കണ്ണൂര്‍ ചെമ്പേരി ലൂര്‍ദ് മാതാ പള്ളിക്ക് ബസിലിക്ക പദവി; ഇനി, പരിശുദ്ധപിതാവിന്റെ പള്ളി

തലശ്ശേരി: കണ്ണൂര്‍ തലശ്ശേരി അതിരൂപതയിലെ ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോന ദേവാലയം ബസിലിക്ക പദവിയിലേക്ക്. ഇതുസംബന്ധിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അറിയിപ്പ് തലശ്ശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്ക് ലഭിച്ചു. ചെമ്പേരികൂടി വന്നതോടെ സിറോ മലബാര്‍ സഭയില്‍ അഞ്ച് ബസിലിക്കകളായി.
ബസിലിക്ക പദവിയിലേക്ക് ഉയര്‍ത്തുന്നതോടെ പരിശുദ്ധ പിതാവിന്റെ പള്ളി എന്ന ബഹുമതി ലഭിക്കും. മാര്‍പാപ്പ ഒരുസ്ഥലം സന്ദര്‍ശിക്കുമ്പോള്‍ ബസിലിക്കയില്‍വെച്ചാണ് ദൈവജനത്തോട് സംസാരിക്കുന്നത്. തലശ്ശേരി അതിരൂപത സ്ഥാപിച്ചതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കാന്‍ ഒരുങ്ങുമ്പോഴാണ് പുതിയ പ്രഖ്യാപനം.
1948-ല്‍ സ്ഥാപിതമായ ചെമ്പേരി ഇടവകയില്‍ 1400 കുടുംബങ്ങളുണ്ട്. പള്ളിയുടെ നവീകരണം നടക്കുകയാണ്. ഇത് പൂര്‍ത്തിയായി ഓഗസ്റ്റ് 14-ന് ബസിലിക്ക പ്രഖ്യാപനം നടക്കും. ഫാ. ജോര്‍ജ് കാഞ്ഞിരക്കാട്ടാണ് വികാരി. ഇടവക വികാരി ഇനി റെക്ടറെന്ന പേരിലാകും അറിയപ്പെടുക.
ബസിലിക്ക എന്നാല്‍
ചെമ്പേരി: റോമന്‍സഭയുമായും കത്തോലിക്കസഭയുടെ പരമോന്നത അധികാരിയായ മാര്‍പാപ്പായുമായുള്ള പ്രത്യേക ബന്ധത്തെ സൂചിപ്പിക്കുന്ന ഇടമാണ് ബസിലിക്ക. ആ പദവിയാണ് ചെമ്പേരിക്ക് ലഭിക്കുന്നത്. ബസിലിക്ക മധ്യസ്ഥയായ ലൂര്‍ദ് മാതാവിന്റെ തിരുനാള്‍ ദിവസം, വിശുദ്ധരായ പത്രോസ്-പൗലോസ് അപ്പോസ്തലന്മാരുടെ തിരുനാള്‍ദിനം, ബസിലിക്കയായി ഉയര്‍ത്തപ്പെട്ട വാര്‍ഷികദിനം എന്നീ ദിവസങ്ങളില്‍ ദണ്ഡവിമോചനം അനുവദിക്കും.
ലോകത്ത് ആകെയുള്ള നാല് മേജര്‍ ബസിലിക്കയും റോമിലാണ്. സെയ്ന്റ് പീറ്റേഴ്സ്, സെയ്ന്റ് ജോണ്‍ ലാറ്ററന്‍, സെയ്ന്റ് മേരി മേജര്‍, സെയ്ന്റ് പോള്‍ ഔട്ട്‌സൈഡ് ദ് വാള്‍ ബസിലിക്ക എന്നിവയാണ് നാല് മേജര്‍ ബസിലിക്ക. ഇവ പേപ്പല്‍ ബസിലിക്ക എന്നും അറിയപ്പെടുന്നു. മറ്റെല്ലാം മൈനര്‍ ബസിക്കയാണ്.
അര്‍ത്തുങ്കല്‍, വല്ലാര്‍പ്പാടം, തൃശ്ശൂര്‍ പുത്തന്‍പള്ളി പരിശുദ്ധ വ്യാകുലമാതാവിന്റെ ബസിലിക്ക, പള്ളിപ്പുറം മഞ്ഞുമാത, അടുത്തകാലത്ത് ബസിലിക്കപ്പദവി കിട്ടിയ മാഹി സെയ്ന്റ് തെരേസ പള്ളി തുടങ്ങിയവ മൈനര്‍ ബസിലിക്കകളാണ്. ബസലിക്കാപ്പദവി സൂചിപ്പിക്കുന്ന മൂന്ന് അടയാളങ്ങള്‍ ചെമ്പേരി പള്ളിയില്‍ ഇനി പ്രതിഷ്ഠിക്കും.
