നിയമസഭാ കയ്യാങ്കളി കേസ് സര്‍ക്കാര്‍ വൈകിപ്പിക്കുന്നു, അന്വേഷണം ഒച്ചിന്റെ വേഗത്തില്‍ - കെ.സി ജോസഫ്

#സ്വന്തം ലേഖകന്‍
കെ.സി. ജോസഫ് | ഫയല്‍ചിത്രം | ഫോട്ടോ: സാബു സ്‌കറിയ|മാതൃഭൂമി
കെ.സി. ജോസഫ് | ഫയല്‍ചിത്രം | ഫോട്ടോ: സാബു സ്‌കറിയ|മാതൃഭൂമി

കോട്ടയം: നിയമസഭാ കയ്യാങ്കളി കേസ് സര്‍ക്കാര്‍ വൈകിപ്പിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ്. സംഭവം നടന്ന് എട്ട് വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണ നടപടികള്‍ ഒച്ചിന്റെ വേഗത്തിലാണെന്നും കേസ് നീട്ടിക്കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നും കോട്ടയം ഡി.സി.സിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു. 

ചരിത്രത്തിലുണ്ടാകത്ത വിധമാണ് പ്രതിപക്ഷ എംഎല്‍എമാര്‍ അന്ന് സഭയില്‍ പെരുമാറിയത്. മുഖ്യമന്ത്രിയെ കയ്യേറ്റം ചെയ്യാനാണ് വനിതാ എംഎല്‍എമാര്‍ അടക്കം ശ്രമിച്ചത്. ഭരണകക്ഷി എംഎല്‍എമാരായിരുന്ന ശിവദാസന്‍ നായരും എംഎ വാഹിദും മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ കവചമായി നില്‍ക്കുകയാണ് ചെയ്തത്. എന്നാല്‍ കേസ് വഴിതിരിച്ചുവിടാന്‍വേണ്ടി ഇരുവരെയും പ്രതിചേര്‍ക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നതെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും കെ.സി ജോസഫ് പറഞ്ഞു. 

കേസിന്റെ വിചാരണ പൂര്‍ത്തിയായാല്‍ ഇപ്പോഴത്തെ മന്ത്രി അടക്കം ശിക്ഷിക്കപ്പെടും. സോളാര്‍ കേസുപോലെ നിയമസഭാ കയ്യാങ്കളി കേസും സര്‍ക്കാരിന് വിനയാകും. അടിയന്തര പ്രമേയത്തിലൂടെ ചാണ്ടി ഉമ്മന്‍ സഭയില്‍ എത്തിയ ദിവസം തന്നെ ഉമ്മന്‍ ചാണ്ടിയുടെ വിശുദ്ധി സഭയയില്‍ അറിക്കാന്‍ കഴിഞ്ഞുവെന്നും കെസി ജോസഫ് പറഞ്ഞു. പി.സി ജോര്‍ജിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച ചോദ്യത്തോട് എല്ലാ മാലിന്യവും തള്ളാനുള്ള ഇടമല്ല യുഡിഎഫ് എന്നും അദ്ദേഹം മറുപടി നല്‍കി.

Content Highlights: kc joseph comments against state government in niyamasabha conflict case