ഓഫീസിൽ അഴിച്ചുവെച്ച യൂണിഫോമിൽ നായ്ക്കുരണപ്പൊടിയിട്ടെന്ന് പരാതി; സംഭവം കഞ്ചിക്കോട് അഗ്നിരഷാ നിലയത്തിൽ

പാലക്കാട്: ഡ്യൂട്ടിക്കെത്തി യൂണിഫോം ധരിച്ചപ്പോഴാണ് ചൊറിച്ചിൽ തുടങ്ങിയത്. പിന്നീടാണ് ഷർട്ടിൽ നായക്കുരണപ്പൊടിയുണ്ടെന്ന് മനസ്സിലായത്. ഓഫീസിനകത്ത് അഴിച്ചുസൂക്ഷിച്ച ഷർട്ടിൽ എങ്ങനെ നായ്ക്കുരണപ്പൊടി വന്നുവെന്നായി സംശയം. പിന്നീട് പരാതിയായി, പഴിപറച്ചിലായി. സംഭവം പുറത്തായതോടെ ജില്ലാ അധികാരി തെളിവെടുപ്പിനെത്തുന്നു.
കഞ്ചിക്കോട് അഗ്‌നിരക്ഷാനിലയത്തിലാണ് നായ്കുരണപ്പൊടി പ്രയോഗമെന്ന പരാതി ഉയർന്നത്. ജനുവരി ഏഴിനാണ് സംഭവം. അഗ്‌നിരക്ഷാ നിലയത്തിലെ അസി. ഫയർ ഓഫീസർ ബെന്നി കെ.ആൻഡ്രൂസാണ് പരാതിക്കാരൻ. തലേന്ന് അഴിച്ചുമാറ്റിവെച്ച യൂണിഫോം രാവിലെയെത്തി ധരിച്ചപ്പോഴാണ് ബെന്നിക്ക് ചൊറിച്ചിലുണ്ടായത്. ഉടനെ ഷർട്ടഴിച്ച് രണ്ടാമത്തെ യൂണിഫോം ധരിച്ചു. അപ്പോഴും ചൊറിച്ചിൽ തുടർന്നു. അലർജിയാണോ എന്ന് സംശയിച്ച് കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനെക്കൊണ്ട് യൂണിഫോം ധരിപ്പിച്ചു. സഹപ്രവർത്തകനും ഇതേ ബുദ്ധിമുട്ട് നേരിട്ടതോടെയാണ് യൂണിഫോമിൽ ചൊറിയുന്ന പൊടിയിട്ടിട്ടുണ്ടെന്ന സംശയമുണ്ടായത്. തുടർന്ന്, ബെന്നി ജില്ലാ ഫയർ ഓഫീസർക്ക് പരാതിനൽകി. പരാതി ഒത്തുതീർപ്പാക്കാനുള്ള ശ്രമമുണ്ടായെങ്കിലും ബെന്നി വഴങ്ങിയില്ല. ഒടുവിൽ ജില്ലാ ഫയർ ഓഫീസർ ഏപ്രിൽ ഒന്നിന് കഞ്ചിക്കോട് ഓഫീസിൽ നേരിട്ടെത്തി തെളിവെടുക്കാൻ തീരുമാനമായി. പരാതിക്കാരനോട് ഹാജരാകാൻ ഔദ്യോഗിക അറിയിപ്പുമെത്തി.
ഇത് രണ്ടാംതവണയാണ് കഞ്ചിക്കോട് അഗ്‌നിരക്ഷാനിലയം വിവാദത്തിൽക്കുരുങ്ങുന്നത്. നേരത്തേ ജോലിസമയത്ത് ജൂനിയറായ ഉദ്യോഗസ്ഥർ ഔദ്യോഗിക ഉപകരണം ഉപയോഗിച്ച് റീൽസ് ചിത്രീകരിച്ച സംഭവത്തിലും വിവാദമുയർന്നിരുന്നു. ഉയർന്ന ഉദ്യോഗസ്ഥരെ കളിയാക്കലാണ് റീൽസിന്റെ ഉദ്ദേശ്യം എന്നാരോപിച്ച് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്കുവരെ പരാതിനൽകി.
Content Highlights: Assistant Fire Officer reported itching powder on his uniform at Kanjikode Fire Station., The incident occurred on January 7th, leading to a formal complaint., District Fire Officer scheduled a formal investigation for April 1st., This follows previous controversies involving inappropriate social media usage at the same station.