ഡിസ്ചാർജ് ചെയ്യാനിരുന്ന ദിവസം രോഗി കുഴഞ്ഞുവീണു മരിച്ചു; സൂപ്രണ്ടിന് പരാതി നൽകി, അന്വേഷണത്തിന് സമിതി

ഹലീലുൽ
ഹലീലുൽ

കളമശ്ശേരി: എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ നിന്നു ഡിസ്ചാർജ് ചെയ്യാനിരുന്ന ദിവസം രോഗി കുഴഞ്ഞുവീണു മരിച്ചു.

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മട്ടാഞ്ചേരി പുളിക്കലത്ത് ഹലീലുൽ റഹ്‌മാനാണ് (40) ഞായറാഴ്ച രാവിലെ 11.15-ഓടെ മരിച്ചത്.

മെഡിക്കൽ കോളേജിലെ ചികിത്സാപിഴവും അനാസ്ഥയുംമൂലമാണ് മരണമെന്ന് ആരോപിച്ച് സഹോദരൻ ഷുഹൈബ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി നൽകി.

22-ന് പുലർച്ചെ നാലോടെ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ഹലീലുൽ റഹ്‌മാൻ മുന്നിലെത്തിയ മറ്റൊരു വാഹനത്തിലിടിക്കാതെ വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണം വിട്ട് റോഡിൽ വീഴുകയായിരുന്നു. ഇടതു കാലിന് ഗുരുതര പരിക്കേറ്റ ഹലീലുൽ റഹ്‌മാനെ ഉടൻതന്നെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാലിൽ മൂന്നിടത്ത് ഒടിവുള്ളതിനാൽ വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് എറണാകുളം ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. 25-ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ പ്രാഥമിക നിഗമനം.

ഹലീലുൽ റഹ്‌മാന്റെ ഭാര്യ: ഷർബിൻ. മക്കൾ: ഐഷ, ഹാമിദാ, മുഹമ്മദ് സൈൻ. കബറടക്കം തിങ്കളാഴ്ച.

അന്വേഷണത്തിന് സമിതി

ഹലീലുൽ റഹ്‌മാന്റെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. അനൂപ് ജോസഫ് അന്വേഷണത്തിന് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ എച്ച്.ഒ.ഡി.മാരടങ്ങുന്ന ഒരു സമിതി രൂപവത്കരിച്ചു.

എത്രയും പെട്ടെന്ന് സമിതി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകി. മെഡിക്കൽ കോളേജിൽ രോഗി മരിച്ചത് ചികിത്സാപിഴവും അനാസ്ഥയുമാണെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ. പ്രതിഷേധിച്ചു.

Content Highlights: A 40-year-old man, Halilul Rahman, died at Kalamassery Medical College on the day of his scheduled discharge., The family filed a complaint with the medical superintendent alleging treatment negligence., The patient was admitted following a two-wheeler accident and underwent surgery., A probe committee has been formed by the hospital authorities to investigate the death.