1. കുട: മഞ്ഞയും ചുവപ്പും വരകളാല്‍ രൂപകല്പനചെയ്ത പട്ടുമേലാപ്പിന്റെ കുട മാര്‍പാപ്പയുടെ അധികാരത്തിന്റെ പ്രതീകമാണ്.
2. മണികള്‍: പാപ്പയുമായുള്ള സഭയുടെ ബന്ധത്തെ സൂചിപ്പിക്കുന്നു. തൂണിലാണ് ഘടിപ്പിക്കുക.
3. പേപ്പല്‍ കുരിശിന്റെ താക്കോലുകള്‍: പാപ്പയുടെ പ്രതീകമാണ് ഈ താക്കോലുകള്‍. ക്രിസ്തു പത്രോസിന് നല്‍കിയ വാഗ്ദാനത്തെ ഇതു സൂചിപ്പിക്കുന്നു.
ചെമ്പേരിക്ക് അഭിമാനനിമിഷം, തലശ്ശേരി അതിരൂപതയ്ക്കും
തലശ്ശേരി: പരിശുദ്ധ ലൂര്‍ദ് മാതാവിന്റെ പേരില്‍ പ്രതിഷ്ഠിച്ച ചെമ്പേരി ഫൊറോന ദേവാലയത്തിന് അഭിമാനനിമിഷമാണ് ബസിലിക്കാപ്പദവി പ്രഖ്യാപനം. 1948-ല്‍ രൂപവത്കരിച്ച ചെമ്പേരി ഇടവക പ്ലാറ്റിനം ജൂബിലിയാഘോഷത്തിന് ഒരുങ്ങവെയാണ് ബസിലിക്കാപ്പദവി ലഭിക്കുന്നത്. മലയോരഗ്രാമത്തിന്റെ സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക-വൈജ്ഞാനിക മണ്ഡലങ്ങളിലും ആധ്യാത്മികരംഗത്തും കുടിയേറ്റജനത ആര്‍ജിച്ച നേട്ടങ്ങളുടെ പ്രതീകമാണ് പരിശുദ്ധ ലൂര്‍ദ് മാതാ പള്ളി.
കുടിയേറ്റത്തിന്റെ ആദ്യനാളുകളിലെ പ്രതിസന്ധികളിലും കഷ്ടപ്പാടുകളിലും ലൂര്‍ദ് മാതാവിന്റെ സംരക്ഷണം തേടിയിരുന്നതായി പഴയ തലമുറ ഓര്‍ക്കുന്നു. മാധ്യസ്ഥം തേടി നാനാജാതി മതസ്ഥര്‍ ദിവസവും ഈ ദേവാലയത്തില്‍ എത്തുന്നു. 1965-ല്‍ ചെമ്പേരി ഫൊറോനയായി ഉയര്‍ത്തി. ഇതിന്റെ കീഴില്‍ 21 ഇടവകകള്‍. പിന്നീട് ഈ ഫൊറോന വിഭജിച്ച് ചെമ്പന്തൊട്ടി, പൈസക്കരി എന്നീ രണ്ട് ഫൊറോന രൂപവത്കരിച്ചു.
തലശ്ശേരി അതിരൂപതയിലെ പ്രമുഖമായ കുടിയേറ്റ മേഖലയാണ് ചെമ്പേരി. 1954-ല്‍ മോണ്‍. ജേക്കബ് വാരിക്കാട്ട് ചെമ്പേരി ഇടവകയുടെ പ്രഥമ വികാരിയായി നിയമിതനായി. ആ കാലത്താണ് ദേവാലയം നിര്‍മിച്ചത്. തലശ്ശേരി അതിരൂപത രൂപവത്കരിക്കുന്നതിന് മുന്‍പ് കോഴിക്കോട് രൂപതയില്‍നിന്നുള്ള വൈദികരാണ് ചെമ്പേരിയിലെ കുടിയേറ്റ ജനതയുടെ ആത്മീയകാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്.
