പാണക്കാടിന്റെ വെളിച്ചം കേരളം അനുഭവിച്ച സത്യം- കെ.സി.വേണുഗോപാല്‍

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മ്മദിനത്തില്‍ ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രം മലപ്പുറത്തു നടത്തിയ ദേശീയ സെമിനാറില്‍ മുഖ്യാതിഥിയായെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പിയെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സ്വീകരിക്കുന്നു. എ.പി. അനില്‍കുമാര്‍ എംഎല്‍എ, പ്രൊഫ. കെ.എം. ഖാദര്‍ മൊയ്തീന്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ സമീപം
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മ്മദിനത്തില്‍ ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രം മലപ്പുറത്തു നടത്തിയ ദേശീയ സെമിനാറില്‍ മുഖ്യാതിഥിയായെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പിയെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സ്വീകരിക്കുന്നു. എ.പി. അനില്‍കുമാര്‍ എംഎല്‍എ, പ്രൊഫ. കെ.എം. ഖാദര്‍ മൊയ്തീന്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ സമീപം

മലപ്പുറം: പാണക്കാട് കുടുംബം പകരുന്ന വെളിച്ചം കേരളം പലതവണ അനുഭവിച്ച സത്യമാണെന്ന് എഐസിസി ജനറല്‍സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. പറഞ്ഞു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പതിനാറാമത് ഓര്‍മ്മദിനത്തില്‍ ശിഹാബ് തങ്ങള്‍ പഠനഗവേഷണകേന്ദ്രം മലപ്പുറത്തുനടത്തിയ 'ശിഹാബ് തങ്ങളുടെ ദര്‍ശനം' ദേശീയ സെമിനാറില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഹമ്മദലി ശിഹാബ് തങ്ങള്‍ യോജിപ്പിന്റെ സന്ദേശമാണു പഠിപ്പിച്ചത്. ഇപ്പോള്‍ സാദിഖലി തങ്ങളും അതേ പാതയിലാണ്. മുനമ്പം വിഷയത്തിലും അതുകണ്ടു. വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധംതകരുന്ന സാഹചര്യത്തില്‍ വിവിധ രാഷ്ട്രനേതാക്കളുമായി ബന്ധമുണ്ടായിരുന്ന ശിഹാബ് തങ്ങളുണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു. നയതന്ത്ര ബന്ധങ്ങള്‍ കാറ്റില്‍പ്പറത്തിയുള്ള പ്രധാനമന്ത്രിയുടെ സമീപനം രാജ്യത്തിനു തിരിച്ചടിയാണു നല്‍കുന്നതെന്നും കെ.സി. കൂട്ടിച്ചേര്‍ത്തു.

ദേശീയസെമിനാര്‍ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. ഭിന്നാഭിപ്രായമുള്ളപ്പോഴും രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടി ഒന്നിച്ചുനില്‍ക്കണമെന്ന കാഴ്ചപ്പാട് നാലുപതിറ്റാണ്ടു മുന്‍പുതന്നെ പകര്‍ന്നുനല്‍കിയ നേതാവാണ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ബാബരി മസ്ജിദ് പൊളിച്ചതിന്റെ പേരില്‍ ഒരു ക്ഷേത്രംപോലും തകര്‍ക്കപ്പെടരുതെന്ന് കര്‍ശനമായി പറഞ്ഞയാളാണ് അദ്ദേഹം. കോണ്‍ഗ്രസുള്ള മുന്നണിയില്‍നിന്ന് ലീഗ് വിടണമെന്ന് പലരും പറഞ്ഞു. അതിന്റെ പേരില്‍ അദ്ദേഹം വിമര്‍ശിക്കപ്പെട്ടു.

അങ്ങനെയെല്ലാം പറഞ്ഞവര്‍ ഇന്നിപ്പോള്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണമെന്നാണ് ആവശ്യപ്പെടുന്നത്.

ഭിന്നാഭിപ്രായമുള്ളപ്പോള്‍ത്തന്നെ ഇന്ത്യ മുന്നണിയില്‍ മതേതരകക്ഷികള്‍ ഒന്നിക്കുന്നു. ഈ കാഴ്ചപ്പാടു തന്നെയാണ് മസ്ജിദ് പൊളിച്ച പ്രതിസന്ധി ഘട്ടത്തില്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്വീകരിച്ചതെന്നും സാദിഖലി തങ്ങള്‍ ചൂണ്ടിക്കാട്ടി.

മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. മുസ്ലിംലീഗ് ദേശീയ അധ്യക്ഷന്‍ പ്രൊഫ. കെ.എം. ഖാദര്‍ മൊയ്തീന്‍ മുഖ്യപ്രഭാഷണം നടത്തി. ബഷീറലി ശിഹാബ് തങ്ങള്‍, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍, എംഎല്‍എമാരായ കെ.പി.എ. മജീദ്, ടി.വി. ഇബ്രാഹീം, പി. അബ്ദുല്‍ ഹമീദ്, പി.കെ. ബഷീര്‍, പി. ഉബൈദുള്ള, കുറുക്കോളി മൊയ്തീന്‍, ആര്യാടന്‍ ഷൗക്കത്ത്, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്, എ.കെ. സൈനുദ്ദീന്‍, അബ്ദുള്ള വാവൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ശിഹാബ് തങ്ങളുടെ ഓര്‍മ്മയില്‍ വീണ്ടും ഒത്തുചേര്‍ന്നു
മലപ്പുറം: മുസ്ലിം സമുദായത്തിന്റെ ആത്മീയ നേതാവും മുസ്ലിംലീഗ് അമരക്കാരനുമായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തിന്റെ പതിനാറാം ഓര്‍മ്മദിനത്തില്‍ നേതാക്കളും പ്രവര്‍ത്തകരും പാണക്കാട്ടെ മഖ്ബറയില്‍ ഒത്തുചേര്‍ന്നു.

വെള്ളിയാഴ്ച രാവിലെ എട്ടിന് മക്ബറയിലെത്തി പ്രത്യേക പ്രാര്‍ത്ഥന നടത്തി. ലീഗ് സംസ്ഥാനപ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്വംനല്‍കി.

ജില്ലാപ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങള്‍, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, എം.എല്‍.എമാരായ പി. ഉബൈദുല്ല, അഡ്വ. യു.എ. ലത്തീഫ്, പി.കെ. ബഷീര്‍, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ. ഫിറോസ്, ടി.പി. അഷ്റഫലി, അഹമ്മദ് സാജു തുടങ്ങിയവരും പങ്കെടുത്തു.

Content Highlights: ongress leader KC Venugopal lauded the Panakkad family`s contributions to Kerala