റേഷൻകടയിൽ 'പോറ്റിയേ കേറ്റിയേ' പാട്ടുവെച്ചു; ചോദ്യംചെയ്ത CPM ലോക്കൽ സെക്രട്ടറിയെ മർദിച്ചെന്ന് പരാതി

കണ്ണൂർ: 'പോറ്റിയേ...കേറ്റിയേ...' പാരഡി പാട്ട് വെച്ചത് ചോദ്യംചെയ്ത സിപിഎം ലോക്കൽ സെക്രട്ടറിയെ മർദിച്ചെന്ന് പരാതി. കണ്ണൂർ മയ്യിൽ മുല്ലക്കൊടി അരിമ്പ്രയിലാണ് സംഭവം. സിപിഎം ലോക്കൽ സെക്രട്ടറിയായ മുല്ലക്കൊടി സ്വദേശിയായ മനോഹരനാണ് മർദനമേറ്റത്. മനോഹരന്റെ പരാതിയിൽ ഭാസ്‌കരൻ എന്നയാൾക്കെതിരേ കേസെടുത്തു. അതേസമയം, തന്നെ മർദിച്ചെന്ന് ആരോപിച്ച് ഭാസ്‌കരനും പരാതി നൽകി. ഈ പരാതിയിൽ മനോഹരനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
ജനുവരി മൂന്നാംതീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. മുല്ലക്കൊടി അരിമ്പ്രയിലെ സുഹൃത്തിന്റെ റേഷൻകടയിൽ ഭാസ്‌കരൻ തന്റെ മൊബൈൽഫോണിൽ 'പോറ്റിയേ... കേറ്റിയേ...' പാരഡിഗാനം ഉച്ചത്തിൽവെച്ചിരുന്നു. അവിടെയുണ്ടായിരുന്ന സിപിഎം ലോക്കൽ സെക്രട്ടറിയായ മനോഹരൻ ഇത് ചോദ്യംചെയ്യുകയും തുടർന്ന് മനോഹരനെ ഭാസ്‌കരൻ മർദിച്ചെന്നുമാണ് പരാതി. സ്ഥിരമായി ഉച്ചത്തിൽ ഈ പാട്ടുവെയ്ക്കുന്നത് ചോദ്യംചെയ്തതിനാണ് തന്നെ മർദിച്ചതെന്ന് സിപിഎം ലോക്കൽ സെക്രട്ടറി മനോഹരൻ മൊഴി നൽകിയിട്ടുണ്ട്.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിൽ ഭാസ്‌കരന്റെ ഭാര്യ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ സിപിഎം ലോക്കൽ സെക്രട്ടറിയായ മനോഹരൻ തന്നെ മർദിച്ചെന്നാണ് ഭാസ്‌കരന്റെ പരാതി.
Content Highlights: A dispute over Pottiye Kettiye Song at a Kannur ration shop escalated to an alleged assault on a CPM local secretary. Read the full story and see what happened.