കൊറോണക്കാലത്തെ പഠനം, കുചേലവൃത്തത്തില്‍ അരങ്ങേറ്റം

കുട്ടിക്കാലത്തുതന്നെ ഉള്ളില്‍ സംഗീതം തുടിക്കാനും അത് കഥകളി സംഗീതത്തിലേയ്ക്ക് വഴിമാറാനും കാരണം ഒരാളാണ്. അമ്മമ്മ വിശാലാക്ഷി കോവിലമ്മ. കഥകളിപ്പദങ്ങള്‍ മുദുവായി പാടി ആസ്വദിച്ചുകൊണ്ടായിരുന്നു അവര്‍ വീട്ടുജോലികളെല്ലാം ചെയ്തിരുന്നത്. ഇന്നത്തെപ്പോലെ ടിവി സുലഭമല്ലാത്ത ആ കാലത്ത് ആകാശവാണിയിലൂടെ ആഴ്ചയില്‍ ഒരിക്കല്‍ പ്രക്ഷേപണം ചെയ്തിരുന്ന കഥകളിപദങ്ങള്‍ അവര്‍ എന്നെയും കേള്‍പ്പിക്കും. അമ്മയുടെ അച്ഛന്റെ ഇളയ സഹോദരന്‍ ഭരതനുണ്ണി വെള്ളോടിയ്ക്ക് കടുത്ത കഥകളി കമ്പമുണ്ടായിരുന്നു. അദ്ദേഹം ജിത ഹരെയും ധീരധീര വീരഹീരയും മറിമാന്‍ കണ്ണിയുമെല്ലാം ഹൃദ്യമായി പാടുന്നത് എന്നെ ഏറെ സ്വാധീനിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ 12, 2025ന് നാല് വര്‍ഷത്തെ കഥകളി സംഗീത പഠനത്തിനുശേഷം പാതായ്ക്കര വിഷ്ണു ക്ഷേത്രത്തില്‍ അരങ്ങേറ്റം നടത്തുമ്പോള്‍ മനസ്സില്‍ ഈ മുഖങ്ങളെല്ലാം ഒരിക്കല്‍ക്കൂടി തെളിഞ്ഞുവന്നു. വൈകീട്ട് ഏഴു മണിക്ക് കുചേലവൃത്തം കഥകളി അനാവൃതമാവുമ്പോള്‍ ഞാനും പ്രിയങ്കരനായ ഗുരുനാഥന്‍ കോട്ടക്കല്‍ നാരായണനും ഒരു പാട് സന്തോഷത്തിലായിരുന്നു. നിരവധി ശിഷ്യന്‍മാരും ശിഷ്യന്‍മാരുമുള്ള ഗുരുനാഥന് എന്റെ കഥകളി സംഗീത കമ്പത്തോട് പ്രത്യേക താല്പര്യമുണ്ടായിരുന്നു.
എന്റെ കര്‍മ്മമണ്ഡലം ഗള്‍ഫിലാണ്. കൊറോണക്കാലത്താണ് ഞാന്‍ പാട്ട് പഠിക്കുവാനുള്ള ആഗ്രഹം നാരായണേട്ടനെ അറിയിക്കുന്നത്. 35 വര്‍ഷമായി കോട്ടക്കല്‍ നാട്ട്യസംഘത്തിന്റെ കഥകളി സംഗീത വിഭാഗത്തിന്റെ തലപ്പത്ത് ഇരിക്കുന്ന അദ്ദേഹം എന്നെ പാട്ട് പഠിപ്പിക്കുവാന്‍ നിറഞ്ഞ മനസോടെ സമ്മതിച്ചു. ഓണ്‍ലൈനായിട്ടായിരുന്നു ക്ലാസുകള്‍ ഏറെയും. ഏതാനും കോണ്‍ടാക്ട് ക്ലാസ്സുകളും ഉണ്ടായിരുന്നു.
ഓണ്‍ലൈനില്‍ പരിമിതിയുള്ള ഒരു കാര്യമുണ്ട്, ചൊല്ലിയാട്ടം. ആശാന്‍ അതിനും ഒരു പോംവഴി കണ്ടു. കളി പന്ത്രണ്ടാം തീയ്യതി ആണെങ്കില്‍ 9, 10, 11 ദിവസങ്ങളില്‍ കളിക്ക് പങ്കെടുക്കുന്ന എല്ലാ വേഷ, വാദ്യ, സംഗീത കലാകാരന്മാരെയും പങ്കെടുപ്പിച്ച് സമ്പൂര്‍ണമായ ചൊല്ലിയാട്ട ക്ലാസ് അദ്ദേഹം സംഘടിപ്പിച്ചു.
