ഷംസീറിനെ സെക്രട്ടറിയാക്കണം, MV ഗോവിന്ദനെ മാത്രം പഴിപറയാനാവില്ല, ശെെലജയെ ഒതുക്കിയെന്ന തോന്നലുണ്ടായി-CPM സ്വയംവിമർശനം

കണ്ണൂർ: കണ്ണൂർ സി.പി.എം. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പാർട്ടി പ്രവർത്തനങ്ങളിലെ വീഴ്ചകളും സംഘടനാരംഗത്തെ പാളിച്ചകളും ചൂണ്ടിക്കാട്ടി ഉയർന്നത് കടുത്ത സ്വയംവിമർശനം. ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തിൽ പാർട്ടിക്ക് തെറ്റുപറ്റിയിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുമ്പോഴും വിഷയം ജനങ്ങൾക്കുമുന്നിൽ വേണ്ടത്ര വിശദീകരിക്കുന്നതിലും ബോധ്യപ്പെടുത്തുന്നതിലും പയ്യന്നൂർ ഏരിയാ കമ്മിറ്റിക്ക് വീഴ്ചയുണ്ടായതായി യോഗത്തിൽ വിലയിരുത്തി. പയ്യന്നൂരിലെ പാർട്ടിയുടെ തോൽവിയുടെ ഉത്തരവാദിത്വം ഏരിയാ കമ്മിറ്റിക്കാണെന്നും ചർച്ചകളിൽ വിമർശനമുയർന്നു.
പാർട്ടിയെ വഞ്ചിക്കുക എന്ന അജൻഡയോടെ പ്രവർത്തിച്ച കുഞ്ഞികൃഷ്ണന്റെ പാർട്ടി വിരുദ്ധ നിലപാടുകൾ തിരിച്ചറിയുന്നതിൽ പയ്യന്നൂർ ഏരിയാ കമ്മിറ്റിക്ക് പരാജയം സംഭവിച്ചു. ഇതിനുപുറമേ, മട്ടന്നൂർ, പയ്യന്നൂർ ഏരിയാ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾക്കെതിരെയും വിമർശനമുയർന്നു.
കെ.കെ. ശൈലജയെ പേരാവൂരിൽ മത്സരിപ്പിച്ചത് അവരെ പാർട്ടിയിൽ ഒതുക്കാൻ വേണ്ടിയാണെന്ന പ്രചാരണം ജനങ്ങൾ വിശ്വസിച്ചതും തിരിച്ചടിയായതായി യോഗം വിലയിരുത്തി. എം.വി. ഗോവിന്ദനെതിരേ ഭാര്യയെ സ്ഥാനാർഥിയാക്കുന്നതിൽ ഇടപെട്ടു എന്ന വിമർശനമുയർന്നെങ്കിലും, കേന്ദ്രീകൃത ജനാധിപത്യ സ്വഭാവമുള്ള പാർട്ടിയിൽ ഒരാളെമാത്രം കുറ്റപ്പെടുത്താനാകില്ലെന്ന് വ്യക്തമാക്കി ചില നേതാക്കൾ അദ്ദേഹത്തെ പിന്തുണച്ചു. അതേസമയം, എ.എൻ. ഷംസീറിനെ ജില്ലാ സെക്രട്ടറിയാക്കണമെന്ന ആവശ്യവും ചില പ്രതിനിധികൾ ചർച്ചകളിൽ ഉന്നയിച്ചു.
യോഗം ഇന്ന് അവസാനിക്കും. കണ്ണൂർ നഗരത്തിൽ ദസറ, മഹാനവമി ആഘോഷങ്ങൾ നടക്കുന്നതിനാൽ വിപുലീകൃത സംസ്ഥാന സമിതിയോട് അനുബന്ധിച്ചുള്ള റാലി ഈ മാസം 25-ലേക്ക് മാറ്റിവെച്ചിട്ടുണ്ട്.