ഫലപ്രഖ്യാപനത്തിന് ഒരാഴ്ചമാത്രം; വോട്ടെണ്ണലിൽ അക്രമസാധ്യത, കണ്ണൂരിലെ 23 കേന്ദ്രങ്ങളിൽ കനത്ത സുരക്ഷ

പ്രതീകാത്മക ചിത്രം | ചിത്രീകരണം: വിജേഷ് വിശ്വം
പ്രതീകാത്മക ചിത്രം | ചിത്രീകരണം: വിജേഷ് വിശ്വം

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റ ഫലപ്രഖ്യാപനത്തിനുശേഷം ഉണ്ടായേക്കാവുന്ന അക്രമങ്ങൾ തടയാൻ ഇന്റലിജൻസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 23 കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയൊരുക്കാൻ പോലീസ്. ചില സ്ഥാനാർഥികൾക്കും അവരുടെ വീടുകൾക്കും പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. പാർട്ടി ഓഫീസുകൾ, വീടുകൾ എന്നിവ പോലീസ് നിരീക്ഷണത്തിലാണ്.

അക്രമസാധ്യതയുള്ള സ്ഥലങ്ങളിൽ പോലീസ് സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെയും അനുയായികളുടെയും വീടുകൾക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. സംഘർഷമേഖലയിൽ 150-ഓളം നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. 35 എണ്ണം ഇതിനകം സ്ഥാപിച്ചു. പയ്യന്നൂർ മണ്ഡലത്തിലെ കോത്തായിമുക്ക്, വെള്ളൂർ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ക്യാമറ സ്ഥാപിച്ചത്. കൂടാതെ വീടുകൾ കേന്ദ്രീകരിച്ച് സി.സി.ടി.വി. സ്ഥാപിക്കാൻ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പോലീസ് നിർദേശമുണ്ട്. പയ്യന്നൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിൽ യു.ഡി.എഫ്. പിന്തുണയോടെ സ്വതന്ത്രരായി മത്സരിച്ച സ്ഥാനാർഥികളെ അനുകൂലിക്കുന്ന 35 പേർക്ക് പോലീസിന്റെ പ്രത്യേക സംരക്ഷണവും നീരീക്ഷണവുമുണ്ടാകും. അവരുടെ വീടുകൾക്കും സുരക്ഷയൊരുക്കും. പയ്യന്നൂരിലെ സ്ഥാനാർഥി വി.കുഞ്ഞികൃഷ്ണന്റെ വീടിനുണ്ടായിരുന്ന പോലീസ് സുരക്ഷ കൂട്ടിയിട്ടുണ്ട്.

രാത്രിപരിശോധനയും അർധസൈന്യത്തിന്റെ കാവലും

ഫലപ്രഖ്യാപനത്തിന് ഒരാഴ്ചമാത്രം ബാക്കിനിൽക്കെ അക്രമസാധ്യത കണക്കിലെടുത്ത് രാത്രികാല പട്രോളിങ് ശക്തമാക്കാൻ തീരുമാനം.

തളിപ്പറമ്പ്, പയ്യന്നൂർ നിയോജകമണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങൾ, തലശ്ശേരി, മയ്യിൽ, മട്ടന്നൂർ, ധർമടം, കണ്ണവം, പാനൂർ, ചൊക്ലി, ന്യൂമാഹി, കൊളവല്ലൂർ എന്നിവിടങ്ങളിലും കനത്ത സുരക്ഷയൊരുക്കും. പോലീസിന് പുറമെ അർധസൈനികരെയും സംഘർഷസാധ്യതയുള്ള കേന്ദ്രങ്ങളിൽ വിന്യസിപ്പിക്കും.

ജില്ലയിലേക്കുള്ള എല്ലാ അതിർത്തികളിലും പരിശോധന കർശനമാക്കി. എല്ലാ പോലീസ് സ്റ്റേഷനുകളിലും 48 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌ട്രൈക്കിങ് ഫോഴ്‌സ് രൂപവത്കരിച്ചു. ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ 10 പേരടങ്ങുന്ന ഇതരസംസ്ഥാന പോലീസ് ഉൾപ്പെടെയുള്ള സായുധസംഘമാണ് സ്‌ട്രൈക്കിങ് ഫോഴ്‌സിലുണ്ടാകുക. രണ്ട് പോലീസ് സ്റ്റേഷൻ പരിധയിൽ ഒരു സ്‌ട്രൈക്കിങ് ഫോഴ്‌സ് എന്ന ക്രമമാണെങ്കിലും ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഓരോ പോലീസ് സ്റ്റേഷനിലും ചുമതലയുണ്ടാകും.

Content Highlights: Deployment of 150 CCTV cameras in high-risk areas across Kannur., Enhanced security for candidates and party offices in Payyannur and Taliparamba., Formation of 48-hour striking forces in every police station., Deployment of paramilitary forces to prevent post-election violence., Strict border checks and increased night patrolling.