'ഏകാധിപതികൾ എവിടെയായാലും തകർന്നടിയും'; എൻഎസ്എസ് നേതൃത്വത്തിനെതിരെ ഗണേഷ് കുമാർ

#ന്യൂസ് ഡെസ്ക്
ഗണേഷ് കുമാർ | ചിത്രം: സി.ആർ. ഗിരീഷ് കുമാർ, മാതൃഭൂമി | ജി. സുകുമാരൻ നായർ | ചിത്രം: ഇ.വി. രാഗേഷ്, മാതൃഭൂമി
ഗണേഷ് കുമാർ | ചിത്രം: സി.ആർ. ഗിരീഷ് കുമാർ, മാതൃഭൂമി | ജി. സുകുമാരൻ നായർ | ചിത്രം: ഇ.വി. രാഗേഷ്, മാതൃഭൂമി

കൊട്ടാരക്കര: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരടക്കമുള്ളവർക്കെതിരെ പരോക്ഷ വിമർശനങ്ങളുമായി മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ. എൻഎസ്എസിൽ ഏകാധിപത്യ പ്രവണതകൾ പാടില്ലെന്നും, ലോകചരിത്രം പരിശോധിച്ചാൽ ഏകാധിപതികൾ എവിടെയായാലും തകർന്നടിഞ്ഞിട്ടുള്ള കാഴ്ചയാണ് കാണാൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. 

എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് തന്നെ പുറത്താക്കിയ നടപടിയിൽ നീതിയുണ്ടോ എന്ന് പരിശോധിക്കേണ്ടത് സമൂഹമാണെന്നും അദ്ദേഹം പറഞ്ഞു. മന്നത്തു പത്മനാഭന്റെ സമാധി മന്ദിരം അദ്ദേഹത്തെ ആദരിക്കുന്ന എല്ലാവർക്കുമായി തുറന്നു നൽകണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. എല്ലാ ക്ഷേത്രങ്ങളിലും എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം നൽകണം എന്ന് പറയുന്നതുപോലെ, മന്നത്ത് ആചാര്യനെ ബഹുമാനിക്കുന്ന ഏവർക്കും സമാധി മന്ദിരത്തിൽ വന്ദിക്കാനുള്ള അവസരം നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി വി.ഡി. സതീശൻ എൻഎസ്എസിനെ അധിക്ഷേപിച്ചുവെന്ന ആരോപണങ്ങളും കെ.ബി. ഗണേഷ് കുമാർ തള്ളി. സതീശൻ തന്റെ സുഹൃത്താണെന്നും, അദ്ദേഹം ഒരിക്കലും സമുദായത്തെ അധിക്ഷേപിക്കുകയോ മോശമായി സംസാരിക്കുകയോ ചെയ്യുന്നത് താൻ കേട്ടിട്ടില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. അദ്ദേഹം എന്താണ് പ്ലാൻ ചെയ്തതെന്ന് തനിക്കറിയില്ല. അദ്ദേഹം അദ്ദേഹം ഒരു കേന്ദ്രമന്ത്രിയാണെന്ന പരിഗണന നൽകണം. എൻഎസ്എസിൽ ഇപ്പോൾ വേണ്ടത് ഏകാധിപത്യ പ്രവണതകളല്ലെന്നും, മറിച്ച് കുറച്ചുകൂടി സ്നേഹവും മര്യാദയുമാണെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

ആശുപത്രികളിലെ പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ഗണേഷ് കുമാർ തന്റെ നിലപാട് വ്യക്തമാക്കി. പാവപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമാകുന്ന പൊതിച്ചോർ വിതരണം ഏത് പാർട്ടി നടത്തിയാലും അത് തടയുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. വർഷങ്ങളായി, കോവിഡ് കാലത്തിന് മുൻപ് തന്നെ ഡിവൈഎഫ്ഐ പ്രവർത്തകർ താലൂക്ക് ആശുപത്രികളിൽ കൃത്യമായി ഭക്ഷണം എത്തിക്കുന്നുണ്ട്. ജോലിക്ക് പോകാൻ കഴിയാത്ത പാവപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇതൊരു വലിയ ആശ്വാസമാണെന്നും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി.

പൊതിച്ചോർ വിതരണം എന്നത് ഒരു ശുദ്ധമായ ചാരിറ്റബിൾ പ്രവർത്തനമാണെന്നും അതിനെ അടിച്ചമർത്താൻ ശ്രമിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനെ ഒരു രാഷ്ട്രീയ നീക്കമായി കാണുന്നതിന് പകരം അർഹിക്കുന്ന പ്രാധാന്യത്തോടെ അംഗീകരിക്കുകയാണ് വേണ്ടത്. ആരോഗ്യരംഗത്ത് പരിഹരിക്കേണ്ട യഥാർത്ഥ പ്രശ്നങ്ങൾ മരുന്നുകളുടെ ലഭ്യതയും ആശുപത്രി സൗകര്യങ്ങളുമാണെന്നും, ഇത്തരം കാര്യങ്ങളിലാണ് കൂടുതൽ ശ്രദ്ധ വേണ്ടതെന്നും ഗണേഷ് കുമാർ പറഞ്ഞു.

Content Highlights: KB Ganesh Kumar slams NSS leadership, calling out dictatorial trends and demanding public access to Mannathu Padmanabhan's Samadhi.