കരിമ്പ ഷമീറിന്റെ അകാല വിയോഗം; പകച്ചുപോയിടത്തുനിന്ന് സുഹദ ഏറ്റെടുത്തു, ഉയരങ്ങളിൽ ഉലയാതെ

മണ്ണാർക്കാട്: “തളർന്നുവെന്നു തോന്നുമ്പോൾ മക്കളുടെ മുഖം ഓർമവരും. അവർക്ക് ഞാനല്ലാതെ മറ്റാരുമില്ലെന്ന് ചിന്തിക്കുമ്പോൾ പേടി തോന്നില്ല. എത്ര ഉയരത്തിലേക്കും ആഴത്തിലേക്കും കയറാനും ഇറങ്ങാനും കഴിയും” -കരിമ്പ സ്വദേശിനി എസ്. സുഹദയുടെ (28) വാക്കുകൾക്ക് ആത്മവിശ്വാസത്തിന്റെ തുടിപ്പാണിപ്പോൾ. പ്രതിസന്ധികളോട് പടവെട്ടി മരംവെട്ടുജോലി ചെയ്യുന്ന സുഹദയെ തേടി കഴിഞ്ഞദിവസം സംസ്ഥാന വനിതാകമ്മിഷന്റെ സ്ത്രീശക്തി പുരസ്കാരമെത്തി. മാർച്ച് ഒന്നിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിക്കും.
മരംവെട്ടുജോലി ചെയ്യുന്ന കരിമ്പ വെണ്ണടി കോയപ്പക്കുളം സുഹദ സാഹസിക രക്ഷാപ്രവർത്തകനും സാമൂഹികപ്രവർത്തകനുമായിരുന്ന കരിമ്പ ഷമീറിന്റെ ഭാര്യയാണ്. 2024 മേയ് 30-ന് ഹൃദയാഘാതത്തെത്തുടർന്നാണ് ഷെമീർ മരിച്ചത്. നാലു മക്കളുമായി എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയ നിമിഷം. തട്ടിയും മുട്ടിയും എട്ടുമാസം തള്ളിനീക്കി. ഒരു ജോലിക്കായി മുട്ടാത്ത വാതിലുകളില്ല. എട്ടാംക്ലാസ് വിദ്യാഭ്യാസയോഗ്യതയും തടസ്സമായി.
ജീവിക്കാൻ ഒരു ജോലി വേണമെന്ന ചിന്തയിൽനിന്നാണ് ഷമീറിന്റെ ജോലി തിരഞ്ഞെടുത്തത്. ഉപകരണങ്ങളെല്ലാം വീട്ടിലിരിക്കുന്നുമുണ്ട്. വീട്ടുകാരും എതിർത്തില്ല. ശ്രദ്ധിക്കണമെന്നുമാത്രം പറഞ്ഞു.
ഷമീറിന്റെ സുഹൃത്തുക്കളും സഹായികളുമായിരുന്ന പത്മനാഭനോടും രമേഷിനോടും കാര്യം പറഞ്ഞു. അവരും പിന്തുണച്ചതോടെ ധൈര്യമേറി. ഇരിങ്ങാലക്കുടയിൽ പോയി പരിശീലനവും നേടി. കുട്ടിക്കാലത്ത് മരംകയറി മാത്രം പരിചയമുണ്ടായിരുന്ന സുഹദ ഇന്ന് സുരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ വലിയ മരങ്ങളിലേക്കുവരെ വലിഞ്ഞുകയറും. മടവാൾകൊണ്ട് കൊമ്പുകൾ വെട്ടിയിടും. യന്ത്രവാളുപയോഗിച്ച് മരം മുറിച്ച് കഷണങ്ങളുമാക്കും. ചുറ്റുവട്ടങ്ങളിൽനിന്നും സമീപപ്രദേശങ്ങളിൽനിന്നുമെല്ലാം ചെറിയ കരാർ ജോലികളേറ്റു തുടങ്ങി.
സാമൂഹികപ്രവർത്തനങ്ങൾക്കിടെ ഷമീറിനുണ്ടായിരുന്ന വലിയൊരു സാമ്പത്തികബാധ്യതയും വെല്ലുവിളിയായി സുഹദയുടെ മുന്നിലുണ്ട്. ജോലിയിൽനിന്നു കിട്ടുന്ന പണം മിച്ചം പിടിച്ച് ചെറിയ കടങ്ങൾ തീർത്തുവരികയാണ് അവരിന്ന്. മക്കളായ ഷിഫാസ്, ഷിഫാന, മുഹമ്മദ് ഷമ്മാസ്, ഷാനിബ എന്നിവരുടെ കാര്യങ്ങളും നോക്കുന്നു. നാടിന്റെയും പിന്തുണയുണ്ട്.
വേനലായതോടെ കിണർ വൃത്തിയാക്കൽ ഉൾപ്പെടെയുള്ള ജോലികളും കരാർ ഏറ്റെടുക്കാൻ പോവുകയാണ് സുഹദയും ഷമീറിന്റെ സുഹൃത്തുക്കളും. ഉപകരണങ്ങൾ പണിസ്ഥലത്തെത്തിക്കുന്നതിലുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ ഡ്രൈവിങ് പഠിക്കാനും തീരുമാനിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികൾ നടത്തി ഷമീറിന്റെ ജീപ്പ് ഇതിനായി ഉപയോഗിക്കും. ഇതിനിടെ പത്താംതരം തുല്യതാപരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലുമാണ് സുഹദ.
Content Highlights: karimba shameer wife suhada-women commission-sthree sakthi award