ആവശ്യമുള്ളവർക്ക് കൈമുറിച്ച് ചോര നൽകാം, രാജി ആരും പ്രതീക്ഷിക്കേണ്ടാ; വിശദീകരണവുമായി ഗണേഷ് കുമാർ

തിരുവനന്തപുരം: തനിക്കുനേരേ ഉയർന്ന ആരോപണങ്ങൾ മന്ത്രിസഭായോഗത്തിലും പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ടും വിശദീകരിച്ച് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ.
ചൊവ്വാഴ്ച രാവിലെ മന്ത്രിസഭായോഗം തുടങ്ങിയശേഷമാണ് ഗണേഷ്‌കുമാർ എത്തിയത്. നിയമപരമായി താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കുടുംബപ്രശ്‌നങ്ങളാണ് നിലനിന്നിരുന്നതെന്നും അവയെല്ലാം പറഞ്ഞ് അവസാനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇനി താനുമായി ബന്ധപ്പെട്ട ആരോപണങ്ങളൊന്നുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിമാർ ആരും ഇതേക്കുറിച്ച് പ്രതികരിച്ചില്ല. കൂടുതൽ ചർച്ചയിലേക്ക് കടക്കുംമുൻപ് മുഖ്യമന്ത്രി അടുത്ത അജൻഡയിലേക്ക് കടക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയും അദ്ദേഹം തന്റെ ഭാഗം വിശദീകരിച്ചു. കുടുംബപ്രശ്‌നങ്ങളായിരുന്നുവെന്നും എല്ലാം അവസാനിപ്പിച്ചുവെന്നും വിശദീകരിച്ചുവെന്നാണ് സൂചന. ഗണേഷ്‌കുമാറിനുനേരേയുള്ള ആരോപണങ്ങൾ സർക്കാരിനെത്തന്നെ വെട്ടിലാക്കിയ സാഹചര്യത്തിൽ മന്ത്രിസഭായോഗത്തിനു മുന്നോടിയായി പ്രശ്‌നങ്ങളെല്ലാം ഒത്തുതീർപ്പാക്കണമെന്ന് മുഖ്യമന്ത്രിതന്നെ ആവശ്യപ്പെട്ടിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനം വൈകാതെ ഉണ്ടായേക്കുമെന്നതിനാൽ പ്രത്യേക നിർദേശപ്രകാരം ചൊവ്വാഴ്ചത്തെ മന്ത്രിസഭായോഗത്തിൽ മന്ത്രിമാരെല്ലാം നേരിട്ട് പങ്കെടുത്തിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം വീണ്ടും മന്ത്രിസഭ ചേരും. എല്ലാ അജൻഡകളും അന്നു തീർപ്പാക്കാനാണ് ആലോചന.
തന്റെ രാജി പ്രതീക്ഷിക്കേണ്ടാ
തിരുവനന്തപുരം: തന്റെ ചോര കുടിക്കാൻ ചിലർ കാത്തിരിക്കുകയാണെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ. ചോര ആവശ്യമുള്ളവർക്ക് കൈമുറിച്ച് ചോരനൽകാം. രാജി ആരും പ്രതീക്ഷിക്കേണ്ടാ. രണ്ടു ദിവസമായി മാധ്യമങ്ങൾ ദ്രോഹിക്കുകയാണ്. -മന്ത്രി പറഞ്ഞു.
ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെയും പേരെടുത്ത് പറയാതെ ഗണേഷ് കുമാർ വിമർശിച്ചു. കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുമെന്ന് ചിലർ പറയുന്നത് നടക്കാത്ത കാര്യമാണെന്ന് കെ.എസ്.ആർ.ടി.സി.യുടെ മെഡിക്കൽ സെന്റർ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
Content Highlights: Minister KB Ganesh Kumar clarifies allegations to CM Pinarayi Vijayan., Categorical denial of resignation rumors., Claims allegations were based on personal family matters now resolved., Government focus shifts to upcoming legislative agenda.