പുതുക്കിയ സോഫ്റ്റ്‌വെയറിൽ സാങ്കേതിക പ്രശ്നം; പുക പരിശോധിക്കാനാകാതെ വാഹന ഉടമകൾ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാഞ്ഞങ്ങാട്: പുകപരിശോധനയ്ക്കുള്ള സോഫ്റ്റ്‌വേയർ ആപ്ലിക്കേഷൻ പുതുക്കിയപ്പോൾ സാങ്കേതികപ്രശ്നങ്ങളേറെ. മൂന്നുദിവസമായി വാഹനങ്ങളേറെയും പരിശോധന നടത്താനാകാതെ മടങ്ങുകയാണ്. പരിശോധിച്ച് സാക്ഷ്യപത്രം നൽകാനുള്ള പൊലൂഷൻ അണ്ടർ കൺട്രോൾ ആപ്ലിക്കേഷൻ തിങ്കളാഴ്ച വൈകിട്ടാണ് കേന്ദ്രസർക്കാർ പുതുക്കിയത്. വാഹന ഉടമയുടെ ആധാർ നമ്പറും ആർസി ബുക്കും മൊബൈൽ ഫോണുമായി ലിങ്ക് ചെയ്യുന്നതടക്കമുള്ള കാര്യങ്ങളാണ് പുതുക്കിയ സോഫ്റ്റ് വേയറിലുള്ളത്. ആർസി ബുക്കിലെയും ആധാറിലെയും പേരുകളിൽ നേരിയ വ്യത്യാസമുള്ളവരാണ് പരിശോധിക്കാനാകാതെ മടങ്ങിയവരിൽ ചിലർ.

രണ്ടു രേഖകളിലും പേര് സമാനമാകുകയും സോഫ്റ്റ്‌വേയറിൽ പൊരുത്തപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ മൊബൈൽ നമ്പർ നൽകി അതത്‌ പുകപരിശോധനാ കേന്ദ്രത്തിൽനിന്നുതന്നെ ലിങ്ക് ചെയ്യുന്ന നടപടിക്രമം പൂർത്തീകരിച്ചുനൽകുന്നുണ്ട്. എന്നാൽ മിക്ക വാഹന ഉടമകളുടെയും ഇരു രേഖകളിലെയും വിവരങ്ങൾ നൽകുമ്പോൾ പൊരുത്തപ്പെടുന്നില്ലെന്ന അറിയിപ്പ് വരുന്നു. മൊബൈൽ ഫോണിൽ ഒടിപി വരുന്നതാണ് മറ്റൊരു രീതി. പല വാഹനങ്ങളുടെയും ഉടമകൾ വിദേശത്താണ്. അവരുടെ നമ്പറിലേക്ക് ഒടിപി പോകുന്നില്ല. പുക പരിശോധിക്കാനെത്തിയ ചില സ്കൂൾ വാഹനങ്ങൾക്കും തടസ്സം നേരിട്ടു. സ്കൂൾ വാഹനങ്ങൾ വാങ്ങുമ്പോൾ അന്നത്തെ പ്രിൻസിപ്പലിന്റെയോ പ്രഥമാധ്യാപകന്റേയോ മറ്റേതെങ്കിലും അധ്യാപകന്റേയോ ഫോൺ നമ്പർ ആയിരിക്കും ആർസി ബുക്കിൽ നൽകിയത്. അവർ ഇപ്പോൾ സ്കൂളിൽ ഉണ്ടാകണമെന്നില്ല. അവരുടെ ഫോൺ നമ്പറിൽ വിളിച്ചാലും കിട്ടില്ല.

ഫോൺനമ്പർ പൊരുത്തപ്പെടാത്തവർക്ക് അതും, പേരുകളിൽ വ്യത്യാസമുണ്ടെങ്കിൽ അതും മോട്ടോർവാഹന കാര്യാലയത്തിൽ അപേക്ഷ നൽകി തിരുത്തിവന്നാലേ ഇനി പുകപരിശോധന സാക്ഷ്യപത്രം കിട്ടുകയുള്ളൂ.

Content Highlights: Kanhangad residents face long queues as updated PUC software creates technical glitches.