പയ്യന്നൂരിൽ MLA-യുടെ രാജി ആവശ്യപ്പെട്ട കോൺഗ്രസുകാർക്ക് നേരെ CPM ആക്രമണം, മർദനം പോലീസ് നോക്കിനിൽക്കേ

#ന്യൂസ് ഡെസ്ക്ക്
Photo - mathrubhumi news
Photo - mathrubhumi news

കണ്ണൂർ: പയ്യന്നൂരിൽ കോൺഗ്രസ് പ്രകടനത്തിനുനേരെ സിപിഎം അതിക്രമം. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ എംഎൽഎ ടി.ഐ. മധുസൂദനൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസിന്റെ പ്രതിഷേധം. വൈകീട്ട് അഞ്ചരയോടെ നടത്തിയ പ്രകടനത്തിലേക്ക് സിപിഎം പ്രവർത്തകരെത്തി ആക്രമണം നടത്തുകയായിരുന്നു. എംഎൽഎയുടെ ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു.

വി. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലിന് പിന്നാലെ പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രകടനം പയ്യന്നൂരിലെത്തിയതോടെ പ്രദേശത്ത് തമ്പടിച്ച സിപിഎം പ്രവർത്തകർ പ്രതിഷേധത്തിനിടയിലേക്ക് കയറുകയും ആക്രമണം നടത്തുകയും ചെയ്തത്. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കാണ് മർദനമേറ്റത്. മുപ്പതോളം വരുന്ന സിപിഎം പ്രവർത്തകർ ആക്രമണം നടത്തിയെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

യൂത്ത് കോൺഗ്രസ് പയ്യന്നൂർ മണ്ഡലം പ്രസിഡന്റ്, കെ.എസ്.യു. കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് മർദനമേറ്റു. പ്രദേശത്ത് പോലീസുണ്ടായിരിക്കേയാണ് ആക്രമണം നടന്നത്.

2011-ലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിൽ ലക്ഷങ്ങളുടെ തിരിമറി നടന്നു. 2016 ജൂലായ് 11-ന് കൊല്ലപ്പെട്ട ധനരാജിന്റെ പേരിൽ പിരിച്ച ഫണ്ട് ചെലവഴിക്കുന്നതിലും വരവ് കാണിക്കുന്നതിലും കൃത്രിമം കാണിച്ചെന്നടക്കമുള്ള ആരോപണമാണ് വി.കുഞ്ഞിക്കൃഷ്ണൻ കഴിഞ്ഞ ദിവസം ഉന്നയിച്ചത്.

Content Highlights: CPM Accused of Attacking Congress Protest in Payyanur Over Alleged Fund Scam