വി.സി കേസ് നടത്തിയത് സർവകലാശാലയ്ക്കെതിരേ; വക്കീൽഫീസ് നൽകിയതും അതേ സർവകലാശാല, ഒടുവിൽ തിരിച്ചടച്ചു

കണ്ണൂർ: കണ്ണൂർ സർവകലാശാലയ്ക്കെതിരായ കേസിൽ ഹാജരായ അഭിഭാഷകന് സർവകലാശാലാഫണ്ടിൽനിന്ന് അനുവദിച്ച നാലുലക്ഷംരൂപ അന്നത്തെ വൈസ് ചാൻസലർ തിരിച്ചടച്ചു. ഓഡിറ്റ് പരിശോധനയിൽ ക്രമക്കേട് ചൂണ്ടിക്കാണിച്ചതോടെയാണ് മുൻ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ പണമടച്ചത്. ഗോപിനാഥ് രവീന്ദ്രൻ വൈസ് ചാൻസലറായിരുന്നപ്പോൾ കണ്ണൂർ സർവകലാശാലയെത്തന്നെ എതിർകക്ഷിയാക്കി ഫയൽ ചെയ്ത കേസിലാണ് വക്കീൽഫീസ് അനുവദിക്കാൻ തീരുമാനിച്ച സിൻഡിക്കേറ്റിന്റെ അസാധാരണ നടപടിയുണ്ടായത്. തീരുമാനം ക്രമപ്രകാരമല്ലെന്നായിരുന്നു ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശം.
എപിജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട കേസിൽ 2022 ഒക്ടോബർ 21-ന് സുപ്രീംകോടതി വിധി വന്നതിന് പിറകെയായിരുന്നു സംഭവങ്ങളുടെ തുടക്കം. വിസി നിയമനത്തിന് പാനൽ നല്കുന്നതിന് പകരം ഒരാളുടെ പേര് മാത്രം ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലുള്ള നിയമനമാണ് സുപ്രീംകോടതി റദ്ദാക്കിയത്. ഈ വിധി കേരളത്തിലെ എല്ലാ സർവകലാശാലകൾക്കും ബാധകമാണെന്നതിനാൽ ഗോപിനാഥ് രവീന്ദ്രന്റെ നിയമനം ചാൻസലറായ ഗവർണർ റദ്ദാക്കി.
സെർച്ച്/സെലക്ഷൻ കമ്മിറ്റി ഗോപിനാഥ് രവീന്ദ്രന്റെ പേര് മാത്രം ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തെ 2017-ൽ വൈസ് ചാൻസലറായി ഗവർണർ നിയമിച്ചത്. 2021-ൽ പുനർനിയമനവും നല്കി. സുപ്രീംകോടതി വിധിവന്നതോടെ രാജിവെക്കാൻ 2022 ഒക്ടോബർ 24 -ന് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി അദ്ദേഹത്തിന് കത്ത് നല്കി. തുടരാൻ നിയമപരമായ അധികാരമുണ്ടെങ്കിൽ കാരണം കാണിക്കണമെന്നുള്ള നോട്ടീസും നല്കി.
ഈ നടപടിക്കെതിരേയാണ് ചാൻസലറെ ഒന്നാം എതിർകക്ഷിയും സംസ്ഥാന സർക്കാരിനെ രണ്ടാം എതിർകക്ഷിയും കണ്ണൂർ സർവകലാശാലയെ മൂന്നാം എതിർകക്ഷിയുമാക്കി ഗോപിനാഥ് രവീന്ദ്രൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഗോപിനാഥ് രവീന്ദ്രൻ ഫയൽ ചെയ്ത കേസിൽ വക്കീലിന് നല്കാൻ ഡിസംബർ 20-ന് ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് നാലുലക്ഷം രൂപ അനുവദിച്ചത്. അതേസമയംതന്നെ സർവകലാശാലയ്ക്കുവേണ്ടി ഹാജരായ വക്കീലിന് 6,000 രൂപ അനുവദിക്കുകയും ചെയ്തു. 23-ലെ ഓഡിറ്റ് റിപ്പോർട്ടിലാണ് തുക നൽകിയത് ക്രമപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയത്. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം 2023 നവംബറിൽ സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
Content Highlights: Former Kannur University VC Gopinath Ravindran repaid ₹4 lakh from university funds after an audit