ആറളത്ത് മനഃപൂര്‍വമായ താമസം ഉണ്ടായിട്ടില്ല, അടിക്കാട് വെട്ടിത്തെളിക്കാന്‍ സ്‌പെഷ്യല്‍ ഡ്രൈവ്- മന്ത്രി

എ.കെ. ശശീന്ദ്രൻ | ഫോട്ടോ:  ഇ വി രാഗേഷ്   മാതൃഭൂമി
എ.കെ. ശശീന്ദ്രൻ | ഫോട്ടോ: ഇ വി രാഗേഷ് മാതൃഭൂമി

കണ്ണൂര്‍: ആറളത്ത് അടിക്കാടുകള്‍ വെട്ടിത്തെളിക്കാന്‍ തദ്ദേശവാസികളായ 50 പേരെ കൂടി ഉള്‍പ്പെടുത്തി പത്തുദിവസത്തെ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതിനായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫണ്ട് വിനിയോഗിക്കാനാകുമെന്നാണ് കണക്കാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആറളത്ത് അഞ്ചുകിലോമീറ്റര്‍ ദൂരത്തില്‍ സോളാര്‍ തൂക്കുവേലി നിര്‍മാണത്തിന് ജില്ലാ പഞ്ചായത്തും ആറളം ഗ്രാമപ്പഞ്ചായത്തും ചേര്‍ന്ന് 36 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് ഈ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും. ആനമതില്‍ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി സണ്ണി ജോസഫ് എം.എല്‍.എ.യുടേയും കളക്ടറുടെയും നേതൃത്വത്തില്‍ വെള്ളിയാഴ്ച സ്ഥലപരിശോധന നടത്തും. തുടര്‍ന്ന്, ആനമതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

മനഃപൂര്‍വമായ ഒരു താമസവും ഉണ്ടായിട്ടില്ല

മനുഷ്യസഹജമായ കാലതാമസം അല്ലാതെ മനഃപൂര്‍വമായ ഒരു താമസവും ആറളത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നിന് ഉണ്ടായിട്ടില്ലെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ പറഞ്ഞു.

വനംവകുപ്പ് ഉദ്യോഗസ്ഥരെ കൊണ്ട് മാത്രം പ്രശ്‌നം പൂര്‍ണതോതില്‍ പരിഹരിക്കാനുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത്. അതിനാല്‍, ഈ പ്രദേശങ്ങളില്‍ 24 മണിക്കൂറും പട്രോളിങ് നടത്തുന്നുണ്ടെന്ന് പോലീസ് ഉറപ്പുവരുത്തുമെന്നും തീരുമാനങ്ങള്‍ കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാന്‍ എം.എല്‍.എ. കണ്‍വീനറായി ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഉള്‍പ്പെടുന്ന മോണിറ്ററിങ് സമിതി രൂപവത്കരിച്ചിട്ടുണ്ട്.

കൊളച്ചേരി ഗ്രാമപ്പഞ്ചായത്തില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിക്കാനിടയായ സാഹചര്യം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി.അബ്ദുള്‍മജീദ് ചൂണ്ടിക്കാട്ടി. അവിടെ വനംവകുപ്പിന്റെ സ്‌ക്വാഡ് പരിശോധന നടത്തും. ജനങ്ങളും ഉദ്യോഗസ്ഥരും ഭരണകൂടവും ഒരുമിച്ചുനിന്നാല്‍ മാത്രമേ പ്രശ്‌നപരിഹാരം ഉണ്ടാകൂ. പ്രശ്‌നങ്ങള്‍ വളരെ വേഗത്തില്‍ പരിഹരിക്കും. ആറളത്ത് ജനങ്ങളുടെ പ്രയാസങ്ങളോട് അനുഭാവപൂര്‍വമായ നിലപാട് സ്വീകരിച്ചുകൊണ്ടുതന്നെ ഇപ്പോള്‍ നടത്തിവരുന്ന രാപകല്‍ സമരങ്ങളില്‍നിന്ന് പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു.

സണ്ണി ജോസഫ് എം.എല്‍.എ., ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന്‍, ആറളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ്, കളക്ടര്‍ അരുണ്‍ കെ.വിജയന്‍, റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാല്‍, വനംകുപ്പ് ഉത്തരമേഖല സി.സി.എഫ്. കെ.സി.ദീപ, ഡി.എഫ്.ഒ. എസ്. വൈശാഖ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Content Highlights: kannur alalam wild animals attack forest minister explanation