അലുവ അതുൽ കൊലപാതകം; കൃത്യമായ ആസൂത്രണം, അഞ്ചുമിനിറ്റിനുള്ളിൽ കൊല, അതിവേഗം രക്ഷപ്പെടൽ

#News Desk
അതുലിന്റെ വാഹനം ഇടിച്ചിട്ടശേഷം ആയുധങ്ങളുമായി പാഞ്ഞടുക്കുന്ന അക്രമികൾ.
അതുലിന്റെ വാഹനം ഇടിച്ചിട്ടശേഷം ആയുധങ്ങളുമായി പാഞ്ഞടുക്കുന്ന അക്രമികൾ.

കരുനാഗപ്പള്ളി: ആദ്യനിമിഷങ്ങളിൽ അപകടമാണെന്നു കരുതി. അതുലിന്റെ കാർ കുഴിയിലേക്ക് വീണയുടനെ ഇടിച്ച കാറിൽനിന്ന് വടിവാളുമായി നാലുപേർ പുറത്തുചാടി. കണ്ടുനിന്നവർ പകച്ചു. കാർ തകർത്ത്, അതുലിനെ അവർ ചുറ്റുംനിന്ന് വെട്ടി. മരണമുറപ്പാക്കിയിട്ട് അതേ കാറിൽ പാഞ്ഞുപോയി. എല്ലാം അഞ്ചുമിനിറ്റിനുള്ളിൽ കഴിഞ്ഞു.

പോലീസ് സ്റ്റേഷനിൽനിന്ന് അതുൽ മടങ്ങുന്ന സമയം കൃത്യമായി തിരിച്ചറിയുക, നഗരം വിടുംമുൻപുതന്നെ കൊലപ്പെടുത്തുക, അതിവേഗം രക്ഷപ്പെടുക... കരുനാഗപ്പള്ളിയെ നടുക്കിയ കൊലയ്ക്കായി പ്രതികൾ നടത്തിയത് കൃത്യമായ ആസൂത്രണമാണ്.

ജിം സന്തോഷ് കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങിയ അതുൽ രാവിലെ 11 മണിക്കുശേഷമാണ് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽനിന്ന് ഒപ്പിട്ട് മടങ്ങിയത്. കൊലപാതകികൾ അപ്പോൾമുതൽ അതുലിനെ പിന്തുടർന്നു. പുതിയകാവ് മേൽപ്പാലത്തിന്റെ നിർമാണജോലികൾ നടക്കുന്നതിനാൽ സർവീസ് റോഡിലൂടെയാണ് വാഹനങ്ങൾ പോയിരുന്നത്. മേൽപ്പാലത്തിനടുത്തുള്ള പെട്രോൾ പമ്പിനു മുന്നിൽവെച്ചാണ് അതുൽ സഞ്ചരിച്ച കാറിനു പിന്നിൽ പ്രതികളുടെ കാർ ഇടിപ്പിച്ചത്.

സംഭവസമയത്ത് റോഡിൽ വലിയ തിരക്കുണ്ടായിരുന്നില്ല. ഇടിയുടെ ആഘാതത്തിൽ പാലത്തിന്റെ നിർമാണജോലികൾക്കായി എടുത്ത കുഴിയിലേക്ക് അതുലിന്റെ കാർ വീണു. ഗതാഗതതടസ്സമുണ്ടാക്കുംവിധം കാർ റോഡിൽ നിർത്തി. ചാടിയിറങ്ങിയ പ്രതികൾ റോഡിൽനിന്നുകൊണ്ടുതന്നെ അതുലിന്റെ കാറിന്റെ ചില്ലുകളും ഡോറും വടിവാളുകൾ ഉപയോഗിച്ച് തകർത്തു. ഉടൻതന്നെ കുഴിയിലേക്കു ചാടി, കാറിനുള്ളിലുണ്ടായിരുന്ന അതുലിനെ വലിച്ചിറക്കി വെട്ടിപ്പരിക്കേൽപ്പിച്ചു.

ഒരു കാൽനടയാത്രക്കാരനും ഇരുചക്രവാഹനയാത്രക്കാരും ടിപ്പർ ലോറി ഡ്രൈവറുമടക്കം സംഭവം നേരിട്ടു കണ്ടെങ്കിലും അവർ ഭയന്ന് സ്ഥലംവിട്ടു. ആക്രമണത്തിനുശേഷം കാറിൽ കയറിയ പ്രതികൾ വാഹനം ഓച്ചിറ ഭാഗത്തേക്ക് ഓടിച്ചുപോയി. ഉടൻതന്നെ പെട്രോൾ പമ്പിൽ ഉണ്ടായിരുന്നവരും ജീവനക്കാരും സ്ഥലത്തേക്ക് ഓടിയെത്തി. അവർ വിവരമറിയിച്ചതനുസരിച്ച് കരുനാഗപ്പള്ളി പോലീസ് എത്തിയാണ് അതുലിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

Content Highlights: The murder of Atul in Karunagappally was a pre-planned execution., Assailants tracked the victim from the police station after he signed his bail bond., The attack was carried out with swords near the new flyover construction site., The suspects escaped within five minutes, demonstrating high-level coordination.