ഇനി വിദേശയാത്ര മുടങ്ങില്ല; ശ്രീനിവാസൻ്റെ പാസ്‌പോർട്ടും ക്ലിയറൻസ് സർട്ടിഫിക്കറ്റും തിരിച്ചുനല്കി

#ന്യൂസ് ഡെസ്ക്
പാസ്‌പോർട്ടും ക്ലിയറൻസ് സർട്ടിഫിക്കറ്റുമായി ശ്രീനിവാസൻ | Photo:MATHRUBHUMI
പാസ്‌പോർട്ടും ക്ലിയറൻസ് സർട്ടിഫിക്കറ്റുമായി ശ്രീനിവാസൻ | Photo:MATHRUBHUMI

കാഞ്ഞങ്ങാട്: ഇനി ശ്രീനിവാസനെ വിമാനത്താവളത്തിൽ ആരും തടയില്ല. ഇമിഗ്രേഷൻ വിഭാഗം പാസ്‌പോർട്ട് പിടിച്ചെടുത്ത് തിരിച്ചയക്കുകയുമില്ല. കോഴിക്കോട് പാസ്‌പോർട്ട് ഓഫീസിൽനിന്ന് അദ്ദേഹത്തിന് പാസ്‌പോർട്ട് തിരിച്ചുനല്കി. ഒപ്പം പോലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റും. പാസ്‌പോർട്ട് വെരിഫിക്കേഷന്റെ ഭാഗമായുള്ള അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയ പോലീസുകാരനുണ്ടായ അശ്രദ്ധയും പാസ്‌പോർട്ട് ഓഫീസിലെ ജാഗ്രതക്കുറവും കാരണമാണ് കാഞ്ഞങ്ങാട് അരയിയിലെ കൊളത്തിങ്കാൽ ശ്രീനിവാസന് ദുബായിയിലേക്ക് പോകാൻ കഴിയാതിരുന്നത്. ശ്രീനിവാസന്റെ വിദേശയാത്ര മുടങ്ങുന്ന വാർത്ത 24-ന് ‘ആ ശ്രീനിവാസനല്ല, ഈ ശ്രീനിവാസൻ’ എന്ന തലക്കെട്ടിൽ മാതൃഭൂമി ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചിരുന്നു.

പോലീസുകാരൻ നൽകിയ തെറ്റായ റിപ്പോർട്ടാണ് ശ്രീനിവാസനെ മുംബൈ വിമാനത്താവളത്തിൽനിന്ന്‌ തിരിച്ചയക്കാനിടയാക്കിയത്. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം തീർത്തെങ്കിലും ആ റിപ്പോർട്ട് പാസ്‌പോർട്ട് ഓഫീസിലെ കംപ്യൂട്ടറിൽ രേഖപ്പെടുത്തിയില്ല. അതിനാൽ വീണ്ടും ദുബായിയിലേക്ക്‌ പുറപ്പെട്ട ശ്രീനിവാസന് കണ്ണൂർ വിമാനത്താവളത്തിൽനിന്ന്‌ മടങ്ങേണ്ടിവന്നു.

തന്റെ പേരിലുള്ള തെറ്റ് നീക്കാൻ ശ്രീനിവാസൻ പാസ്‌പോർട്ട് ഓഫീസിൽ കയറിയിറങ്ങിയത് ആറുതവണയാണ്. രണ്ടുതവണ ദുബായിയിലേക്ക്‌ പോകാൻ വിമാനടിക്കറ്റെടുത്ത വകയിൽ അരലക്ഷം രൂപ നഷ്ടമാകുകയും ചെയ്തു. ജനുവരി 15-നായിരുന്നു മുംബൈ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗം പാസ്‌പോർട്ട് പിടിച്ചുവെച്ച്‌ ശ്രീനിവാസനെ തിരിച്ചയച്ചത്. മാർച്ച് ഏഴുവരെയാണ് ശ്രീനിവാസന്റെ വിസാകാലാവധി. തടസ്സം നീങ്ങിയതിനാൽ എത്രയും വേഗം ദുബായിയിലേക്ക് പോകാനുള്ള ശ്രമത്തിലാണ് ശ്രീനിവാസൻ.

Content Highlights: Sreenivasan from Kanhangad was wrongly barred from traveling to Dubai on two separate occasions., The issue was a case of mistaken identity stemming from an erroneous police verification report., He incurred financial losses on flight tickets and faced significant bureaucratic hurdles., The error has now been rectified, and he has received his passport and police clearance to travel.