അപകടം വീട്ടിലെത്താൻ അരമണിക്കൂർ മാത്രം ശേഷിക്കെ; അർധരാത്രി വിവാഹ വീടിനെ നടുക്കി കാറപകടം

കണ്ണൂര്‍ ചാലോട് ഉണ്ടായ അപകടത്തിന്റെ ദൃശ്യം |ഫോട്ടോ:മാതൃഭൂമി
കണ്ണൂര്‍ ചാലോട് ഉണ്ടായ അപകടത്തിന്റെ ദൃശ്യം |ഫോട്ടോ:മാതൃഭൂമി

കണ്ണൂർ: വിവാഹത്തിന്റെ മുന്നോടിയായുള്ള ആഘോഷപരിപാടിക്കിടെയാണ് അപകടവിവരമറിഞ്ഞ് ബന്ധുക്കൾ വെള്ളിയാഴ്ച അർധരാത്രിയിൽ ആശുപത്രിയിലെത്തിയത്. തന്റെ അടുത്ത ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ കർണാടക സ്വദേശികളായ നാല് കൂട്ടുകാരുമൊത്താണ് അലവിൽ സ്വദേശിയായ ഷാൻ ബെംഗളൂരുവിൽനിന്ന് വൈകീട്ട് നാട്ടിലേക്ക് പുറപ്പെട്ടത്.

വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച ഞായറാഴ്ചയും വിവാഹാഘോഷച്ചടങ്ങുകളുള്ളതിനാൽ അതിൽ പങ്കെടുക്കാനാണ് സഹപാഠികളും കൂട്ടുകാരുമായ നാലുപേർക്കൊപ്പം ഷാൻ വന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. കൂട്ടുകാർക്കൊപ്പം സന്തോഷോത്തോടെയുള്ള യാത്രയാണ് വീട്ടിലെത്താൻ അരമണിക്കൂർ മാത്രം അവശേഷിക്കെ അപകടത്തിൽ കലാശിച്ചത്.

മരത്തിലിടിച്ച് തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് അഞ്ചുപേരെയും പുറത്തെടുത്തതെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞു. വിവാഹാഘോഷത്തിന് അണിയാനുള്ള വസ്ത്രങ്ങളടക്കം കാറിൽ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. ഏറെ സാഹസപ്പെട്ടാണ് ഇവരെ ആസ്പത്രിയിലെത്തിച്ചതെന്ന് മട്ടന്നൂരിലെ ആംബുലൻസ് ഡ്രൈവർ സുധീഷ് പറഞ്ഞു. രാത്രി 11.35-ഓടെയാണ് അപകടവിവരമറിഞ്ഞ് ആംബുലൻസുമായി പുറപ്പെടുന്നത്.

ഓരോരുത്തരെയായി ഓരോ ആംബുലൻസിലായി കയറ്റിവിട്ടു. തന്റെ ആംബുലൻസിൽ കയറ്റിയ ആൾക്ക് സി.പി.ആർ. കൊടുക്കാൻ ശ്രമിച്ചെങ്കിലും നില കൂടുതൽ വഷളാണെന്ന് തോന്നിയതിനാൽ ഉടൻ ആസ്പത്രിയിലേക്ക് കുതിക്കുകയായിരുന്നു.

കണ്ണൂർ ചാലോട് ഉണ്ടായ അപകടത്തിന്റെ ദൃശ്യം |ഫോട്ടോ:മാതൃഭൂമി

അപകടവിവരമറിഞ്ഞ് അർധരാത്രി 12.30-ഓടെയാണ് വിവാഹവീട്ടിൽനിന്ന് ബന്ധുക്കൾ ഒട്ടേറെ വാഹനങ്ങളിലായി ചാലയിലെ ബി.എം.എച്ച്. ആസ്പത്രിയിലെത്തിയത്. കൂടെ അപകടത്തിൽപ്പെട്ടവരുടെ പേരുവിവരങ്ങളും മറ്റും ബന്ധുക്കൾക്ക് അറിവുണ്ടായിരുന്നില്ല.

പഠനം പൂർത്തിയാക്കി രണ്ടുമാസം മുൻപാണ് ഷാനും കൂട്ടുകാർക്കും ബെംഗളൂരുവില വിവിധ കമ്പനികളിൽ ജോലി കിട്ടിയത്. ഇവരെല്ലാം ബെംഗളൂരുവിലെ ഒരേ കോളേജിലാണ് പഠിച്ചത്. ജോലി കിട്ടിയശേഷം കൂട്ടുകാർക്കൊപ്പമുള്ള കൂടിച്ചേരലും ഒന്നിച്ചുള്ള യാത്രയുമാണ് ദുരന്തത്തിലേക്ക് വഴിമാറിയത്.

Content Highlights: Four individuals died in a car accident near Chalode on the Kannur-Mattannur highway., The vehicle lost control and struck a tree while traveling from Bengaluru to Kannur., Local residents and rescue services used hydraulic cutters to extract victims., Police have initiated a formal investigation into the cause of the crash., Victims included a local resident and individuals from North India.