ഉദ്ഘാടനവേദിയില്‍ സിപിഎം ജില്ലാ സെക്രട്ടറി; വിഴിഞ്ഞത്തിന് പിറകെ മുഴപ്പിലങ്ങാട്ടും വിവാദം

മുഴുപ്പിലങ്ങാട്-ധര്‍മടം സമഗ്ര ബീച്ച് ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ട പൂര്‍ത്തീകരണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍നിന്നുള്ള ദൃശ്യം
മുഴുപ്പിലങ്ങാട്-ധര്‍മടം സമഗ്ര ബീച്ച് ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ട പൂര്‍ത്തീകരണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍നിന്നുള്ള ദൃശ്യം

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ച് ടൂറിസം പദ്ധതി ഉദ്ഘാടനവേദിയില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ക്ഷണിക്കാതെ പങ്കെടുത്തുവെന്ന് വിമര്‍ശം. ഞായറാഴ്ച മുഖ്യമന്ത്രി ഉദ്ഘാടകനായി എത്തിയ വേദിയിലാണ് രാഗേഷ് പങ്കെടുത്തത്. വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനപരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വേദിയില്‍ ഇരുന്നതിന്റെ പേരില്‍ വിവാദമുണ്ടാക്കിയ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആയിരുന്നു അധ്യക്ഷന്‍. രാഗേഷ് പരിപാടിയില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച് ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തി.

വിഴിഞ്ഞം പദ്ധതി ഉദ്ഘാടനവേദിയിലിരുന്ന രാജീവ് ചന്ദ്രശേഖറിനെ വെള്ളപൂശാനാണ് ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുന്നതെന്ന് രാഗേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. വിഴിഞ്ഞം പദ്ധതി ഉദ്ഘാടനം രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിച്ച ബിജെപിയും പ്രസിഡന്റും നാണംകെട്ടുനില്‍ക്കുമ്പോഴാണ് തനിക്കെതിരേ വിമര്‍ശം ഉന്നയിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രിയെന്ന നിലയ്ക്കാണ് രാജീവ് ചന്ദ്രശേഖറിനെ ക്ഷണിച്ചതെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ മുന്‍ കേന്ദ്രമന്ത്രിമാര്‍ എത്രയുണ്ടെന്നും രാഗേഷ് ചോദിച്ചു.

മുഴപ്പിലങ്ങാട്ട് നടന്ന ചടങ്ങില്‍ മുന്‍ എംപിയെന്നാണ് രാഗേഷിനെ ചടങ്ങില്‍ സ്വാഗതം പറഞ്ഞ ടൂറിസം ഡയറക്ടര്‍ ശിഖാ സുരേന്ദ്രന്‍ ഉള്‍പ്പെടെ അഭിസംബോധന ചെയ്തത്. മുന്‍ എംപിയെന്ന നിലയില്‍ പങ്കെടുപ്പിക്കാനാണെങ്കില്‍ ജില്ലയില്‍ മുന്‍ എംപിമാരായി സിപിഎം നേതാക്കളായ പി.കെ. ശ്രീമതിയും പാട്യം രാജനുമുള്‍പ്പെടെ വേറെയുമുണ്ട്.

മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്തുമ്പോള്‍ ബന്ധപ്പെട്ട പാര്‍ട്ടിയുടെ അതത് ജില്ലയിലെ പ്രമുഖ നേതാക്കള്‍ അനുഗമിക്കുന്നത് പതിവാണ്. പരിപാടി നടക്കുന്ന വേദിയില്‍ മുന്‍നിരയില്‍ ഇരിക്കാറുമുണ്ട്. മന്ത്രിമാരെത്തുമ്പോള്‍ അതത് പാര്‍ട്ടിയെ അറിയിക്കുന്നതാണ് കീഴ്വഴക്കം. ഇനി നടക്കുന്ന ഔദ്യോഗിക പരിപാടികളില്‍ പാര്‍ട്ടിനേതാക്കളുടെ വേദിയിലെ പങ്കാളിത്തം എങ്ങനെയായിരിക്കുമെന്നാണ് ചര്‍ച്ചയാകുന്നത്.

കെ.കെ. രാഗേഷിന്റെത് അല്പത്തരം-മാര്‍ട്ടിന്‍ ജോര്‍ജ്

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ക്ഷണിച്ചാലും ഇല്ലെങ്കിലും വേദിയിലിരിക്കാന്‍ അധികാരമുണ്ടെന്ന സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ നിലപാട് തികഞ്ഞ അല്പത്തരമാണെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്. വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനപരിപാടിയില്‍ പിണറായി സര്‍ക്കാര്‍ ക്ഷണിച്ച് വേദിയിലിരുത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേരത്തെ വേദിയില്‍ കയറിയതിന്റെ പേരില്‍ വിവാദമുണ്ടാക്കിയ വ്യക്തിയാണ് മന്ത്രി മുഹമ്മദ് റിയാസ്. അദ്ദേഹം അധ്യക്ഷനായ മുഴപ്പിലങ്ങാട് ബീച്ച് വികസനത്തിന്റെ ഉദ്ഘാടനപരിപാടിയിലാണ് ക്ഷണിക്കാതെ കെ.കെ. രാഗേഷ് വേദിയില്‍ സ്ഥാനം പിടിച്ചത്-പത്രക്കുറിപ്പില്‍ പറഞ്ഞു.

സിപിഎം നേതൃത്വം മറുപടി പറയണം-ബിജു ഏളക്കുഴി

മുഴുപ്പിലങ്ങാട്-ധര്‍മടം സമഗ്ര ബീച്ച് ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ട പൂര്‍ത്തീകരണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് വേദിയിലെത്തിയ സംഭവത്തില്‍ പാര്‍ട്ടിനേതൃത്വം മറുപടി പറയണമെന്ന് ബിജെപി കണ്ണൂര്‍ സൗത്ത് ജില്ലാ അധ്യക്ഷന്‍ ബിജു ഏളക്കുഴി ആവശ്യപ്പെട്ടു. ഡിടിപിസി സംഘടിപ്പിച്ച ഉദ്ഘാടനപരിപാടിയില്‍ പ്രാദേശിക സിപിഎം നേതാവിന്റെ പേരാണുണ്ടായിരുന്നത്. അത് മറികടന്നാണ് ജില്ലാ സെക്രട്ടറിയായ കെ.കെ. രാഗേഷ് വേദിയിലെത്തിയത്. പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പങ്കെടുത്തതിനെതിരേ രംഗത്തുവന്ന സിപിഎം നേതൃത്വം കെ.കെ. രാഗേഷിന്റെ സാന്നിധ്യത്തെക്കുറിച്ച് മറുപടി പറയാന്‍ തയ്യാറാകണം-പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Content Highlights: kannur muzhapilangad inauguration ceremony controversy