കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 14 നിലകളിൽ ക്വാർട്ടേഴ്‌സ് സമുച്ചയം വരുന്നു; പൈലിങ് പ്രവൃത്തി തുടങ്ങി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 14 നിലകളിൽ ക്വാർട്ടേഴ്സ് സമുച്ചയം വരുന്നു. കിഴക്കുഭാഗത്തെ നിർദിഷ്ട റെയിൽവേ കോളനി സ്ഥലത്താണ് പണിയുന്നത്. റെയിൽവേ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും വേണ്ടിയുള്ള 110 ക്വാർട്ടേഴ്സുകളാണ് നിർമിക്കുന്നത്. ഇതിന്റെ പൈലിങ് പ്രവൃത്തി തുടങ്ങി.

റെയിൽ ലാൻഡ് ഡിവലപ്‌മെന്റ് അതോറിറ്റിയുടെ (ആർഎൽഡിഎ) മേൽനോട്ടത്തിലാണ് പ്രവൃത്തി നടത്തുന്നത്. സ്റ്റേഷന്റെ കിഴക്കുഭാഗത്ത് 2.26 ഏക്കർ ഭൂമിയിലാണ് ക്വാർട്ടേഴ്സും ഓഫീസും ഒരു കുടക്കീഴിൽ വരുന്ന കോളനിപദ്ധതി വരുന്നത്. ഇവിടെയുണ്ടായിരുന്ന പഴയ ക്വാർട്ടേഴ്‌സുകൾ പൊളിച്ചുമാറ്റിയിരുന്നു.

ടെക്‌സ്വർത്ത് ഇന്റർനാഷണൽ എന്ന കമ്പനിക്കാണ് ആർഎൽഡിഎ നിർമാണ ടെൻഡർ നൽകിയത്. കണ്ണൂർ പഴയ ബസ്സ്റ്റാൻഡിന് പിറകിലുള്ള റെയിൽവേ ക്വാർട്ടേഴ്‌സുകൾ, വിവിധ എൻജിനിയറിങ് ഓഫീസുകൾ ഉൾപ്പെടെ ഈ ഭാഗത്തേക്ക് വരും. 12,280 ചതുരശ്ര മീറ്ററാണ് കണ്ണൂരിലുള്ളത്. കോളനി റീ ഡിവലപ്മെന്റ് പദ്ധതിക്കായുള്ള പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസിയെ നേരത്തേ നിയമിച്ചിരുന്നു.

നിലവിൽ സ്റ്റേഷന്റെ പടിഞ്ഞാറുഭാഗം 4.93 ഏക്കറിൽ ഷോപ്പിങ് സെന്റർ ഉൾപ്പെടെ വാണിജ്യാവശ്യങ്ങൾക്ക് സ്ഥലം പാട്ടത്തിന് നൽകിയിരുന്നു. ഇവിടെയുണ്ടായിരുന്ന പഴയ ക്വാർട്ടേഴ്സുകൾ പൊളിച്ചിരുന്നു. ജീവനക്കാരെ പടിഞ്ഞാറുഭാഗത്ത് പുതിയ ക്വാർട്ടേഴ്സ് കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു.

റെയിൽവേ പൊതു മേൽപ്പാലം പണി തുടങ്ങിയില്ല

ടെൻഡർ നടപടി പൂർത്തിയായ പൊതു മേൽനടപ്പാലം (പബ്ലിക് ഫൂട്ട്ഓവർ ബ്രിഡ്ജ്) പ്രവൃത്തി ഇനിയും തുടങ്ങിയില്ല. മുനീശ്വരൻകോവിൽ-പ്രസ്‌ക്ലബ് ജങ്ഷനുമായി ബന്ധിപ്പിക്കുന്ന മേൽപ്പാലത്തിന്റെ മണ്ണ് പരിശോധനയടക്കം പൂർത്തിയായിരുന്നു. പ്രവൃത്തി ഉടൻ തുടങ്ങുമെന്നാണ് പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ മധുകർ റോട്ട് കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നത്.

കിഴക്കുഭാഗത്ത് പുതിയ റെയിൽവേ ലൈനുകൾ വരാനുള്ള സാധ്യതയുള്ളതിനാൽ മേൽപ്പാലത്തിന്റെ നീളം കൂട്ടാനുള്ള നിർദേശമടക്കം പരിഗണനയിലുണ്ട്. പുതിയ രൂപകല്പന പ്രകാരമാണ് പ്രവൃത്തി തുടങ്ങേണ്ടത്. ഒരുവർഷത്തിലധികമായി പൊതുമേൽനടപ്പാലം പൊളിച്ചിട്ടിരിക്കുകയാണ്.

Content Highlights: A 14-story residential complex with 110 quarters for railway employees is under construction at Kannur Railway Station. Piling work has begun for this major development.