മഹാകവി രവീന്ദ്രനാഥ ടാഗോറിന് ശ്രദ്ധാഞ്ജലിയായി കഥകളി; ജീവിതത്തിന്റെ അകംപൊരുളുകൾ പറഞ്ഞ് 'മോക്ഷജ്ഞാനം'

പാലക്കാട്: ജീവിതത്തിന്റെ അകം പൊരുളുകൾ തേടിയ മഹാകവിക്കുള്ള ആദരവായി കഥകളി അവതരണം. ജീവിതത്തിലെ നന്മകളറിയാൻ പഠിപ്പിച്ച സ്വാമി ചിന്മയാനന്ദന്റെ ഓർമ്മകൾ തുടിക്കുന്ന പാലക്കാട് ചിന്മയ തപോവനത്തിൽ ബുധനാഴ്ച വൈകുന്നേരം നടന്ന കളിയരങ്ങിന് വ്യത്യസ്തതകൾ ചമയങ്ങളൊരുക്കി. ടാഗോറിന്റെ “ഗീതാഞ്ജലി”യിലെ അമ്പതാം ഗീതം മോക്ഷജ്ഞാനമെന്ന പേരിൽ അരങ്ങിലെത്തിയപ്പോൾ അത് ചരമവാർഷിക ദിനത്തിൽ മഹാകവിക്കുള്ള ശ്രദ്ധാഞ്ജലിയായി.
“സ്വർഗ്ഗീയ ദീപ്തിയിലായിരം വർണ്ണങ്ങൾ
സ്വപ്നം വിടർത്തിവിളങ്ങിടുമ്പോൾ
സർവ്വം വെടിഞ്ഞവൾ യാചകിയായ്
സർവ്വേശ പാദങ്ങൾ പുല്കാനൊരുങ്ങി” എന്ന ശ്ലോകത്തിൽ ആട്ടക്കഥയുടെ സാരമത്രയും പറഞ്ഞുതുടങ്ങിയ അവതരണത്തിൽ കവിതയിലെ “യാചകി” എന്ന കഥാപാത്രത്തിനൊപ്പം സ്വന്തം മനോവ്യാപരങ്ങൾ ആത്മസഖിയായി അല്ലെങ്കിൽ ഒരു നിഴൽ പോലെ കൂടെയെത്തി. സർവ്വജ്ഞ രാജാവ് ചാരെ എത്തിയപ്പോഴും എല്ലാം സമർപ്പിക്കാൻ സൽബുദ്ധി എന്നിലുദിച്ചില്ലല്ലോ.... എന്ന സാധാരണക്കാരുടെ മനസ്സിലെ വ്യാപാരം യാചകിയായി വേഷമിട്ട ഗാനമുരളിയുടെ അവതരണത്തിൽ ഭദ്രമായി. ആത്മസഖിയായി ആവന്തികയും സർവ്വജ്ഞ മഹാരാജാവായി ശ്യാം മോഹനും വേഷമിട്ടു.
കഥകളിയുടെ സന്ദേശമുൾക്കൊണ്ട് പുറത്തിറങ്ങിയവരുടെ മുന്നിലെ ചുവരിൽ കഥാസാരമെന്നപോലെ സ്വാമി ചിന്മയാനന്ദന്റെ വചനങ്ങളുമുണ്ടായിരുന്നു. അതിങ്ങനെ പറഞ്ഞു... “ നിങ്ങൾക്ക് എന്ത് കിട്ടുന്നു എന്നതിലല്ല, മറിച്ച് നിങ്ങൾക്ക് എന്ത് സമർപ്പിക്കാനാവും എന്നതിനെ ആശ്രയിച്ചാവും നിങ്ങളുടെ സന്തോഷം”
ഡോ. പാർവ്വതി വാര്യരുടെ രചനയ്ക്ക് രംഗഭാഷയൊരുക്കിയത് കല്ലേക്കുളങ്ങര കഥകളിഗ്രാമം മാനേജിങ് ട്രസ്റ്റി കലാമണ്ഡലം വെങ്കിട്ടരാമനാണ്. സദനം ശിവദാസ്, സദനം ജ്യോതിഷ് ബാബു(സംഗീതം) സദനം രാമകൃഷ്ണൻ ( ചെണ്ട, ഇടയ്ക്ക), സദനം രതീഷ് ( മദ്ദളം) , കലാനിലയം രാജിവ് (ചുട്ടി), രംഗശ്രീ ഞാളാകുറുശ്ശി ( അണിയറ) എന്നിവരും അരങ്ങിന് ജീവൻ പകർന്നു.
ചിന്മയ മിഷൻ പാലക്കാട് ആചാര്യൻ സ്വാമി അശേഷാനന്ദ കളിവിളക്ക് തെളിയിച്ചു. രചയിതാവ് ഡോ. പാർവ്വതി വാര്യരെ ആദരിച്ചു. കലാമണ്ഡലം വെങ്കിട്ടരാമൻ അധ്യക്ഷനായി. പ്രൊഫ.ജി. ദിലീപൻ ആമുഖ പ്രഭാഷണം നടത്തി. കേരള സംഗീതനാടക അക്കാദമി അംഗം അപ്പുക്കുട്ടൻ സ്വരലയം, രാധിക എന്നിവർ സംസാരിച്ചു.
Content Highlights: Kathakali as a tribute to the great poet Rabindranath Tagore