ചികിത്സയ്ക്ക് ബ്രാൻഡഡ് മരുന്നുകൾ വേണ്ട; കാരുണ്യയുടെ പണം ചെലവിടാൻ നിയന്ത്രണം

#ടി.ജി. ബേബിക്കുട്ടി
എഐ നിര്‍മിത പ്രതീകാത്മക ചിത്രം
എഐ നിര്‍മിത പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിപ്രകാരമുള്ള ചികിത്സയ്ക്ക് ബ്രാൻഡഡ് മരുന്നുകൾവാങ്ങി പണംകളയരുതെന്ന് ആരോഗ്യവകുപ്പ്. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നൽകുന്ന ജനറിക് മരുന്നുകൾ നൽകാനാണ് നിർദേശം. കാരുണ്യയിലെ പണം ആശുപത്രിവികസനത്തിനുള്ളതാണ്. അനാവശ്യപരിശോധനകൾ പുറത്തുനടത്താൻ നിർദേശിക്കരുതെന്നും സർക്കാർ ആശുപത്രികൾക്ക് നിർദേശംനൽകി.

കാരുണ്യ പദ്ധതിപ്രകാരം ആശുപത്രികൾക്ക് തിരികെലഭിക്കുന്ന പണത്തിന്റെ വിനിയോഗത്തിൽ കർശന നിബന്ധനകളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. അവശ്യമരുന്നുകളുടെ പട്ടികയിലില്ലാത്ത മരുന്നാണ് ഉപയോഗിക്കുന്നതെങ്കിൽ ഡോക്ടർ കാരണം ബോധ്യപ്പെടുത്തണം. ഈ നിർദേശത്തിൽ ഡോക്ടർമാർ എതിർപ്പുപ്രകടിപ്പിച്ചിട്ടുണ്ട്.

ആശുപത്രി സൂപ്രണ്ട്, സ്റ്റോർ സൂപ്രണ്ട്, ഫാർമസിസ്റ്റ് എന്നിവരടങ്ങുന്ന സമിതി അനുമതിനൽകിയാലേ അത്തരം മരുന്നുകൾ വാങ്ങാനാവൂ എന്ന നിബന്ധനയെയാണ് ഡോക്ടർമാർ ചോദ്യംചെയ്യുന്നത്.

പട്ടികയിലില്ലാത്ത മരുന്നിന്റെ കുറവുണ്ടെങ്കിൽ കാരുണ്യ ഫണ്ടുപയോഗിച്ച് ജനറിക് മരുന്ന് വാങ്ങാമെങ്കിലും അത് എല്ലാരോഗികൾക്കും ഉപയോഗപ്പെടുന്നരീതിയിലാകണം. മരുന്നുവാങ്ങുന്നത് വികസനസമിതി, നീതി, കാരുണ്യ മെഡിക്കൽ സ്റ്റോറുകളിൽനിന്നാകണം.

പുറത്തേക്ക്‌ പരിശോധനകൾക്ക് എഴുതിനൽകുന്നതിനുപകരം ഇൻഷുറൻസ് പണം ഉപയോഗിച്ച് ആശുപത്രികളിൽ പരിശോധനാസൗകര്യം ഒരുക്കണം. പുതിയ ഉപകരണങ്ങൾ വാങ്ങുക, അടിസ്ഥാനസൗകര്യം ഒരുക്കുക, ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്തുക, സാങ്കേതികവിദഗ്ധരെ നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കായിരിക്കണം ഇൻഷുറൻസ് പണം ഉപയോഗിക്കേണ്ടത്.

കാരുണ്യ ഫണ്ടുപയോഗിച്ച് ആശുപത്രിയിൽ ക്ലീനിങ് ജീവനക്കാരെ നേരിട്ടുനിയമിക്കാൻ വിലക്കുണ്ട്. വാർഡ് അസിസ്റ്റന്റ്, നഴ്സിങ് അസിസ്റ്റന്റ്, നഴ്സ്, ടെക്നീഷ്യൻ എന്നീ നിയമനം നടത്താം. പ്രത്യേകപ്രോജക്ടിനായി സ്പെഷ്യലിസ്റ്റ് ഡോക്ടർ, കാത്ത് ലാബ്, ന്യൂറോ സർജറി, മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ, ഐവിഎഫ് വിദഗ്ധരെയും നിയോഗിക്കാം. ജീവനക്കാരുടെ നിയമനത്തിന് കാരുണ്യ ഫണ്ടിന്റെ 40 ശതമാനം മാത്രമേ ഉപയോഗിക്കാവൂ.

Content Highlights: Karunya Health Insurance directive: Use generic medicines & funds for hospital development, not branded drugs. Strict rules for fund utilization. Learn more!