കണ്ണൂർ സർവകലാശാല സാഹിത്യോത്സവം പ്രബീർ പുർകായസ്തയെ മുഖ്യാതിഥിയാക്കിയത് വിവാദത്തിൽ

കണ്ണൂര്‍: യു.എ.പി.എ. കേസില്‍ അറസ്റ്റിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ പ്രബീര്‍ പുര്‍കായസ്തയെ കണ്ണൂര്‍ സര്‍വകലാശാല സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുപ്പിച്ചതും ചടങ്ങില്‍ വൈസ് ചാന്‍സലര്‍ വിട്ടുനിന്നതും വിവാദത്തില്‍. പ്രബീര്‍ പുര്‍കായസ്തയെ പങ്കെടുപ്പിച്ചതിനെക്കുറിച്ച് വി.സി. ഡോ. കെ.കെ.സാജു വിശദീകരണം തേടി. യു.എ.പി.എ. കേസ് പ്രതിയായ വ്യക്തിയെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുപ്പിക്കുന്നത് അവസാന നിമിഷമാണ് വി.സി. അറിഞ്ഞത്.
11-ന് വൈകിട്ട് അഞ്ചിനായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചത്. ആ ദിവസം ഉച്ചയ്ക്കാണ് പ്രബീര്‍ പുര്‍കായസ്തയെയും മുഖ്യാതിഥിയാക്കിയ കാര്യം വി.സി. അറിയുന്നത്. അതോടെ അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നു. നടി നിഖില വിമലിനെമാത്രം മുഖ്യാതിഥിയാക്കാനാണ് ആദ്യം നിശ്ചയിച്ചത്. രാവിലെ നടന്ന സെഷനില്‍ മാത്രമാണ് പ്രബീറിന് പരിപാടി നിശ്ചയിച്ചത്.
വിദ്യാര്‍ഥി ക്ഷേമകാര്യ ഡയറക്ടര്‍ ഡോ. നഫീസ ബേബിയോടാണ് വി.സി. വിശദീകരണം തേടിയത്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനിച്ചതെന്ന വിശദീകരണമാണ് വി.സി.ക്ക് കിട്ടിയത്. സര്‍വകലാശാല യൂണിയനാണ് സാഹിത്യോത്സവം സംഘടിപ്പിച്ചത്. അനധികൃതമായി വിദേശഫണ്ട് സ്വീകരിച്ചത് ഉള്‍പ്പെടെയുള്ള കേസുമായി ബന്ധപ്പെട്ടാണ് ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടല്‍ ന്യൂസ് ക്ലിക്ക് സ്ഥാപകനായ ഇദ്ദേഹത്തെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഏഴുമാസത്തെ തടവിനുശേഷം മേയില്‍ പ്രബീറിന് സുപ്രീംകോടതി ജാമ്യം നല്‍കിയിരുന്നു.
Content Highlights: Kannur University Literary Festival made Prabir Purkayastha as chief guest