കളമശ്ശേരി സ്‌ഫോടനം: കൊടകര പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ ആളെ ചോദ്യംചെയ്യുന്നെന്ന് വിവരം

കളമശ്ശേരിയില്‍ സ്‌ഫോടനം ഉണ്ടായ സ്ഥലത്തുനിന്നുള്ള ദൃശ്യം
കളമശ്ശേരിയില്‍ സ്‌ഫോടനം ഉണ്ടായ സ്ഥലത്തുനിന്നുള്ള ദൃശ്യം

തൃശ്ശൂർ: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായ ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ താനാണെന്ന് അവകാശപ്പെട്ട് ഒരാള്‍ തൃശ്ശൂരിലെ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. താനാണ് ബോംബ് വെച്ചത് എന്ന് പറഞ്ഞ് കൊടകര സ്‌റ്റേഷനിലാണ ഇയാള്‍ കീഴടങ്ങിയത്. ഇയാള്‍ കൊച്ചി സ്വദേശിയാണെന്നാണ് പുറത്തു വരുന്ന വിവരം. 

ഉച്ചക്ക് 1.30-ഓടെ പോലീസ് സ്‌റ്റേഷനിലെത്തിയ ഇയാളെ രഹസ്യമായി ചോദ്യം ചെയ്ത് വരികയാണ്. സ്ഥിരീകരണമില്ലാത്ത വിവരമായതിനാല്‍ തന്നെ ഇയാളെ പറ്റി കൂടുതല്‍ വിശദാംശങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. അതിനിടെ കണ്ണൂരില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തുവന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. 

സ്‌ഫോടന സ്ഥലത്ത് നിന്ന് ഒരു നീല ബലേനോ കാര്‍ പുറത്തു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ബോംബ് സ്ഥാപിച്ചയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കാറാണോ ഇത് എന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

ഞായറാഴ്ച രാവിലെ പത്ത് മണിയോടെ കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപമുള്ള സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍  ഒരാള്‍ കൊല്ലപ്പെടുകയും മുപ്പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

Content Highlights: kalamassery bomb blast