ഗണേഷ്കുമാർ പുറത്തേക്ക്? രാജിവെക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടേക്കും, സംരക്ഷിക്കേണ്ടെന്ന് നേതാക്കളും

തിരുവനന്തപുരം: ഇടതുപക്ഷത്തെ പ്രതിസന്ധിയിലാക്കി മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരേ ഭാര്യ ഉന്നയിച്ച ആരോപണത്തിൽ കടുത്ത നിലപാടുമായി ഇടതുമുന്നണി. മുതിർന്ന നേതാക്കളുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തി. ഭാര്യ പരസ്യമായി ഉന്നയിച്ച പരാതിയിൽ ന്യായീകരണത്തിനും സംരക്ഷണത്തിനും നിൽക്കാതെ ഗണേഷിനെ മാറ്റിനിർത്തുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് നേതാക്കൾ അറിയിച്ചത്. മന്ത്രിസ്ഥാനം രാജിവെക്കാൻ ഗണേഷിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.
സംഭവങ്ങൾ മുഖ്യമന്ത്രിയുടെ മകളെ അറിയിച്ചെന്ന് ഗണേഷിന്റെ ഭാര്യ പറഞ്ഞതും സ്ഥിതി കൂടുതൽ ഗൗരവമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച മന്ത്രിസഭായോഗം ചേരുന്നുണ്ട്. അതിൽ ഗണേഷ് കുമാർ പങ്കെടുക്കുന്ന കാര്യവും അനിശ്ചിതത്വത്തിലാണ്.
മന്ത്രിയെ മാറ്റിനിർത്തുന്നതാണ് നല്ലതെന്ന നിലപാടാണ് സി.പി.ഐ.ക്ക്. ചൊവ്വാഴ്ച തീരുമാനമുണ്ടാകുമെന്നാണ് ഇതേക്കുറിച്ച് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്. രണ്ടു പ്രശ്നങ്ങളാണ് സർക്കാരിനും മുന്നണിക്കും തലവേദനയായിമാറുന്നത്. ഗണേഷ് കുമാറിന്റെ പേഴ്സണൽ സ്റ്റാഫ് ഭാര്യയെ ബലമായി പിടിച്ചുനിർത്തുകയും ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിക്കുകയും ചെയ്തു.
രക്ഷിക്കണമെന്ന അപേക്ഷയുമായി അടിയന്തരസഹായ നമ്പറിൽ മന്ത്രിയുടെ ഭാര്യ വിളിച്ചതിനെത്തുടർന്നെത്തിയ പോലീസ് സംഘം ഒന്നും ചോദിക്കാതെ മടങ്ങിപ്പോയി. ഇതു രണ്ടും മന്ത്രിപദം ദുരുപയോഗം ചെയ്തതായും വീടിനുള്ളിൽ ഒരു സ്ത്രീ അതിക്രമത്തിനിരയായി എന്നതുമായുള്ള വാദം ബലപ്പെടുത്തും. കേസുവന്നാൽ, ഗണേഷ് നിർബന്ധമായും രാജിവെക്കേണ്ടിവരും.
രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ പരാതിക്കാരി ആരാണെന്ന് അറിയുന്നതിനുമുൻപും പരാതി ലഭിക്കുന്നതിനുമുൻപും പ്രത്യേക അന്വേഷണസംഘത്തെ സർക്കാർ നിയോഗിച്ചിരുന്നു. രാഹുലിനെ പുറത്താക്കിയാണ് കോൺഗ്രസ് പിടിച്ചുനിന്നത്.
കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു- ഭാര്യ
കൊല്ലം: മന്ത്രി ഗണേഷ് കുമാറിനെ കാണാൻപാടില്ലാത്ത സാഹചര്യത്തിൽ കണ്ടെന്നും എല്ലാ തെളിവുകളും തന്റെ ൈകയിലുണ്ടെന്നും ഭാര്യ ബിന്ദു മേനോൻ. ''വീട്ടിൽവെച്ച് മോശം അനുഭവമുണ്ടായി. മന്ത്രിയുടെ സഹായികൾ ചേർന്ന് തടഞ്ഞുവെച്ചു. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി ഗണേഷ് കുമാറായിരിക്കും'' -ബിന്ദു മേനോൻ പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് മന്ത്രിയുടെ വാളകത്തെ കുടുംബവീട്ടിലാണ് സംഭവങ്ങളുണ്ടായത്. മന്ത്രിയെ അറിയിക്കാതെ വീട്ടിലെത്തിയ താൻ കിടപ്പുമുറിയിൽ കണ്ടത് പറയാൻപറ്റില്ലെന്നും അതിന്റെ ചിത്രങ്ങൾ തന്റെ ൈകയിലുണ്ടെന്നും ബിന്ദു മേനോൻ പറഞ്ഞു. സംഭവം നടക്കുമ്പോൾ കൺട്രോൾ റൂമിൽ വിളിച്ചതനുസരിച്ച് പോലീസ് വീട്ടിലെത്തിയെങ്കിലും സഹായിക്കാതെ മടങ്ങി -അവർ പറഞ്ഞു.
അയ്യായിരം പ്രണയങ്ങൾ
എനിക്ക് ഒന്നല്ല, അയ്യായിരം പ്രണയങ്ങളുണ്ടാകും. അത് വ്യക്തിപരമായ കാര്യമാണ്. അതിൽ ഇടപെടേണ്ട
-ഗണേഷ് കുമാർ, മന്ത്രി
Content Highlights: Minister K.B. Ganesh Kumar faces pressure to resign following domestic abuse allegations by his wife, Bindu Menon., LDF leadership and CPI have expressed that stepping down is the best course of action to maintain government integrity., Allegations include misuse of official position and physical intimidation by personal staff., Police inaction during the incident has further fueled public and political scrutiny., The Chief Minister is expected to take a final decision regarding the minister's position before the next cabinet meeting.