കരുവന്നൂർ തട്ടിപ്പ്: ഇ.ഡി. കണ്ടുകെട്ടിയ 128 കോടിയുടെ വസ്തുക്കൾ ലേലം ചെയ്യാൻ സഹകരണ വകുപ്പ്

#എം.ബി. ബാബു
കരുവന്നൂർ ബാങ്ക്. ഫോട്ടോ: മനീഷ് ചേമഞ്ചേരി | മാതൃഭൂമി
കരുവന്നൂർ ബാങ്ക്. ഫോട്ടോ: മനീഷ് ചേമഞ്ചേരി | മാതൃഭൂമി

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഇ.ഡി. കണ്ടുകെട്ടിയ സ്വത്തുക്കളിന്മേലുള്ള അനിശ്ചിതത്വം പരിഹരിക്കാൻ സഹകരണ വകുപ്പ് ഇടപെടും. ഇ.‍ഡി. കൈമാറാൻ തയ്യാറായ 128 കോടിയുടെ വസ്തുക്കൾ കരുവന്നൂർ ബാങ്ക് ഏറ്റെടുത്ത് ലേലം നടത്തി പണം സ്വരൂപിക്കാൻ സഹകരണ വകുപ്പ് ഉടൻ ഉത്തരവിറക്കും. ഇതിന് നടപടി ആരംഭിച്ചു. സഹകരണ മന്ത്രിയുടെ ഓഫീസ് നിയമോപദേശവും തേടുന്നുണ്ട്. സഹകരണ വകുപ്പിനോട് വിശദമായ റിപ്പോർട്ടും ആവശ്യപ്പെട്ടു.

തട്ടിപ്പുകാരായി കണ്ടെത്തിയ 53 പേരുടെ 128 കോടി വിലവരുന്ന വസ്തുക്കളാണ് ഇ.ഡി. രണ്ടുവർഷം മുൻപ് കണ്ടുകെട്ടിയത്. ഇത് കരുവന്നൂർ ബാങ്കിന് കൈമാറാൻ രണ്ടുവർഷം മുൻപ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (പി.എം.എൽ.എ.) കൊച്ചിയിലെ പ്രത്യേക കോടതിയെ സമീപിച്ചിരുന്നു. അതിൽ കോടതി കരുവന്നൂർ ബാങ്കിന്റെ അഭിപ്രായം തേടി. ഏറ്റെടുക്കാനാകില്ലെന്നായിരുന്നു ബാങ്ക് സെക്രട്ടറിയുടെ മറുപടി.

കേരളത്തിൽ ഭരണമാറ്റമുണ്ടായതോട ഇ.‍ഡി. വീണ്ടും ഇതിനായി ശ്രമിച്ചെങ്കിലും ബാങ്ക് വഴങ്ങിയില്ല. കോടികളുടെ തട്ടിപ്പിന്റെ പേരിൽ സി.പി.എം. നേതൃത്വം നൽകിയ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയശേഷം നടത്തിയ തിരഞ്ഞെടുപ്പിലും ജയിച്ചത് സി.പി.എം. ആണ്. ഇ.ഡി. കണ്ടുകെട്ടിയ സ്വത്തിൽ സി.പി.എം. പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റിക്ക് ഓഫീസ് പണിയാൻ വാങ്ങിയ സ്ഥലവുമുണ്ട്. പാർട്ടി ബാങ്കിൽ നടത്തിയ തട്ടിപ്പിലൂടെ സമ്പാദിച്ച പണമുപയോഗിച്ചാണ് ഈ സ്ഥലം വാങ്ങിയതെന്ന് കണ്ടെത്തിയാണ് ഈ സ്ഥലവും കണ്ടുകെട്ടിയതെന്ന് ഇ.ഡി. പറയുന്നു. പാർട്ടിെയ 68-ാം പ്രതിയായി ചേർക്കുകയും ചെയ്തു. പാർട്ടി പ്രതിയും പാർട്ടിയുടെ സ്വത്ത് തൊണ്ടിമുതൽ ആവുകയും ചെയ്തതോടെയാണ് ഈ വസ്തുക്കൾ ഉൾപ്പെടെയുള്ളവ ഏറ്റെടുത്ത് ലേലം നടത്തേണ്ടെന്ന തീരുമാനം ഭരണസമിതി കൈക്കൊള്ളാൻ പ്രധാന കാരണം. മറ്റ് നിയമപ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

എന്നാൽ ഇതൊരവസരമാക്കിയെടുക്കുകയാണ് കോൺഗ്രസ് നയിക്കുന്ന സർക്കാർ. പ്രതിസന്ധിയിലായ ബാങ്കിനെ കരകയറ്റാൻ വകുപ്പ് 66 പ്രകാരം നടപടിയെടുക്കാൻ സഹകരണ രജിസ്ട്രാർക്ക് അധികാരമുണ്ട്. അതാണ് ഇവിടെ പ്രയോഗിക്കുക. ഇ.ഡി. കൈമാറുന്ന സ്വത്തുക്കൾ ഏറ്റെടുത്ത് ലേലം ചെയ്യാൻ രജിസ്ട്രാർ ഉത്തരവിറക്കും. കണ്ടുകെട്ടിയ വസ്തുക്കളിൽ 3.23 കോടി പണവും 70 ലക്ഷത്തിന്റെ വാഹനവും ബാക്കി സ്ഥലവും കെട്ടിടവുമാണ്. ഇവയുടെ കണക്കാക്കിയ വില 128 കോടിയാണെങ്കിലും മൂല്യം 250 കോടിയിലേറെ വരും.

ലേലത്തിലൂടെ ഇത്രയും തുക കിട്ടിയാൽ നിക്ഷേപകർക്ക് തിരികെ നൽകാനാകും. 324 കോടിയുടെ തട്ടിപ്പ് നടന്ന ബാങ്കിൽ ഇതിനകം 117.9 കോടി നിക്ഷേപകർക്ക് തിരികെ നൽകി. 200 കോടി ലേലത്തിലൂടെ സമാഹരിക്കാനായാൽ എല്ലാ നിക്ഷേപത്തുകയും തിരികെ നൽകാനാകും.

Content Highlights: Karuvannur bank scam: Cooperative department to issue orders for taking over and auctioning Rs 128 crore worth of ED-seized assets.