കാരുണ്യാ നിധേ കാന്താ.... തൊട്ട് പുഷ്‌ക്കര വിലോചന... വരെ രണ്ടേമുക്കാല്‍ മണിക്കൂര്‍ കൊണ്ട് ചൊല്ലിയാടിക്കേണ്ട പദങ്ങള്‍ മുഴുവന്‍ എന്നെ കൊണ്ട് പാടിപ്പിച്ചായിരുന്നു മൂന്നു ദിവസത്തെ ചൊല്ലിയാട്ട കളരി. ശ്രമകരമായിരുന്നു തുടര്‍ച്ചയായുള്ള ഈ കളരി. മുദ്രകള്‍ക്കും കലാശങ്ങള്‍ക്കും അനുസരിച്ച് പാടാന്‍ ആശാന്‍ ശിഷ്യനെ മൂന്നു ദിവസം കൊണ്ട് പാകപ്പെടുത്തി. നാലാം ദിവസം കളിക്കു പാടുമ്പോള്‍ ഈ കഠിന അഭ്യാസത്തിന്റെ വെല്ലുവിളി നേരിടേണ്ടി വന്നതില്‍ അത്ഭുതപ്പെടുവാനില്ല. താങ്ങാനാവുന്നതിന്റെ പല മടങ്ങ് ഭാരം എന്റെ കണ്ഠത്തിന് കൊടുത്തത് ശബ്ദം അല്പം അടയ്ക്കുവാന്‍ ഇടയാക്കി. കളി അത്യന്തം ഭംഗിയായി എന്ന് പറയാതിരിക്കാനാവില്ല. കലാമണ്ഡലം കഥകളി വിഭാഗം ഡീന്‍ ആയ രാജ് ആനന്ദിന്റെ സാന്നിദ്ധ്യം അതിന് മാറ്റുകൂട്ടി.
കുചേലനായി സി.എം. ഉണ്ണികൃഷ്ണനും കുചേലപത്‌നിയായി രമ്യ ഉണ്ണികൃഷ്ണനും ശ്രീകൃഷ്ണനായി കോട്ടക്കല്‍ ഹരികുമാറും രുഗ്മിണിയായി മിഥുനും പിന്നെ കലാമണ്ഡലം അരുണ്‍ കൃഷ്ണനും പാട്ടില്‍ ശ്രീകുമാറും അഭിജിത് വാരിയരും കോട്ടക്കല്‍ വിഷ്ണു നാരായണനും കലാനിലയം കൃഷ്ണകുമാര്‍ (ചെണ്ട), കലാമണ്ഡലം രഞ്ജിത്ത് (മദ്ദളം), കലാനിലയം പത്മനാഭന്‍ (ചുട്ടി), സേതു (അണിയറ), സന്തോഷ്, രംഗശ്രീ ഞാളാകുര്‍ശ്ശി (ചമയം) എന്നിവരുമുണ്ടായിരുന്നു അരങ്ങേറ്റത്തിന് മാറ്റുകൂട്ടാന്‍.
അമ്മ വിജയലക്ഷ്മി, അമ്മയുടെ സഹോദരന്‍ ഹരിമാമ, സഹോദരി അമ്മു, ഭാര്യ സപ്ന മക്കള്‍ ആര്യ, ഭദ്ര എന്നിവരുടെയെല്ലാം അകമഴിഞ്ഞ അനുഗ്രഹവും പ്രോത്സാഹനവും എനിക്ക് ഈ സംഗീതയാത്രയില്‍ വേണ്ടത്ര കിട്ടിയിട്ടുണ്ട്.
(ദുബായില്‍ പ്രവര്‍ത്തിക്കുന്ന LGT പ്രൈവറ്റ് ബാങ്കിലെ കംപ്ലയന്‍സ് ആന്റ് റിസ്‌ക് വിഭാഗത്തിന്റെ തലവനാണ് ലേഖകന്‍. ഡൂഷേ ബാങ്ക്, ബാര്‍ക്ലേയ്‌സ്, എമിറേറ്റ്‌സ് NBD , സിറ്റി ബാങ്ക്, മെരില്‍ ലിഞ്ച് എന്നീ ബാങ്കിങ് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.)
Content Highlights: Kathakali Kathakali music Music debut Online learning Gulf banker Indian classical music Kerala