ആരെതിർത്താലും മതനിയമങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കുമെന്ന് കാന്തപുരം, പിന്തുണയുമായി സമസ്ത നേതൃത്വം

#ന്യൂസ് ഡെസ്ക്
കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ |ഫോട്ടോ:മാതൃഭൂമി
കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ |ഫോട്ടോ:മാതൃഭൂമി

കോഴിക്കോട്: ആരെതിർത്താലും മതനിയമങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമെന്നും തന്റെ മുൻനിലപാടിൽ മാറ്റമില്ലെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. സമസ്തയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത്ത് സമ്മേളനം നടത്താൻ ആഗ്രഹിക്കുന്നുണ്ട്. പ്രവാചകൻ മുഹമ്മദ് നബി കാണിച്ചുതന്ന ശരീഅത്ത് ആരെതിർത്താലും ഇവിടെ തുടർന്നും പറയുകതന്നെ ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കാന്തപുരത്തെ ഒറ്റപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്ന് സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ ആരോപിച്ചു. ആഗോളതലത്തിലുള്ള പണ്ഡിതന്മാരും പ്രമുഖ വ്യക്തിത്വങ്ങളും കാന്തപുരത്തിനൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാന്തപുരത്തിന് പിന്തുണയുമായി എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി എളമരം രംഗത്തെത്തി. നാലായിരത്തിലധികം പെൺകുട്ടികളെ ദത്തെടുത്ത്, അവർക്ക് മികച്ച വിദ്യാഭ്യാസം നൽകി വിവാഹം കഴിപ്പിച്ചുവിട്ട മഹത് വ്യക്തിത്വമാണ് കാന്തപുരം. സ്ത്രീകളെ പിന്നോട്ട് നയിക്കുന്ന ആളാണെന്ന് ചിത്രീകരിച്ച് അദ്ദേഹത്തെ സ്ത്രീവിരോധിയാക്കാനാണ് ചിലർ ശ്രമിക്കുന്നത്. എന്നാൽ പ്രവാചകൻ സ്ത്രീകളുടെ വിഷയങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയിരുന്നതായും അവർക്കായി ക്ലാസുകൾ എടുത്തിരുന്നതായും ഹദീസുകളിൽ വ്യക്തമാണ്. ഖുർആനിൽ സ്ത്രീകളുടെ വിശേഷങ്ങൾ ചർച്ച ചെയ്യുന്ന 'സൂറത്തുന്നിസാ' എന്ന അധ്യായവും, മറിയം ബീവിയുടെ നാമധേയത്തിലുള്ള അധ്യായവും ഉണ്ട്. അവഗണിക്കപ്പെട്ട ഒരു കാലഘട്ടത്തിലാണ് സ്ത്രീകൾക്ക് എല്ലാവിധ പരിഗണനയും നൽകി പ്രവാചകൻ നവോത്ഥാന പ്രവർത്തനങ്ങൾ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.