സർക്കാർ അഭിഭാഷകരാക്കേണ്ടത് അനുഭവസമ്പത്തുള്ളവരെ, പ്രദീപിനെ രാജിവെപ്പിച്ചത് തെറ്റ്- ജോർജ് പൂന്തോട്ടം

#ബി. ബാലഗോപാൽ/മാതൃഭൂമി ന്യൂസ്
ഹൈക്കോടതി | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്
ഹൈക്കോടതി | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

ന്യൂഡൽഹി: ദേവസ്വം സ്‌പെഷ്യൽ പ്ലീഡർ സ്ഥാനത്തുനിന്ന് കെ.ബി. പ്രദീപിനെ രാജിവെപ്പിച്ച സർക്കാർനടപടിയിൽ ഹൈക്കോടതി അഭിഭാഷകർക്കിടയിൽ അതൃപ്‌തി. സ്വർണക്കൊള്ള കേസിലെ പ്രതിയുടെ സ്ഥാപനത്തിനുവേണ്ടി ഹാജരായെന്ന കാരണം ചൂണ്ടിക്കാട്ടി കെ.ബി. പ്രദീപിനെ ദേവസ്വം സ്‌പെഷ്യൽ പ്ലീഡർ സ്ഥാനത്തുനിന്ന് മാറ്റാനുള്ള തീരുമാനം തെറ്റെന്നാണ് പ്രമുഖ അഭിഭാഷകൻ ജോർജ് പൂന്തോട്ടം അഭിപ്രായപ്പെട്ടു. കേസും, അനുഭവസമ്പത്തുമുള്ളവരാണ് സുപ്രധാനമായ കേസുകൾ കൈകാര്യംചെയ്യുന്ന സർക്കാർ അഭിഭാഷകർ ആകേണ്ടതെന്നും മാതൃഭൂമി ഓൺലൈനിനോട് അദ്ദേഹം വ്യക്തമാക്കി.

മോദിക്ക് അനുകൂലമായ വാഴ്ത്തുപാട്ട്, രാഹുൽ ഗാന്ധിക്ക് എതിരായ വിമർശനം തുടങ്ങിയവ നടത്തുന്നവരെ സർക്കാർ അഭിഭാഷകരായി കോൺഗ്രസ് സർക്കാർ നിയമിക്കണമോയെന്നത് രാഷ്ട്രീയമായി സർക്കാർ എടുക്കേണ്ട തീരുമാനമാണ്. അതിൽ തനിക്ക് അഭിപ്രായമില്ല. എന്നാൽ, മുമ്പ് ഹാജരായിരുന്ന കേസുകളുടെ പേരിൽ സർക്കാർ അഭിഭാഷക സ്ഥാനത്തുനിന്ന് നീക്കിയതിനോട് യോജിക്കുന്നില്ലെന്ന് ജോർജ് പൂന്തോട്ടം അഭിപ്രായപ്പെട്ടു. മുമ്പ് ഹാജരായിരുന്ന കേസുകൾ കോടതിയുടെ പരിഗണനയ്ക്ക് വരുമ്പോൾ അതിൽ ഹാജരാകാതിരിക്കാൻ അഭിഭാഷകർക്കും കേസിൽ വാദം കേൾക്കാതിരിക്കാൻ ജഡ്ജിമാർക്കും വ്യക്തിപരമായ അവകാശം ഉണ്ടെന്നും പൂന്തോട്ടം പറഞ്ഞു. അങ്ങനെ പ്രവർത്തിക്കാത്ത സാഹചര്യത്തിൽ മാത്രമേ വിമർശനം ഉണ്ടാകേണ്ടതുള്ളൂ. മാധ്യമങ്ങൾ സൃഷ്ടിക്കുന്ന അജണ്ടയ്ക്കനുസരിച്ച് സർക്കാർ അഭിഭാഷക നിയമനം നടത്തരുതെന്നും ജോർജ് പൂന്തോട്ടം പറഞ്ഞു.

പ്രദീപുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രിയും സർക്കാരും കുറച്ചുകൂടി ഗൗരവത്തോടെ സമീപിക്കണമായിരുന്നുവെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മറ്റൊരു സീനിയർ അഭിഭാഷകൻ അഭിപ്രായപ്പെട്ടു. മൂന്ന് പതിറ്റാണ്ടിലധികം കാലം കേരളത്തിലെ പ്രശസ്തമായ പല ക്ഷേത്രങ്ങളുടെയും കേസുകളിൽ ഹൈക്കോടതിയിൽ ഹാജരായിട്ടുള്ള അഭിഭാഷകനാണ് പ്രദീപ്. ശബരിമല മേൽശാന്തി കേസിൽ കേരള ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യുറി ആയിരുന്നു. പതിമൂന്ന് വർഷമായി കൊട്ടിയൂർ ക്ഷേത്രത്തിലെ അഡ്വക്കേറ്റ് കമ്മീഷണർ ആണ്. പഴഞ്ചിറ ദേവി ക്ഷേത്രം, നീലകേശി ക്ഷേത്രം ഉൾപ്പടെ ഒരു ഡസനോളം ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട കേസുകളിലും ഹൈക്കോടതി നിയമിച്ച അഡ്വക്കേറ്റ് കമ്മീഷണർ ആയിരുന്നു. കേരളത്തിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഇത്ര അനുഭവ സമ്പത്തുള്ള അപൂർവ്വം അഭിഭാഷകരിൽ ഒരാളാണ് പ്രദീപെന്നും സീനിയർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

മന്ത്രിസഭ ചർച്ചചെയ്ത് നിയമന തീരുമാനം എടുത്തശേഷം സർക്കാർ അതിൽനിന്ന് പിന്മാറുന്ന നടപടിയിൽ ചില സർക്കാർ അഭിഭാഷകർക്കും അതൃപ്തി ഉണ്ട്. എല്ലാ വശങ്ങളും പരിശോധിച്ചശേഷമാണ് മന്ത്രിസഭ തീരുമാനമെടുക്കുന്നത്. അതിൽനിന്ന് അടിക്കടി പിന്മാറിയാൽ സർക്കാർ ദുർബലമാണെന്ന പ്രതീതിയുണ്ടാകുമെന്നാണ് ഈ അഭിഭാഷകരുടെ നിലപാട്. ഇക്കാര്യം മുഖ്യമന്ത്രി ഉളപ്പടെയുള്ളവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും സർക്കാർ അഭിഭാഷകരുമായി ബന്ധപെട്ട കേന്ദ്രങ്ങൾ പറഞ്ഞു. എന്നാൽ, ഇതേക്കുറിച്ച് പ്രതികരിക്കാൻ  നിയമവകുപ്പുമായി ബന്ധപ്പെട്ട സർക്കാർ വൃത്തങ്ങൾ തയ്യാ റായില്ല.

Content Highlights: K.B. Pradeep removed from Devaswom Special Pleader post following controversy., Legal experts argue that previous case history shouldn't disqualify government lawyers., Pradeep has over 30 years of experience with Kerala temple cases., Government's decision-making process faces criticism from within the legal community.