ഇതാണ് കേരളം; ക്ഷേത്രമുറ്റത്ത് സമൂഹ നോമ്പുതുറ, ഒത്തുചേർന്നത് നൂറുകണക്കിനുപേർ

#ന്യൂസ് ഡെസ്ക്

തച്ചങ്ങാട് (കാസർകോട്): ക്ഷേത്രമുറ്റത്ത് സമൂഹ നോമ്പുതുറയ്ക്ക് വേദിയൊരുക്കി അരവത്ത് മട്ടെങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്രം. വെള്ളിയാഴ്ച പുനഃപ്രതിഷ്ഠാചടങ്ങ് നടക്കുന്നത് മുൻപേ, വ്യാഴാഴ്ച വൈകീട്ടാണ് പൂബാണം യു.എ.ഇ. കമ്മിറ്റിയുടെ മുൻകൈയിൽ നോമ്പുതുറയ്ക്ക് വേദിയായത്. സമീപ മസ്ജിദുകളിൽ 6.39-ന് മഗ്‌രിബ് ബാങ്ക് വിളി മുഴങ്ങിയപ്പോൾ കാരക്കയും നാരങ്ങ സർബത്തും കഴിച്ച് നോമ്പുതുറക്കാൻ നൂറുകണക്കിന് വിശ്വാസികൾ ക്ഷേത്രമുറ്റത്ത് ഒത്തുചേർന്നു.

റംസാൻ വ്രതാനുഷ്ഠാനമുള്ളതിനാൽ പുനഃപ്രതിഷ്ഠാ ഉത്സവത്തിന്റെ അന്നദാനത്തിന് ക്ഷേത്രത്തിന് സമീപത്തെ മുസ്‌ലിംമത വിശ്വാസികൾക്ക് പങ്കെടുക്കാനായിരുന്നില്ല. അതിന് പരിഹാരമായിട്ടാണ് സമൂഹനോമ്പുതുറ ഒരുക്കിയതെന്ന് ആഘോഷ കമ്മിറ്റി ചെയർമാൻ കെ. ശിവരാമൻ മേസ്ത്രി പറഞ്ഞു.

ചടങ്ങ് വർത്തമാനകാലത്ത് ഏവരും മാതൃകയാക്കേണ്ടതാണെന്ന് പരയങ്ങാനം മഹല്ല് ജമാ അത്ത് സെക്രട്ടറി അഷറഫ് പരയങ്ങാനം അഭിപ്രായപ്പെട്ടു. കലവറ ഘോഷയാത്രകൾക്ക് മഹല്ല് കമ്മിറ്റി വരവേൽപ്പ് നൽകുന്നതും നബിദിന ഘോഷയാത്രയ്ക്ക് തറവാട്ടുവക സ്വീകരണം നൽകുന്നതും പതിവാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: A Hindu temple in Kasaragod, Kerala, organized a community Iftar for Muslim believers., The event was a solution for Muslims who couldn't attend the temple's feast due to Ramadan fasting., Hundreds of people from the Muslim community broke their fast on the temple premises., The gesture is celebrated as a powerful example of religious unity and communal harmony in the region.