കള്ളാടി മണ്ണിടിച്ചിൽ: നഷ്ടപരിഹാരം ഉടൻ കൈമാറണം; ചികിത്സാച്ചെലവ് പൂർണമായും സർക്കാർ വഹിക്കണം– ഹൈക്കോടതി

കള്ളാടിയിൽ മണ്ണിടിഞ്ഞിടത്ത് തെരച്ചിൽ നടത്തുന്നവർ | Photo: PTI
കള്ളാടിയിൽ മണ്ണിടിഞ്ഞിടത്ത് തെരച്ചിൽ നടത്തുന്നവർ | Photo: PTI

കൊച്ചി: വയനാട് കള്ളാടി മണ്ണിടിച്ചിലിൽ മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം ഉടൻ കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടു. ആശുപത്രിയിലുള്ളവരുടെ ചികിത്സാച്ചെലവും കൂട്ടിരിപ്പുകാരുടെ ചെലവും പൂർണമായും സർക്കാർ വഹിക്കണം. നഷ്ടപരിഹാരമടക്കമുള്ള തുക കരാർക്കമ്പനിയിൽനിന്ന് ഈടാക്കുന്നത് പിന്നീട് പരിഗണിക്കാമെന്നും ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് എ.കെ. പ്രീതയും അടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു.

ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ടുള്ള ഹർജിയോടൊപ്പമാണ് ഹൈക്കോടതി കള്ളാടി മണ്ണിടിച്ചിൽ പരിഗണിച്ചത്. അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. അപ്പോൾ റിപ്പോർട്ട് നൽകണം.

തിരച്ചിലിന് നേതൃത്വംനൽകാൻ മന്ത്രിമാരടക്കം സ്ഥലത്തുണ്ടെന്ന് സർക്കാർ വിശദീകരിച്ചു. മൺസൂൺ തുടങ്ങിയതേ ഉള്ളൂവെന്നും ദുരന്തം ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും അമിക്കസ് ക്യൂറി അഡ്വ. രഞ്ജിത് തമ്പാൻ നിർദേശിച്ചു.

വസ്തുതയറിയാൻ രണ്ട് അന്വേഷണം

മണ്ണിടിച്ചിലിനെത്തുടർന്നുള്ള നടപടികൾ വിശദീകരിച്ച് ദുരന്ത നിവാരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി കെ. ജീവൻ ബാബു റിപ്പോർട്ട് ഫയൽ ചെയ്തു.

അപകടത്തിന്റെ സാങ്കേതികവും നിയമപരവുമായ വശങ്ങൾ പരിശോധിക്കാൻ ദുരന്തനിവാരണ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലും പരിസ്ഥിതി അനുമതിയിലെ വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പരിസ്ഥിതിവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലും സ്വതന്ത്രാന്വേഷണം നടക്കും.

കനത്തമഴ കണക്കിലെടുത്ത് ജൂൺ അഞ്ചുമുതൽ തുരങ്കനിർമാണം നിർത്തിവെക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകിയിരുന്നു. ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാൻ ഇത് സഹായകമായെന്ന് റിപ്പോർട്ടിൽ പറയുന്നു.

Content Highlights: High Court orders immediate disbursement of compensation to landslide victims. Government directed to cover full medical and attendant expenses for the injured. Two independent investigations initiated into technical and environmental compliance. Tunnel construction halted by District Disaster Management Authority due to monsoon.