ഞുമാറാൻ ശ്രദ്ധിക്കണം. രാഹുൽ ഗാന്ധിയെ രണ്ട് കുറ്റം പറഞ്ഞാൽ ബിജെപിക്ക് സുഖിക്കും. രാഹുലിനെ മോശമായിട്ട് പറയുക എന്നതാണ് ബിജെപിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം. അതിൽനിന്ന് നമ്മൾ അറിഞ്ഞോ അറിയാതെയോ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം' വേണുഗോപാൽ പറഞ്ഞു. അറിഞ്ഞുകൊണ്ട് തരൂർ അങ്ങനെ പറയുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഭയിൽ വരാത്തത് ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെയും അദ്ദേഹം രൂക്ഷ വിമർശനമുയർത്തി. 'എന്തുകൊണ്ടാണ് അദ്ദേഹം ഭീരുവായി മാറുന്നത്. ആരാണ് വിദ്യാർഥികൾക്ക് നേരെ പെല്ലെറ്റ് ഗൺ ഉപയോഗിക്കാൻ പറഞ്ഞതെന്ന് അദ്ദേഹം പറയണം. ഈ ഉത്തരം നമുക്ക് കിട്ടണം. പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ ആഭ്യന്തര മന്ത്രി ഒളിച്ചുവന്ന്  മുറിയിലിരിക്കുകയാണ്. പ്രതിപക്ഷത്തിന്റെ ശബ്ദം കേൾക്കണമെന്ന് രാജ്യസഭാ ചെയർമാനുവരെ പറയേണ്ടിവന്നു. അമിത് ഷാ സഭയിൽ വന്ന് ഇക്കാര്യത്തിൽ വിശദീകരണം നൽകുന്നതുവരെ സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്', കെ.സി. വേണുഗോപാൽ പറഞ്ഞു.

മണ്ഡലപുനഃക്രമീകരണം കൊണ്ടുവരികയാണെങ്കിൽ സർവ്വകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കിരൺ റിജിജു വിളിച്ചപ്പോൾ അറിയിച്ചിട്ടുണ്ട്. അതിന് സർക്കാർ തയ്യാറാകണം. ചുളുവിൽ പാസാക്കിയെടുക്കേണ്ടതല്ല രാജ്യത്തെ ബാധിക്കുന്ന നിയമനിർമാണങ്ങൾ. ഫലപ്രദമായി ചർച്ചകൾ നടക്കണമെന്നും വേണുഗോപാൽ പറഞ്ഞു.

Content Highlights: KC Venugopal criticized Shashi Tharoor for making statements that favor the BJP., The controversy arose following Tharoor's remarks on Gen Z protests and Congress's approach., Venugopal defended Rahul Gandhi's active involvement in student issues and protests., Venugopal also slammed Home Minister Amit Shah over parliament absence and pellet gun use.