കാപ്പ നിയമം സർക്കാർ നിർത്തലാക്കണം, ജയിലുകളാണ് ലഹരിക്കച്ചവടത്തിന്റെ പ്രധാന കേന്ദ്രങ്ങൾ- കൗൺസിലർ ആർ. സുഗതൻ

തിരുവനന്തപുരം: കാപ്പ നിയമം സർക്കാർ ആദ്യം നിർത്തലാക്കണമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതൻ. രാഷ്ട്രീയ പാർട്ടികൾക്കും പൊലീസിനും വ്യക്തിവൈരാഗ്യം തീർക്കാനുള്ള ഉപാധിയായി കാപ്പ നിയമം ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് സുഗതൻ ആരോപിച്ചു. ചെറിയ കേസുകളുടെയും വ്യക്തിവൈരാഗ്യത്തിന്റെയും പേരിൽ ആളുകൾക്കെതിരെ കാപ്പ ചുമത്തുമ്പോൾ നിരവധി കൊടുംകുറ്റവാളികൾ നിയമനടപടികളിൽനിന്ന് രക്ഷപ്പെടുകയാണെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. ജയിലുകൾ ലഹരിക്കച്ചവടത്തിന്റെ പ്രധാന കേന്ദ്രങ്ങളാണെന്നും അവിടെയാണ് തൂഫാൻ ആദ്യം എത്തേണ്ടതെന്നും സുഗതൻപറഞ്ഞു.
'കേരളത്തിൽ ആദ്യം നിർത്തലാക്കേണ്ടത് കാപ്പ നിയമമാണ്. രാഷ്ട്രീയ പാർട്ടികൾക്കും പോലീസിനും ദുരുപയോഗം ചെയ്യാൻവേണ്ടിയുള്ള നിയമമായി കാപ്പ മാറിയിരിക്കുകയാണ്. പോലീസിന് ആരോടെങ്കിലും വ്യക്തിവൈരാഗ്യമുണ്ടായാൽ ചെറിയൊരു കേസിന്റെ പേരിൽപ്പോലും കാപ്പ ചുമത്താനുള്ള നടപടികൾ ആരംഭിക്കും. അതേസമയം, എത്രയോ കൊടുംകുറ്റവാളികൾ ഒരു നടപടിയും നേരിടാതെ പുറത്തുകഴിയുന്നുണ്ട്. അത്തരക്കാർക്കെതിരെ കാപ്പ ചുമത്താത്തത് എന്തുകൊണ്ടാണ്? കാപ്പ നിയമം എങ്ങനെയാണ് ദുരുപയോഗം ചെയ്യപ്പെടുന്നതെന്ന് സർക്കാർ വ്യക്തമായി അന്വേഷിക്കണം.
ഞാനൊരു രാഷ്ട്രീയ പ്രവർത്തകനാണ്, ജനപ്രതിനിധിയാണ്. എന്നെപ്പോലും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. നിയമം നടപ്പാക്കേണ്ടത് കുറ്റകൃത്യങ്ങൾ തടയാനാണ്, അല്ലാതെ രാഷ്ട്രീയ എതിരാളികളെയും വ്യക്തിവൈരാഗ്യമുള്ളവരെയും വേട്ടയാടാനല്ല. അതുകൊണ്ടുതന്നെ കാപ്പ നിയമം സർക്കാർ നിർത്തലാക്കണമെന്നാണ് എന്റെ ആവശ്യം.
കുറ്റവാളികളെ തിരുത്തേണ്ട സംവിധാനങ്ങൾ അവരെ കൂടുതൽ വലിയ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജുവനൈൽ ഹോമുകളിലും ബോസ്റ്റൽ സ്കൂളുകളിലും കഴിയുന്ന ചെറുപ്പക്കാർ പിന്നീട് കാപ്പ ചുമത്തപ്പെട്ട് കൊടുംകുറ്റവാളികൾക്കൊപ്പം ജയിലിലെത്തുന്നു. അങ്ങനെയെങ്കിൽ ഇവരെ തിരുത്താനായി സ്ഥാപിച്ച സംവിധാനങ്ങളുടെ പ്രയോജനം എന്താണ്? ആദ്യം ജുവനൈൽ ഹോമിൽ, പിന്നീട് ബോസ്റ്റൽ സ്കൂളിൽ, അവിടെനിന്ന് കാപ്പ ചുമത്തപ്പെട്ട് ജയിലിലേക്ക്. ഇതാണോ കുറ്റവാളികളെ തിരുത്തുന്ന രീതി? ഇക്കാര്യത്തിൽ സർക്കാർ ഗൗരവമായി ഇടപെടണം.
