ശിവാനിയെ തേടി ബന്ധുക്കളെത്തി, സ്നേഹോഷ്മളമായ യാത്രയയപ്പിന് സാക്ഷിയായി അമലാഭവൻ

#പി.പി. അനീഷ് കുമാര്‍
മേലെചൊവ്വ അമലാഭവൻ മാനേജർ സിസ്റ്റർ മരീനയ്ക്ക് സ്നേഹചുംബനം നൽകുന്ന ശിവാനി | ഫോട്ടോ: ലതീഷ് പൂവ്വത്തൂർ
മേലെചൊവ്വ അമലാഭവൻ മാനേജർ സിസ്റ്റർ മരീനയ്ക്ക് സ്നേഹചുംബനം നൽകുന്ന ശിവാനി | ഫോട്ടോ: ലതീഷ് പൂവ്വത്തൂർ

കണ്ണൂർ: കർണാടക രജിസ്‌ട്രേഷനുള്ള കാറിൽ ജന്മനാട്ടിലേക്ക് യാത്രതിരിക്കും മുൻപ് ശിവമ്മ എന്ന ശിവാനി (44) എല്ലാവരെയും ചേർത്തുപിടിച്ചു. സിസ്റ്റർമാർക്ക് സ്‌നേഹചുംബനം നൽകി. പിന്നെ ഒൻപതുവർഷം താങ്ങായി നിന്നവരോട് യാത്രപറഞ്ഞ് ഉറ്റവരോടൊപ്പം പിറന്ന നാട്ടിലേക്കുള്ള യാത്ര. സ്‌നേഹോഷ്മളവും വികാരനിർഭരവുമായ യാത്രയയപ്പിന് സാക്ഷ്യം വഹിച്ചത് കണ്ണൂർ മേലെചൊവ്വയിലെ അമലാഭവൻ. ഇവിടത്തെ അന്തേവാസിയായ കർണാടക സ്വദേശി ശിവാനിയെയാണ് വ്യാഴാഴ്ച ബന്ധുക്കളെത്തി നാട്ടിലേക്ക് കൊണ്ടുപോയത്.

2017 ജൂലായ് ഒന്നിനാണ് കണ്ണൂർ നഗരത്തിൽ കണ്ടെത്തിയ യുവതിയെ ടൗൺ പോലീസ് അമലാഭവനിലെത്തിച്ചത്. റായ്പുരാണ് സ്വദേശമെന്നും കാറിൽ ഇവിടെയെത്തിയെന്നും മാത്രമേ ചെറിയ തോതിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ശിവമ്മ എന്ന് പേരുള്ള യുവതിക്ക് അറിയാമായിരുന്നുള്ളൂ. 90 അന്തേവാസികളുള്ള അമലാഭവനിൽ ഇവർ 91-ാമത്തെ അംഗമായി. ശിവമ്മ എന്ന പേര് 'ശിവാനി'യായി. സിസ്റ്റർമാരോടും അന്തേവാസികളോടും പെട്ടെന്ന് അടുപ്പമായി. മലയാളം തെറ്റില്ലാതെ സംസാരിക്കാൻ പഠിച്ചു. നാട്ടിലേക്ക് തിരികെപോകാൻ ഇടയ്‌ക്കൊക്കെ ആഗ്രഹം പ്രകടിപ്പിച്ചു. ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷന് (എഫ്.സി.സി.) കീഴിൽ റീജണൽ സുപ്പീരിയറായി ബെൽത്തങ്ങാടി മേഖലയിൽ സേവനമനുഷ്ഠിക്കുന്ന സിസ്റ്റർ ഡെയ്‌സിയാണ് ശിവാനിയുടെ ബന്ധുക്കളെ കണ്ടെത്താൻ നിമിത്തമായത്. അമലാഭവനിലെത്തിയ സിസ്റ്റർ ഡെയ്‌സി കന്നഡയിൽ ശിവാനിയോട് സംസാരിച്ചപ്പോൾ കർണാടകയിലെ റായ്പുരാണ് അവരുടെ സ്വദേശമെന്നറിഞ്ഞു. തുടർന്ന് സിസ്റ്റർ ഡെയ്‌സി ബെൽത്തങ്ങാടി പോലീസുമായി ബന്ധപ്പെട്ടാണ് ശിവാനിയുടെ ബന്ധുക്കളെ കണ്ടെത്തിയത്. കാണാതായ ശിവാനിക്കുവേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു ഇത്രയും നാൾ അവരുടെ കുടുംബം. വിവാഹിതയായ ശിവാനിക്ക് ഒരു മകനുണ്ട്.

സഹോദരൻ മല്ലയ്യ, സഹോദരഭാര്യ ലക്ഷ്മി, ബന്ധുവായ ദുർഗപ്പ, റായ്പുർ പോലീസ് സേനാംഗം ഹനുമന്ത എന്നിവരാണ് ശിവാനിയെ കൊണ്ടുപോകാനെത്തിയത്. അമലാഭവൻ മാനേജർ സിറ്റർ മരീനയും സഹപ്രവർത്തകരും ചേർന്ന് യാത്രയയപ്പ് നൽകി. വിവിധ സാഹചര്യങ്ങളിൽ എത്തപ്പെട്ട മുപ്പതോളം പേർ അമലാഭവനിൽ ഇപ്പോഴും ഉറ്റവരെക്കാത്ത് കഴിയുന്നുണ്ട്. ബ്രദർ ജോസഫ് ചാരുപ്ലാക്കലാണ് സ്ഥാപനത്തിന്റെ ഡയറക്ടർ.

Content Highlights: Shivani was found in Kannur in 2017 and sheltered at Amala Bhavan for 9 years., Sister Daisy from the FCC congregation facilitated the search by communicating in Kannada., Shivani's family from Raichur, Karnataka, was located with the help of Belthangady police., The emotional reunion highlights the efforts of Amala Bhavan in caring for destitute individuals.