പയ്യാമ്പലത്ത് കടലിൽ കാണാതായ കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ ശനിയാഴ്ച അപകടത്തിൽപ്പെട്ട കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാവിലെ മറൈൻ എൻഫോഴ്‌സ്‌മെന്റ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ബംഗളൂരു നിലമംഗല ബൈദരഹള്ളി സ്വദേശി സന്തോഷ് കുമാർ(20) ആണ് അപകടത്തിൽപെട്ട് മരിച്ചത്. മൃതദേഹം കർണാടകയിലേക്ക് കൊണ്ട് പോയി.
ശനിയാഴ്ച വൈകുന്നേരം കൊച്ചിയിൽനിന്ന് എത്തിച്ച കോസ്റ്റ് ഗാർഡിന്റെ ചെറുവിമാനം ഉപയോഗിച്ചും രാത്രിവരെ തിരച്ചിൽ നടത്തിയിരുന്നു. ഞായറാഴ്ച രാവിലെ മുതൽ അഴീക്കൽ കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ, ഡിടിപിസി ലൈഫ് ഗാർഡ്, മത്സ്യത്തൊഴിലാളികൾ എന്നിവർ സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്തുകയായിരുന്നു. ജില്ലാ കലക്ടർ പി. വിഷ്ണുരാജ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.
ശനിയാഴ്ച സന്തോഷ് കുമാറിന്റെ കൂടെ തിരയിൽപ്പെട്ട മനോജിനെ ലൈഫ്ഗാർഡും തീരദേശ പോലീസും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു. കനത്ത വേലിയേറ്റ സമയത്താണ് പയ്യാമ്പലത്ത് നാലംഗസംഘം കടലിലേക്കിറങ്ങിയത്. കൊട്ടിയൂർ ക്ഷേത്രം സന്ദർശിച്ച ശേഷം പയ്യാമ്പലം ബീച്ച് സന്ദർശിക്കാനെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്.
ശനിയാഴ്ച രാവിലെ പയ്യാമ്പലത്ത് കടലിൽ ഇറങ്ങിയ മൈസൂരിൽനിന്നുള്ള എട്ടംഗസംഘവും അപകടത്തിൽപെട്ടിരുന്നു. ഇവരിൽ ഒരാൾ തിരയിൽപെട്ടിരുന്നെങ്കിലും ലൈഫ്ഗാർഡുമാരുടെ സമയോചിതമായ ഇടപെടലിൽ രക്ഷപ്പെട്ടു. ബീച്ചിൽ കൂടുതൽ ലൈഫ്ഗാർഡുമാര വിന്യസിക്കുമെന്നും അപായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുമെന്നും വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു.
Content Highlights: Recovery of 20-year-old Santhosh Kumar's body after drowning at Payyambalam., Coordinated rescue efforts by Marine Enforcement, Coastal Police, and local fishermen., Government announcement to increase lifeguard presence and safety signage., Details on the recent surge in drowning incidents involving tourists at the beach.