'തൂണിലുംതുരുമ്പിലും ദൈവം, മണ്ണിലും ജനമനസ്സിലും സഖാവ് PJ';പാർട്ടികോൺഗ്രസിന് പിന്നാലെ കണ്ണൂരിൽ ഫ്ലക്സ്

കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസ് സമാപിച്ചതിന് പിന്നാലെ കണ്ണൂരിൽ പി. ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്ലക്സ് ബോർഡുകൾ. തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് പറയുന്നതുപോലെ ഈ മണ്ണിലും ജനമനസ്സിലും എന്നെന്നും സഖാവ് നിറഞ്ഞുനിൽക്കുമെന്നാണ് ബോർഡുകളിലുള്ളത്. പാർട്ടി ശക്തി കേന്ദ്രങ്ങളിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. 'റെഡ് യങ്സ് കക്കോത്ത്' എന്ന പേരിലാണ് ഫ്ലക്സ്.
കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ പി. ജയരാജൻ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുമെന്ന് അദ്ദേഹത്തിന്‍റെ അനുകൂലികൾ പ്രതീക്ഷിച്ചിരുന്നു. പ്രായപരിധി മാനദണ്ഡം മൂലം ഇനിയൊരു അവസരം ജയരാജനുണ്ടാകില്ലെന്നും ഇത്തവണ അദ്ദേഹം സെക്രട്ടറിയേറ്റിൽ ഉണ്ടാകുമെന്നുമായിരുന്നു പ്രതീക്ഷ. എന്നാൽ, അതുണ്ടായില്ല. ഇതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ അടക്കമുണ്ടായേക്കാവുന്ന പ്രതിഷേധ പോസ്റ്റുകൾക്ക് തടയിടാൻ കണ്ണൂർ ജില്ലാ നേതൃത്വമടക്കം കടുത്ത ജാഗ്രത പുലർത്തിയിരുന്നു.
സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയില്ലെങ്കിലും കേന്ദ്രകമ്മിറ്റിയിൽ അദ്ദേഹം ഉൾപ്പെടുമെന്ന് അനുകൂലിക്കുന്നവർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, മധുരയിൽ സമാപിച്ച പാർട്ടി കോൺഗ്രസിലും അതുണ്ടായില്ല. ഇതിന് പിന്നാലെയാണ് പി. ജയരാജനെ അനുകൂലിച്ച് പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ ഫ്ലക്സ് ഉയർന്നത്. സാമൂഹ്യമാധ്യമങ്ങളിലും അദ്ദേഹത്തിന് അനുകൂലമായ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Content Highlights: kannur p jayarajan support flex