കല്ലുവാതുക്കലിലെ കൂറുമാറ്റം; 4 BJP മുൻ ജനപ്രതിനിധികളെ അയോഗ്യരാക്കി, 6 വർഷത്തെ തിരഞ്ഞെടുപ്പ് വിലക്ക്

ചാത്തന്നൂർ: കല്ലുവാതുക്കൽ ഗ്രാമപ്പഞ്ചായത്തിലെ 2020-25 ഭരണസമിതിയിലെ ബി.ജെ.പി. അംഗങ്ങളായ നാല് ജനപ്രതിനിധികളെ അയോഗ്യരാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ്. പാർട്ടിവിപ്പ് ലംഘിച്ച് കൂറുമാറി വോട്ട് രേഖപ്പെടുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മുൻ പഞ്ചായത്തംഗങ്ങളായ ദീപ (നടയ്ക്കൽ വാർഡ്), അല്ലി അജി (കരിമ്പാലൂർ), രജിതകുമാരി (പുതിയപാലം), അപ്പുക്കുട്ടൻപിള്ള (ചിറക്കര) എന്നിവരെയാണ് അയോഗ്യരാക്കിയത്. അന്നത്തെ ബി.ജെ.പി. ജനപ്രതിനിധികളായ ബൈജു ലക്ഷ്മണൻ, സത്യപാലൻ എന്നിവർ നൽകിയ രണ്ട് വ്യത്യസ്ത പരാതികളിലാണ് നടപടി. ആറുവർഷത്തേക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
23 അംഗങ്ങളുള്ള കല്ലുവാതുക്കൽ ഗ്രാമപ്പഞ്ചായത്തിൽ 2020-ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് ഒൻപത് അംഗങ്ങളും യു.ഡി.എഫിന് എട്ട് അംഗങ്ങളും എൽ.ഡി.എഫിന് ആറ് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. കേവല ഭൂരിപക്ഷമില്ലാതിരുന്നിട്ടും ബി.ജെ.പി. ഇവിടെ ഭരണം ആരംഭിക്കുകയായിരുന്നു. രണ്ടരവർഷം പിന്നിട്ടപ്പോൾ എൽ.ഡി.എഫും യു.ഡി.എഫും ഒത്തൊരുമിച്ച് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ ബി.ജെ.പി. ഭരണസമിതി പുറത്താക്കപ്പെടുകയായിരുന്നു.
തുടർന്നുനടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യിൽനിന്നു പാർട്ടി തീരുമാനത്തിന് വിരുദ്ധമായി രണ്ട് സ്ഥാനാർഥികൾ മത്സരരംഗത്തു വന്നു. ഈ സാഹചര്യത്തിൽ എൽ.ഡി.എഫ്. സ്വന്തം സ്ഥാനാർഥിയെ പിൻവലിച്ച് ബി.ജെ.പി. വിമതയായ നടയ്ക്കൽ വാർഡ് മെമ്പർ ദീപയ്ക്ക് വോട്ട് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് എൽ.ഡി.എഫിന്റെ ആറ് അംഗങ്ങളും ബി.ജെ.പി.യിലെ വിമതരായ നാല് അംഗങ്ങളും ചേർന്ന് ദീപയ്ക്ക് വോട്ട് രേഖപ്പെടുത്തി.
ആദ്യ റൗണ്ടിൽ ഔദ്യോഗിക ബി.ജെ.പി. സ്ഥാനാർഥിക്ക് അഞ്ച് വോട്ടും കോൺഗ്രസിന് എട്ട് വോട്ടും ലഭിച്ചു. പഞ്ചായത്ത് ആക്ട് പ്രകാരം രണ്ടാം റൗണ്ടിൽ ആദ്യ രണ്ട് സ്ഥാനാർഥികൾക്ക് മാത്രമാണ് മത്സരിക്കാൻ കഴിയുക എന്നതിനാൽ, യു.ഡി.എഫ്. സ്ഥാനാർഥിയായി എൻ. ശാന്തിനിയും എൽ.ഡി.എഫ്. പിന്തുണയോടെ ബി.ജെ.പി. വിമതസ്ഥാനാർഥി ദീപയും തമ്മിലായിരുന്നു മത്സരം. ഇതിൽ എൻ. ശാന്തിനി, ബി.ജെ.പി. ഔദ്യോഗികപക്ഷത്തിന്റെ അഞ്ച് വോട്ടുകൂടി ലഭിച്ച് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ബി.ജെ.പി.യുടെ ഔദ്യോഗിക സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യണമെന്ന പാർട്ടി നിർദേശം ലംഘിച്ച് ബി.ആർ. ദീപ ഉൾപ്പെടെയുള്ളവർ എതിർസ്ഥാനാർഥികളെ പിന്തുണച്ചുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ പരാതിയിലെ ആരോപണം. പ്രസിഡന്റ് സ്ഥാനത്തേക്ക് ദീപ സ്വയം സ്ഥാനാർഥിയായി രംഗത്തുവന്നപ്പോൾ എൽ.ഡി.എഫ്. സ്വന്തം സ്ഥാനാർഥിയെ പിൻവലിച്ച് ദീപയെ പിന്തുണച്ചതും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlights: Four BJP members of Kalluvathukkal Grama Panchayat disqualified by State Election Commission