ഓപ്പറേഷൻ തൂഫാൻ ആദ്യം നടപ്പാക്കേണ്ടത് ജയിലുകൾക്കുള്ളിലാണെന്ന് ഞാൻ നേരത്തേ പറഞ്ഞിരുന്നു. ആ പ്രസ്താവന ശരിവയ്ക്കുന്നതാണ് കണ്ണൂർ വനിതാ ജയിലിൽനിന്ന് എംഡിഎംഎ പിടികൂടിയ സംഭവം. വനിതാ ജയിലിൽ ഇതാണ് സ്ഥിതിയെങ്കിൽ മറ്റു ജയിലുകളിലെ അവസ്ഥ എന്തായിരിക്കും? കോടിക്കണക്കിന് രൂപയുടെ ലഹരിക്കച്ചവടമാണ് ജയിലുകൾ കേന്ദ്രീകരിച്ച് നടക്കുന്നത്. ഇത് ഇപ്പോഴത്തെ സർക്കാരിന്റെ കാലത്തുമാത്രം തുടങ്ങിയതല്ല. ഇടത് സർക്കാരുകളുടെ കാലത്തും ജയിലുകളിൽ ലഹരി ഇടപാടുകൾ നടന്നിട്ടുണ്ട്. കൊടി സുനി ഉൾപ്പെടെയുള്ളവർ എങ്ങനെയാണ് കോടീശ്വരന്മാരായതെന്ന് അന്വേഷിച്ചാൽ പല കാര്യങ്ങളും വ്യക്തമാകും.
ജയിലിൽ ആദ്യമായി എത്തുന്ന സാധാരണക്കാർക്ക് ഒന്നോ രണ്ടോ ദിവസം ഉറങ്ങാൻ പോലും കഴിയാത്ത സാഹചര്യമുണ്ടാകാറുണ്ട്. ഉറക്കമില്ലായ്മ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഇവരെ സൈക്യാട്രിസ്റ്റിന്റെ അടുത്തേക്ക് അയയ്ക്കും. അവിടെനിന്ന് മാനസിക രോഗമുള്ളവർക്ക് നൽകുന്ന ശക്തിയേറിയ മരുന്നുകൾ നൽകുന്നു. ഇത്തരം മരുന്നുകൾ കഴിക്കുന്നവർ ദിവസങ്ങൾക്കുള്ളിൽ മന്ദതയിലാകുകയും ഭക്ഷണംപോലും കഴിക്കാനാകാത്ത അവസ്ഥയിലെത്തുകയും ചെയ്യുന്നു. പിന്നീട് സാധാരണ നിലയിലേക്ക് മടങ്ങാൻ ബുദ്ധിമുട്ടുന്ന സാഹചര്യവും ഉണ്ടാകുന്നു. ഈ അവസ്ഥയിൽ പലതരത്തിലുള്ള ചൂഷണങ്ങൾക്കും അവർ വിധേയരാകുന്നു.
ഞാൻ കഴിഞ്ഞിരുന്ന ബ്ലോക്കുകളിൽ നേരിട്ട് ലഹരി ഇടപാടുകൾ കണ്ടിട്ടില്ല. എന്നാൽ, ജയിലിലെ മറ്റു ബ്ലോക്കുകളിൽനിന്ന് വരുന്നവരും മറ്റു ജയിലുകളിലേക്ക് മാറ്റപ്പെടുന്നവരുമായ നിരവധി തടവുകാരുമായി സംസാരിച്ചിട്ടുണ്ട്. അവരിൽനിന്ന് ജയിലിനുള്ളിലെ പല കാര്യങ്ങളും അറിയാൻ കഴിഞ്ഞിട്ടുണ്ട്. ജയിലുകളിലെ ലഹരി ഇടപാടുകളെയും മറ്റു ക്രമക്കേടുകളെയും കുറിച്ച് ഇനിയും ഒരുപാട് കാര്യങ്ങൾ വെളിപ്പെടുത്താനുണ്ട്. അതെല്ലാം വിശദമായി പിന്നീട് പറയാം', സുഗതൻ പറഞ്ഞു.
Content Highlights: BJP Councilor R. Sugathan demands the abolition of the KAPPA Act due to alleged political misuse., Claims prisons are the main hubs for the illegal drug trade in Kerala., Alleges that petty criminals and youth in juvenile homes are pushed into serious crimes., Cites the recovery of MDMA from Kannur Women's Prison to prove drug availability inside jails.