മോണ്‍. ജേക്കബ് വാരിക്കാട്ടിനുശേഷം ഫാ. പോള്‍ വഴുതലക്കാട്ട്, ഫാ. അഗസ്റ്റിന്‍ തുരുത്തിമറ്റം, ഫാ. തോമസ് കരിങ്ങാലിക്കാട്ടില്‍, ഫാ. തോമസ് മൂലക്കുന്നേല്‍, ഫാ. തോമസ് നിലയ്ക്കപ്പള്ളില്‍, ഫാ. ഫ്രാന്‍സിസ് ആറുപറ, ഫാ. ജേക്കബ് പുത്തന്‍പുര, ഫാ. സെബാസ്റ്റ്യന്‍ ജോസഫ് കാഞ്ഞിരക്കാട്ട്, ഫാ. ജോസഫ് കുറ്റാരപ്പള്ളില്‍, ഫാ. വര്‍ക്കി കുന്നപ്പള്ളി, ഫാ. ജോര്‍ജ് കൊല്ലക്കൊമ്പില്‍, ഫാ. ജോണ്‍ കല്ലുങ്കല്‍, ഫാ. ജോര്‍ജ് നരിപ്പാറ, ഫാ. മാത്യു പാലമറ്റം, ഫാ. ജോസഫ് കരിനാട്ട് എന്നിവര്‍ ചെമ്പേരി ഇടവകയില്‍ വികാരിമാരായി സേവനം ചെയ്തു.
ചെമ്പേരി എന്ന മാതൃദേവാലയം
ചെമ്പേരി: കുടിയേറ്റത്തിന്റെ ആദ്യകാലത്ത് കോഴിക്കോട് ലത്തീന്‍ രൂപതയുടെ കീഴില്‍ സ്ഥാപിച്ചതാണ് ചെമ്പേരി പള്ളി. നിരവധി ദേവാലയങ്ങളുടെ മാതൃസ്ഥാനമുണ്ട് ഈ പള്ളിക്ക്. സിറോ മലബാര്‍ സഭയുടെ കീഴില്‍ തലശ്ശേരി രൂപതാ സ്ഥാപനത്തിനുശേഷം പള്ളി കൈമാറുകയായിരുന്നു.
അറബിക്കടല്‍ തീരം മുതല്‍ കുടക് അതിര്‍ത്തിവരെ വിസ്തൃതമായ പ്രദേശങ്ങള്‍ ചെമ്പേരിയുടെ കീഴിലായിരുന്നു. 1956-ല്‍ ആലക്കോട് പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ പള്ളി സ്ഥാപിച്ചത് ചെമ്പേരി ഫൊറോനയുടെ കീഴിലാണ്. ബസലിക്ക പദവി വിശ്വാസികള്‍ക്കിടയില്‍ വലിയ സന്തോഷമാണ് ഉണ്ടാക്കിയിട്ടുള്ളത്.
12 ഇടവകകളുള്ള ഫൊറോന
നിലവില്‍ 12 ഇടവകകളുള്ള ഫൊറോനയാണ് ചെമ്പേരി. നൂറിലധികം വൈദികരും മുന്നൂറിലധികം കന്യാസ്ത്രീകളും ചെമ്പേരി അതിരൂപതയില്‍നിന്ന് തിരുസഭാ സേവനത്തിനായി ദൈവവിളി സ്വീകരിച്ചിട്ടുണ്ട്. മലയോര ഹൈവേയിലാണ് ദേവാലയം സ്ഥിതി ചെയ്യുന്നത്. 1400 കുടുംബങ്ങളുള്ള ചെമ്പേരി ഇടവക ഇനി മലബാറിലെ ഏറ്റവും വലിയ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമാകും എന്ന് പ്രതീക്ഷിക്കുന്നു.
നിലവിലെ ദേവാലയത്തിന്റെ പുനഃരുദ്ധാരണ പ്രവൃത്തി ഓഗസ്റ്റ് 14-ന് പൂര്‍ത്തിയാകും. ബസിലിക്ക പ്രഖ്യാപനത്തിന്റെ പ്രത്യേക ആഘോഷം അന്ന് നടക്കും. ബസിലിക്ക റെക്ടര്‍ ഫാദര്‍ ജോര്‍ജ് കാഞ്ഞിരക്കാട്ടിന്റെയും സഹവികാരിമാരുടെയും പള്ളി കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിലാണ് ആഘോഷം ക്രമീകരിക്കുന്നത്.
Content Highlights: kannur thalassery lourde matha church chemperi gets basilica status