വിവാദങ്ങളുടെ ‘പത്മ’വ്യൂഹത്തിൽ ഗണേഷ്‌കുമാർ; പത്തനാപുരത്ത് പ്രതിഷേധം കനക്കുന്നു

#ന്യൂസ് ഡെസ്ക്
ഗണേഷ് കുമാർ
ഗണേഷ് കുമാർ

പത്തനാപുരം: എൻ.എസ്.എസ്. പത്തനാപുരം താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾക്കു പിന്നാലെ ഭാര്യയുടെ വെളിപ്പെടുത്തലുംകൂടിയായതോടെ മന്ത്രി കെ.ബി. ഗണേഷ്‌കുമാർ വിവാദങ്ങളുടെ ‘പത്മ’വ്യൂഹത്തിൽ.

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയ സന്ദർഭത്തിൽ പത്തനാപുരത്തെ പിടിച്ചുലയ്ക്കുകയാണ് വിവാദങ്ങൾ. മന്ത്രിയെ ലക്ഷ്യംവെച്ചുള്ള ആരോപണങ്ങളും പ്രതിഷേധങ്ങളും തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് എൽ.ഡി.എഫ്.നേതൃത്വം. എൻ.എസ്.എസ്. താലൂക്ക് യൂണിയൻ ആസ്ഥാനത്ത് നിർമാണം പൂർത്തിയായ പത്മ കഫേയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണം യൂണിയൻ പ്രസിഡന്റുകൂടിയായ ഗണേഷ്‌കുമാറിനുണ്ടാക്കിയ പ്രതിഛായ നഷ്ടം ചില്ലറയല്ല. നാലുകോടിയോളം രൂപയുടെ ചെലവ് കണക്ക് ഗണേഷ്‌കുമാറിന്റെ സാന്നിധ്യത്തിൽ നടന്ന യൂണിയൻ യോഗത്തിൽ അവതരിപ്പിച്ചപ്പോൾ ഭൂരിപക്ഷം അംഗങ്ങളും പ്രതിഷേധമുയർത്തി. വാക്കേറ്റവും ബഹളവും നടന്ന യോഗത്തിനുശേഷം യൂണിയൻ സെക്രട്ടറി സ്വന്തംതാത്പര്യപ്രകാരം സ്ഥലംമാറ്റം വാങ്ങിപ്പോയതോടെ വിവാദം കരയോഗങ്ങൾ ഏറ്റുപിടിച്ചു.

ഇതിനിടെ യൂണിയൻ ഭരണസമിതി അംഗം ആർ. വേണുകുമാറിനെ ക്ഷേത്രമുറ്റത്തുവെച്ച് മർദിച്ച സംഭവം പ്രശ്നം രൂക്ഷമാക്കി. പ്രതിഷേധവുമായി കരയോഗാംഗങ്ങൾ തെരുവിലിറങ്ങുകയും യൂണിയൻ അംഗങ്ങളിൽ ചിലർ എൻ.എസ്.എസ്.നേതൃത്വത്തിന് രാജി സമർപ്പിക്കുകയും ചെയ്തതോടെ കടുത്ത നടപടിയുണ്ടാകുമെന്ന നിലയിലായി കാര്യങ്ങൾ.

ഇതിനിടെയാണ് ഗണേഷ്‌കുമാറിനെ കാണാൻപാടില്ലാത്ത സാഹചര്യത്തിൽ കണ്ടെന്ന ഭാര്യയുടെ വെളിപ്പെടുത്തലുണ്ടായത്. വീട്ടിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയുടെ പരസ്യപ്രതികരണംകൂടിയായതോടെ ഗണേഷ്‌കുമാർ ശരിക്കും പ്രതിരോധത്തിലായി. പ്രതിപക്ഷം അവസരം മുതലെടുത്തതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവും ശക്തമായി.

തിങ്കളാഴ്ച വൈകീട്ട് ഗണേഷിന്റെ പത്തനാപുരത്തെ വസതിയിലേക്ക് ബി.ജെ.പി.പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി. പ്രകടനമായെത്തിയ പ്രവർത്തകരെ പഞ്ചായത്ത് ഓഫീസിനു സമീപം പോലീസ് തടഞ്ഞതോടെ വാക്കേറ്റം ഉന്തിലും തള്ളിലും കലാശിച്ചു. നേതാക്കളായ എ.ആർ. അരുൺ, ആലഞ്ചേരി ജയചന്ദ്രൻ, സുഭാഷ് പട്ടാഴി, ജി. ബാഹുലേയൻ, നിതീഷ് പിടവൂർ, ഗിരീഷ് ഇളമ്പൽ, ജിതിൻലാൽ തുടങ്ങിയവർ പങ്കെടുത്തു.

തലവൂരിൽ മന്ത്രി ഗണേഷ്‌കുമാറിനുനേരേ കരിങ്കൊടി പ്രകടനവുമുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കോൺഗ്രസ് പ്രവർത്തകരെയും രണ്ട് ബി.ജെ.പി. പ്രവർത്തകരെയും പോലീസ് പിടികൂടി. ചൊവ്വാഴ്ച 10-ന് മന്ത്രിയുടെ പത്തനാപുരത്തെ വസതിയിലേക്ക് യു.ഡി.എഫ്. മാർച്ച് നടത്തും.

Content Highlights: Financial irregularities involving Padma Cafe at NSS Pathanapuram Union., Internal dissent and resignations within the NSS Union committee., Physical assault allegations involving a committee member., Personal controversy involving the Minister's spouse adding to political pressure., Rising protests from UDF and BJP demanding the Minister's resignation.