പണിതത് പാലാരിവട്ടം പാലംപണിത അതേകരാറുകാർ; 'നെഞ്ചുകീറി' പാപ്പിനിശ്ശേരി പാലം, നെഞ്ചിൽകൈവെച്ച് യാത്ര

പാപ്പിനിശ്ശേരി(കണ്ണൂര്‍): നെഞ്ചുകീറിയ മേല്‍പ്പാലത്തിലൂടെ നെഞ്ചില്‍ കൈവെച്ചൊരു യാത്ര -അതാണ് പിലാത്തറ-പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിലെ പാപ്പിനിശ്ശേരി മേല്‍പ്പാലം കടക്കല്‍. രണ്ട് സ്ലാബുകള്‍ക്കിടയിലെ എക്സ്പാന്‍ഷന്‍ ജോയിന്റില്‍ കോണ്‍ക്രീറ്റ് പൊട്ടി കമ്പികള്‍ പുറത്ത് വന്നിരിക്കുകയാണ്. ചെറിയ ചക്രങ്ങളുള്ള ബൈക്കും ഓട്ടോറിക്ഷയും കുഴിയില്‍ വീണ് ഏതുനിമിഷവും ജീവന്‍ പൊലിയാമെന്ന സ്ഥിതിയിലാണ് പാലമുള്ളത്. വെളിച്ചക്കുറവും വളവും ചരിവും അപകടസാധ്യത കൂട്ടുന്നു.
കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്കിടയില്‍ വലിയ ഇരുമ്പുപാളിയുടെ രണ്ടു ഭാഗത്തും കൂര്‍ത്ത കമ്പികളുമുള്ള കുഴി ഓരോ വാഹനം പോകുമ്പോഴും ഞെടുങ്ങി വലുതായിക്കൊണ്ടിരിക്കുകയാണ്. സ്വതവേ ദുര്‍ബലമായ പാലത്തിലെ കുഴിയില്‍ വലിയ വാഹനങ്ങള്‍ വീഴുമ്പോഴുള്ള കുലുക്കം പേടിപ്പിക്കുന്നതാണ്. മൈക്രോ കോണ്‍ക്രീറ്റിന്റെ പേരില്‍ ഇട്ട സിമന്റ് മിശ്രിതം ഇന്ന് കുഴികള്‍ക്കുള്ളില്‍ വലിയ കല്ലിന് സമാനമായി ഇളകിനില്‍ക്കുകയാണ്. ചുരുക്കത്തില്‍ കൂര്‍ത്ത കമ്പികളും പാറക്കല്ലുകള്‍ക്ക് സമാനമായി കോണ്‍ക്രീറ്റ് കട്ടകളുമുള്ള കുഴികള്‍ താണ്ടി മേല്‍പ്പാലം കടക്കാനായാല്‍ രക്ഷപ്പെട്ടെന്ന് കൂട്ടിയാല്‍ മതി.
നാഥനില്ലാപ്പാലം
2018-ല്‍ പാലം തുറന്നുകൊടുത്തപ്പോള്‍ ഒരു വര്‍ഷമായിരുന്നു കരാറുകാരന് അറ്റകുറ്റപ്പണിക്കുള്ള കാലമായി കണക്കാക്കിയിരുന്നത്. അത് കഴിഞ്ഞപ്പോള്‍ പൊതുമരാമത്ത് ഏറ്റെടുക്കേണ്ടതാണെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മേല്‍പ്പാലം ഏറ്റെടുക്കാന്‍ വകുപ്പ് തയ്യാറായില്ല. അതോടെ റോഡിന് നാഥനായെങ്കിലും മേല്‍പ്പാലം അനാഥമായി. അപാകം പരിഹരിച്ചാല്‍ ഏറ്റെടുക്കാമെന്ന നിലപാടില്‍ പൊതുമരാമത്ത് വകുപ്പ് ഉറച്ചുനിന്നതോടെയാണ് പാലത്തിന്റെ കഷ്ടകാലം തുടങ്ങിയത്.
അഴിമതിക്ക് പേരുകേട്ട കൊച്ചി പാലാരിവട്ടം പാലം പണിത ആര്‍ഡിഎസ് പ്രൊജക്ട്സ് ലിമിറ്റഡാണ് പാപ്പിനിശ്ശേരിയിലെ മേല്‍പ്പാലത്തിന്റെയും കരാറുകാര്‍. കരറുകാരനെക്കൊണ്ട് അറ്റകുറ്റപ്പണി ചെയ്യിച്ച് ഗതാഗതയോഗ്യമാക്കാനുള്ള ശ്രമങ്ങള്‍ ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കല്‍ മാത്രമായി മാറുകയാണ്. ബിറ്റുമിന് മുകളില്‍ സിമന്റുകൊണ്ട് കോണ്‍ക്രീറ്റ് ചെയ്ത് കുഴികള്‍ അടക്കാനുള്ള ശ്രമങ്ങള്‍ പാളിത്തുടങ്ങിയിരിക്കുന്നു. മഴക്കാലത്ത് റോഡ് അടച്ചിട്ട് നടത്തിയ പണിയെല്ലാം ചൂട് കൂടിത്തുടങ്ങിയതോടെയാണ് പൊളിയാന്‍ തുടങ്ങിയത്.
ഒരു വിളക്കുപോലും കത്തുന്നില്ല
മേല്‍പ്പാലത്തിന്റെ ഉദ്ഘാടന ദിവസം നിറയെ വെളിച്ചം കണ്ടിരുന്നെങ്കിലും ഇന്ന് ബാക്കിയുള്ളത് വിളക്കുകാലുകള്‍ മാത്രമാണ്. അരികിലൂടെ സ്ഥാപിച്ചിരുന്ന ഇരുമ്പുപൈപ്പ് കണ്ണില്‍ കുത്തുന്ന രീതിയില്‍ പാലത്തിന്റെ കിഴക്കുഭാഗത്ത് പൊങ്ങി നില്‍ക്കുകയാണ്. ദേശീയപാത നവീകരണം നടക്കുന്നതിനാല്‍ മേല്‍പ്പാലം വഴിയുള്ള ഗതാഗതം പതിന്മടങ്ങ് കൂടിയിട്ടുണ്ട്. ഇടുങ്ങിയ പാലത്തിന് മുകളിലുടെ വലിയ ഭാരവാഹനങ്ങള്‍ക്കും ചീറിപ്പായുന്ന ആംബുലന്‍സുകള്‍ക്കുമിടയില്‍ ഇരുചക്രവാഹനങ്ങള്‍ പോകുന്നത് കണ്ടാല്‍ ആരുടെയും ഉള്ളൊന്നു കാളും.
Content Highlights: The Pappinissery overbridge in Kannur, Kerala, is in dire condition.