സ്നേഹപൂർവം, മറിയം; മകളുടെ ചികിത്സയ്ക്കായി വാങ്ങിയ മരുന്ന് ജനറൽ ആശുപത്രിക്ക് സംഭാവന ചെയ്ത് മാതാപിതാക്കൾ

കാസർകോട്: ഏറെ പ്രതീക്ഷയിൽ വാങ്ങിയ മരുന്നിനും രണ്ടരവയസ്സുകാരി മകളെ കാക്കാൻ കഴിഞ്ഞില്ല. അതുപയോഗിച്ച് മറ്റൊരാൾക്ക് രക്ഷപ്പെടാൻ കഴിയുമെങ്കിൽ അങ്ങനെയാകട്ടെ എന്ന് കരുതി മാതാപിതാക്കൾ അത് സൂക്ഷിച്ചു. ഒടുവിൽ ആവശ്യക്കാർക്ക് കൈമാറിയ മരുന്ന് നാലുപേർക്ക് ആശ്വാസമായി എന്നറിഞ്ഞ് അവർ വേദനയിലും പുഞ്ചിരിക്കുന്നു. കാഞ്ഞങ്ങാട് അതിഞ്ഞാലിലെ അബ്ദുൾ സലാം മാട്ടുമ്മലും ഭാര്യ വടക്കേപ്പുറം സമീനയുമാണ് മകൾ മറിയം സിൻവയുടെ ചികിത്സയ്ക്കായി വാങ്ങിയ 20,000 രൂപയിലേറെ വിലവരുന്ന മരുന്ന് കാസർകോട് ജനറൽ ആശുപത്രിയിലെ ഓങ്കോളജിവിഭാഗത്തിന് സംഭാവന ചെയ്തത്.
തലച്ചോറിൽ ട്യൂമർബാധിച്ച് ചികിത്സയിലായിരുന്ന മറിയം ഈ മാസം ഏഴിനാണ് മരണപ്പെട്ടത്. രണ്ടാം പിറന്നാളിനു പിന്നാലെ കുട്ടിയുടെ കണ്ണിൽ അസ്വഭാവികത ശ്രദ്ധയിൽപ്പെട്ടതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ട്യൂമർ തിരിച്ചറിഞ്ഞത്. മംഗളൂരു ഇന്ത്യാന ആശുപത്രി, മാംഗ്ലൂർ നഴ്‌സിങ് ഹോം, യെനപ്പോയ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലായിരുന്നു ആറുമാസത്തിലേറെ നീണ്ട ചികിത്സ. ആറിന് തിരികെ വീട്ടിലെത്തിച്ച കുഞ്ഞിന്റെ നില പുലർച്ചയോടെ വഷളാകുകയും ആശുപത്രിയിലെത്തിക്കും മുൻപ് മരിക്കുകയുമായിരുന്നു.
അർബുദകോശങ്ങളുടെ വളർച്ച തടയാൻ കുത്തിവെക്കുന്ന മരുന്ന് ഡോക്ടറുടെ നിർദേശത്തെ തുടർന്നാണ് വാങ്ങിയത്. എന്നാൽ, കുട്ടിയുടെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് മരുന്ന് കുത്തിവെക്കാൻ സാധിക്കില്ലെന്ന് മനസ്സിലായതോടെ ആവശ്യക്കാർ വന്നാൽ നൽകാമെന്ന് തീരുമാനിക്കുകയായിരുന്നു.
വഴിതെളിച്ചത് നഗരസഭാ ചെയർപേഴ്‌സൺ
കാസർകോട് നഗരസഭാ ചെയർപേഴ്‌സൺ ഷാഹിന സലീമിന്റെ ഇടപെടലോടെയാണ് ജനറൽ ആശുപത്രിയിലേക്ക് മരുന്നെത്തിയത്. മരുന്ന് തിരികെയെടുക്കാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതിനെത്തുടർന്നെത്തിയ കുട്ടിയുടെ മാതൃസഹോദരനാണ് ഇന്ത്യാന ആശുപത്രിയിൽ യാദൃശ്ചികമായി കണ്ട ചെയർപേഴ്‌സണോട് വിവരം പറഞ്ഞത്. പ്രത്യേകം ശീതീകരിച്ച സംവിധാനത്തിൽ സൂക്ഷിക്കേണ്ട മരുന്ന് വ്യാഴാഴ്ച അതിഞ്ഞാലിലെ ഇഖ്‌റാ ഫാർമസിയിലെത്തിച്ചു.
ജനറൽ ആശുപത്രിയിലെ ഓങ്കോളജിവിഭാഗത്തിന് ആവശ്യമുണ്ടെന്നറിഞ്ഞ് ചെയർപേഴ്‌സൺ മുൻകൈയെടുത്ത് വെള്ളിയാഴ്ചതന്നെ മരുന്ന് കാസർകോട്ടെത്തിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കി. നഗരസഭാ വൈസ് ചെയർപേഴ്‌സൺ കെ.എം. ഹനീഫ് മരുന്ന് കൈമാറി. സ്ഥിരം സമിതി അധ്യക്ഷരായ മെഹറുന്നിസ ഹമീദ്, ജാഫർ കമാൽ, കൗൺസിലർ രാമകൃഷ്ണ ഹൊള്ള, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. വി. ജിതേഷ് തുടങ്ങിയവർ സന്നിഹിതരായി.
Content Highlights: Parents in Kanhangad donated expensive cancer medicine meant for their late two-year-old daughter., The medicine was handed over to the Oncology Department of Kasaragod General Hospital., The donation brought relief to four other patients in need., Kasaragod Municipal Chairperson coordinated the handover process.