നവീൻ ബാബുവിന്റെ മരണം;കൊലപാതകമെന്ന് സംശയിക്കാൻ തെളിവില്ലെന്ന് പോലീസ്, അന്വേഷണം ഏറ്റെടുക്കാമെന്ന് CBI

നവീൻ ബാബു | ഫോട്ടോ: ലതീഷ് പൂവത്തൂർ\മാതൃഭൂമി
നവീൻ ബാബു | ഫോട്ടോ: ലതീഷ് പൂവത്തൂർ\മാതൃഭൂമി

കൊച്ചി: കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സി.ബി.ഐ. ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്നും പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നുമായിരുന്നു സർക്കാർ നിലപാട്. കേസ് ഡയറി പരിശോധിച്ചശേഷം ഇക്കാര്യത്തിൽ വിശദവാദം കേൾക്കുമെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി. സി.ബി.ഐ. അന്വേഷണമാവശ്യപ്പെടുന്ന ഭാര്യ മഞ്ജുഷയുടെ ഹർജി 12-ന് വീണ്ടും പരിഗണിക്കും.

കേസ് ഡയറി ഹാജരാക്കാൻ നേരത്തേ നിർദേശിച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല. അന്വേഷണറിപ്പോർട്ടും സമർപ്പിച്ചിട്ടില്ല. കഴിഞ്ഞദിവസം മറ്റൊരു ബെഞ്ചായിരുന്നു വിഷയം പരിഗണിച്ചത്. ഹർജി പരിഗണിച്ചപ്പോൾ അന്വേഷണത്തിന് സി.ബി.ഐ. തയ്യാറാണോയെന്ന് കോടതി ചോദിച്ചു. ഹൈക്കോടതി ഉത്തരവിട്ടാൽ ഏറ്റെടുക്കാമെന്നായിരുന്നു മറുപടി. എന്നാൽ കേസിൽ സി.ബി.ഐ. അന്വേഷണം ആവശ്യമുണ്ടോ എന്നതാണ് ചോദ്യമെന്ന് കോടതി പറഞ്ഞു. പോലീസ് അന്വേഷണം പക്ഷപാതപരമാണെന്നതിന് നിലവിൽ തെളിവുകളില്ല. പ്രതിക്ക് രാഷ്ട്രീയസ്വാധീനമുള്ളതുകൊണ്ട് മാത്രം കേസ് വഴിതെറ്റിയെന്ന് പറയാനാകില്ല.

കണ്ണൂർ കമ്മിഷണറാണ് പ്രത്യേക അന്വേഷണസംഘത്തിന് മേൽനോട്ടം വഹിക്കുന്നത്. ഇതിൽ തൃപ്തിയുണ്ടോ എന്നും ഉയർന്ന ഉദ്യോഗസ്ഥൻ വേണമെന്ന അഭിപ്രായമുണ്ടോയെന്നും ഹർജിക്കാരിയോട് ആരാഞ്ഞു. നരഹത്യയടക്കം സംശയിക്കുന്നതിനാൽ സി.ബി.ഐ അന്വേഷണം വേണമെന്ന വാദത്തിൽ ഹർജിക്കാരി ഉറച്ചുനിന്നു. നവീന്റെ ദേഹപരിശോധനയിലും ഇൻക്വസ്റ്റിലും പരിക്കുകൾ കണ്ടെത്തിയോ എന്നും കോടതി ചോദിച്ചു. ഇല്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. സർക്കാരിനോട് എതിർസത്യവാങ്‌മൂലം സമർപ്പിക്കാനും നിർദേശിച്ചു.

നവീൻ ബാബുവിന്റെ മരണം കൊലപാതകമെന്ന് സംശയിക്കാൻ തെളിവില്ലെന്ന് പോലീസ്

കൊച്ചി: കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻ ബാബുവിന്റെ മരണം കൊലാപാതകമാണെന്ന് സംശയിക്കാൻ നിലവിൽ തെളിവുകളില്ലെന്ന് പോലീസ്. ബന്ധുക്കൾ വരാൻ വൈകിയതിനാലാണ് ഇൻക്വസ്റ്റ് സ്വതന്ത്രരായ അഞ്ചുപേരുടെ സാന്നിധ്യത്തിൽ നടത്തിയത്. സി.സി.ടി.വി. ദൃശ്യങ്ങളടക്കമുള്ള തെളിവുകൾ ശേഖരിച്ചു.

പ്രതിയായ പി.പി. ദിവ്യ, കൈക്കൂലിപരാതി ഉന്നയിച്ച പ്രശാന്തൻ എന്നിവരുടെ ഫോൺകോൾ റെക്കോഡുകൾ പരിശോധിച്ചതായും അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ ടൗൺ എസ്.എച്ച്.ഒ. ശ്രീജിത് കൊടേരി അഡീഷണൽ പബ്ലിക് പ്രോസിക്യുട്ടർ പി. നാരായണൻ വഴി ഹൈക്കോടതിയിൽ നൽകിയ എതിർസത്യവാങ്മൂലത്തിൽ പറയുന്നു. അന്വേഷണസംഘത്തെ നിയന്ത്രിക്കുന്നത് ഭരണകക്ഷിയായ സി.പി.എം. അല്ലെന്നും ഇതിൽ പറയുന്നു.

സി.ബി.ഐ. അന്വേഷണം ആവശ്യമില്ല. ജില്ലാപോലീസ് മേധാവിയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം പ്രവർത്തിക്കുന്നത്. കണ്ണൂർ ഡി.ഐ.ജി.യുടെ മേൽനോട്ടവുമുണ്ട്. രണ്ടാഴ്ചകൂടുമ്പോൾ നോർത്ത് സോൺ ഐ.ജി.യെ അന്വേഷണപുരോഗതിയും അറിയിക്കുന്നുണ്ട്.

Content Highlights: kannur adm death CBI is ready to take up the investigation