മൂര്‍ഖനെ പിടിച്ച് കുപ്പിയിലാക്കി കുട്ടിക്കൂട്ടം; കടിയേല്‍ക്കാഞ്ഞതിനാല്‍ അപകടം ഒഴിവായി

പാമ്പിനെ പിടിച്ച് കുപ്പിയിലാക്കിയപ്പോൾ
പാമ്പിനെ പിടിച്ച് കുപ്പിയിലാക്കിയപ്പോൾ

കണ്ണൂര്‍: ഇരിട്ടിയില്‍ കുന്നോത്ത് വിഷപ്പാമ്പിനെ പിടിച്ച് കുപ്പിയിലാക്കി കുട്ടികള്‍. കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതോടെ വ്യാഴാഴ്ച കണ്ണൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. വീട്ടുമുറ്റത്ത് കണ്ട പാമ്പിനെ പിടിച്ച് കുപ്പിയിലാക്കി ഫോറസ്റ്റ് അധികൃതരെ ഏൽപ്പിക്കാനായിരുന്നു കുട്ടികളുടെ ശ്രമം.

പാമ്പിനെ പിടിച്ചതിന് ശേഷം ഒരു കുട്ടി രക്ഷിതാവിന്  ചിത്രം അയച്ചുകൊടുത്തപ്പോഴാണ് കുപ്പിയിലായത് മൂര്‍ഖാനയാണെന്ന് മനസിലാക്കുന്നത്. രക്ഷിതാവ് വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചതോടെ അവർ വീട്ടിലെത്തി പാമ്പിനെ കാട്ടില്‍ കൊണ്ടുപോയി വിടുകയായിരുന്നു. ഭാഗ്യം കൊണ്ടുമാത്രമാണ് കുട്ടികള്‍ പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടതന്ന് രക്ഷിതാവ് പറഞ്ഞു. ഇത്തരം കളികള്‍ ഒഴിവാക്കണമെന്ന് രക്ഷിതാക്കള്‍ കുട്ടികളോട് ആവശ്യപ്പെട്ടു.  

പാമ്പ് പിടുത്തത്തിന്റെ വീഡിയോകള്‍ കുട്ടികളില്‍ സ്വാധീനം ചെലുത്തുന്നതിന്റെ തെളിവാണ് ഈ സംഭവം. പ്രത്യേക പരിശീലനം നേടിയ വിദഗ്ധരാണ് പാമ്പ് പോലുള്ള വിഷജീവികളെ കൈകാര്യം ചെയ്യേണ്ടത്. ഇത് കുട്ടികള്‍ അനുകരിക്കാന്‍ ശ്രമിച്ചാല്‍ വലിയ അപകടത്തിന് കാരണമാകും. 

Content Highlights: Children capture cobra snakes and put it in bottles at iritty kannur