പിതൃസ്മരണയില്‍ ഇന്ന് വാവുബലി | VIDEO

കണ്ണൂര്‍ പയ്യാമ്പലം കടപ്പുറത്ത് നടന്ന കര്‍ക്കടക വാവുബലി തര്‍പ്പണം | ഫോട്ടോ: ലതീഷ് പൂവ്വത്തൂര്‍
കണ്ണൂര്‍ പയ്യാമ്പലം കടപ്പുറത്ത് നടന്ന കര്‍ക്കടക വാവുബലി തര്‍പ്പണം | ഫോട്ടോ: ലതീഷ് പൂവ്വത്തൂര്‍

മണ്‍മറഞ്ഞവരെ ഓര്‍മിച്ച് പതിനായിരങ്ങള്‍ തിങ്കളാഴ്ച വിവിധ പുണ്യതീര്‍ഥങ്ങളില്‍ ബലിതര്‍പ്പണം നടത്തുന്നു. ആലുവ ശിവരാത്രി മണപ്പുറം, ചേലാമറ്റം ക്ഷേത്രം, തിരുവനന്തപുരം തിരുവല്ലം, വര്‍ക്കല പാപനാശം, തിരുനാവായ, തിരുനെല്ലി അടക്കം വിവിധയിടങ്ങളില്‍ ബലിതര്‍പ്പണത്തിന് നിരവധിപ്പേരാണ് എത്തിയത്.  

ആലുവ മണപ്പുറത്ത് ജനസമുദ്രം 

കര്‍ക്കടക മാസത്തിലെ അമാവാസി നാളില്‍ പിതൃക്കളുടെ ഓര്‍മ പുതുക്കാനായി ആയിരങ്ങളാണ് ആലുവ ശിവരാത്രി മണപ്പുറത്തേക്ക് എത്തിയത്. പെരിയാറിന്റെ തീരത്ത് സജ്ജമാക്കിയ ബലിപ്പുരകളില്‍ അവര്‍ മണ്‍മറഞ്ഞ പിതൃക്കള്‍ക്ക് ബലിപിണ്ഡം സമര്‍പ്പിച്ച് നിര്‍വൃതിയോടെ തീരംവിടും.

ആലുവ മണപ്പുറത്ത് നടക്കുന്ന ബലിതര്‍പ്പണത്തില്‍നിന്ന് | ഫോട്ടോ: ടി.കെ. പ്രദീപ് കുമാര്‍

തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിക്ക് ബലിതര്‍പ്പണം ആരംഭിച്ച് ഉച്ചയോടെ അവസാനിക്കും. ക്ഷേത്ര ചടങ്ങുകള്‍ക്ക് തന്ത്രി മുല്ലേപ്പിള്ളി ശങ്കരന്‍ നമ്പൂതിരിപ്പാടാണ് മുഖ്യകാര്‍മികത്വം വഹിക്കുന്നത്.

നടപ്പാലത്തില്‍നിന്ന് മണപ്പുറത്തേക്ക് ഇറങ്ങുന്ന ഭാഗത്ത് ചെളി നിറഞ്ഞതിനാല്‍ മണ്ണിട്ട് പരവതാനി വിരിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി. മണപ്പുറത്തേക്ക് പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്. പുഴയ്ക്ക് അക്കരെ ശ്രീനാരായണ ഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിലും കര്‍ക്കടക വാവ് ബലിതര്‍പ്പണം നടക്കുന്നുണ്ട്. ആശ്രമം മഠാധിപതി സ്വാമി ധര്‍മചൈതന്യ, മേല്‍ശാന്തി പി.കെ. ജയന്തന്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

Content Highlights: karkkadaka vavubali