‘കുഞ്ഞുങ്ങളെ സ്കൂളിൽ വിട്ടിരുന്നില്ല, വാക്സിൻ എടുത്തിരുന്നില്ല; ഏറ്റെടുക്കാൻ ശ്രമിച്ചപ്പോൾ അമ്മ ആത്മഹത്യാഭീഷണി മുഴക്കി’

#ന്യൂസ് ഡെസ്ക്
യുവതിയും അഞ്ചുമക്കളും (ഫയൽചിത്രം)
യുവതിയും അഞ്ചുമക്കളും (ഫയൽചിത്രം)

കാർത്തികപ്പള്ളി (ആലപ്പുഴ): കാർത്തികപ്പള്ളിയിൽ രണ്ടു വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ ദാരുണ സംഭവത്തിൽ തൃക്കുന്നപ്പുഴ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോഷകാഹാരക്കുറവിനെ തുടർന്നാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. കുട്ടികളെ സ്കൂളിൽ അയക്കാൻ മാതാപിതാക്കൾ തയാറായിരുന്നില്ലെന്നും കൃത്യമായ ഭക്ഷണമോ പോഷകാഹാരമോ ഇവർക്ക് ലഭിച്ചിരുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.

ശനിയാഴ്ച രാവിലെയാണ് രണ്ടുവയസ്സുള്ള ആൺകുഞ്ഞ് മരിച്ച നിലയിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് പോഷകാഹാരക്കുറവാണ് മരണകാരണമെന്ന് കണ്ടെത്തിയത്. മറ്റൊരു ആൺകുട്ടിയും നേരത്തേ സമാനരീതിയിൽ മരിച്ചിരുന്നു. നാലു പെൺകുട്ടികളെ ശിശുക്ഷേമസമിതി ഏറ്റെടുത്തു. അമ്മയും ഏഴാമത്തെ ആൺകുട്ടിയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.

കാർത്തികപ്പള്ളിയിൽ അത്ര ഒറ്റപ്പെട്ട പ്രദേശത്തല്ലെങ്കിലും പരിസരത്ത് മറ്റെങ്ങുമില്ലാത്തവിധം മോശവും വൃത്തിഹീനവുമായ സാഹചര്യത്തിലായിരുന്നു കുടുംബം ജീവിച്ചിരുന്നത്. കുടുംബത്തിന് ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് അനുവദിച്ചിരുന്നതാണെങ്കിലും വസ്തുവുമായി ബന്ധപ്പെട്ട തർക്കങ്ങൾ കാരണം നൽകാൻ സാധിച്ചില്ലെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. കുട്ടികളുടെ അച്ഛന്റെ അമ്മയും മക്കളുമായുള്ള കേസും, മൂത്ത സഹോദരന്റെ ഭാര്യയുമായി ബന്ധപ്പെട്ട കേസുകളുമാണ് ഭൂമി തർക്കത്തിലാകാൻ കാരണമായത്. കുട്ടികളുടെ അച്ഛനും അമ്മയും ആളുകളുമായി വലിയ സഹകരണമില്ലാത്തവരാണെന്നും ആരെയും അടുത്തേക്ക് അടുപ്പിക്കാറില്ലെന്നും പഞ്ചായത്ത് അധികൃതർ പറയുന്നു.

മുൻപ് ഈ കുട്ടികളെ ഗാന്ധിഭവനിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും, അവിടെച്ചെന്നും ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി അമ്മ കുട്ടികളെ തിരികെ കൊണ്ടുവരികയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഒക്ടോബർ 6-ാം തീയതി ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉദ്യോഗസ്ഥർ, പഞ്ചായത്ത് അധികൃതർ, ആശാ വർക്കർമാർ, ഡോക്ടർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘം കുട്ടികളെ ചൈൽഡ് വെൽഫെയറിന് കൈമാറാൻ വീട്ടിലെത്തി ശ്രമിച്ചിരുന്നു. എന്നാൽ, പൂർണ ഗർഭിണിയായിരുന്ന കുട്ടിയുടെ അമ്മ സ്വന്തം വയറ്റിലടിച്ച് കുഞ്ഞിനെ കൊല്ലുമെന്നും താനും ചാകുമെന്നും പറഞ്ഞ് ആത്മഹത്യാ ഭീഷണി മുഴക്കിയതായി വാർഡ് മെമ്പർ പറഞ്ഞു. ഇതോടെ ഉദ്യോഗസ്ഥർക്ക് പിന്തിരിയേണ്ടി വന്നു.

ഓഗസ്റ്റ് അവസാനത്തോടെയാണ് ഇവർ ഇവിടെ താമസത്തിനെത്തിയതെന്നും ആശാ വർക്കർമാരും സിസ്റ്റർമാരും ആഴ്ചയിലൊരിക്കലോ മറ്റ് സൗകര്യപ്പെടുന്ന ദിവസങ്ങളിലോ വീട് സന്ദർശിച്ച് കാര്യങ്ങൾ അന്വേഷിക്കാറുണ്ടായിരുന്നുവെന്നും ആരോഗ്യ പ്രവർത്തകർ പറ‍‍ഞ്ഞു. കുഞ്ഞുങ്ങൾക്ക് കഴിക്കാൻ ആഹാരമുണ്ടെന്നാണ് ഇവർ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്. അക്കാലയളവിൽ കുട്ടികൾക്ക് ക്ഷീണമോ മറ്റ് പ്രകടമായ ബുദ്ധിമുട്ടുകളോ കണ്ടിരുന്നില്ലെന്നും ആശാ വർക്കർ പറഞ്ഞു. കുട്ടികൾക്ക് വാക്സിനേഷനുകൾ ഭാഗികമായിമാത്രമേ എടുത്തിട്ടുള്ളൂവെന്നും വിദ്യാഭ്യാസമൊന്നും നൽകിയിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഓട്ടോ ഡ്രൈവറായ പിതാവ് രാത്രി വൈകി മദ്യപിച്ചാണ് വീട്ടിലെത്താറുള്ളതെന്ന് അയൽവാസി വെളിപ്പെടുത്തി. കുട്ടികളെ സ്കൂളിൽ വിടാത്തതിനെക്കുറിച്ച് ചോദിക്കുമ്പോൾ തനിക്ക് അതിനുള്ള കഴിവില്ലെന്നാണ് രാജേഷ് മറുപടി നൽകിയിരുന്നത്. കുഞ്ഞുങ്ങൾക്ക് ആവശ്യത്തിന് ആരോഗ്യമോ പോഷകാഹാരമോ ഉണ്ടായിരുന്നില്ലെന്നും വളരെ ദാരുണമായ സാഹചര്യത്തിലാണ് ഇവർ കഴിഞ്ഞിരുന്നതെന്നും അയൽവാസികളും സാക്ഷ്യപ്പെടുത്തുന്നു.