ഫലമറിയാൻ കാത്തിരുന്നത് 52 ദിവസം; ഒടുവിൽ വൃന്ദവാദ്യത്തിൽ കളമശ്ശേരി രാജഗിരി എച്ച്.എസ്. ടീമിന് എ ഗ്രേഡ്

#ആര്‍. വിഷ്ണു
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എച്ച്.എസ്. വിഭാഗം വൃന്ദവാദ്യത്തില്‍ എ ഗ്രേഡ് നേടിയ കളമശ്ശേരി രാജഗിരി എച്ച്.എസ്. ടീം
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എച്ച്.എസ്. വിഭാഗം വൃന്ദവാദ്യത്തില്‍ എ ഗ്രേഡ് നേടിയ കളമശ്ശേരി രാജഗിരി എച്ച്.എസ്. ടീം

കൊച്ചി: ജനുവരിയില്‍ കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഫലത്തിനായി രണ്ട് മാസത്തോളം കാത്തിരിപ്പ്. ഒടുവില്‍ കോടതി നല്‍കിയ ആശ്വാസത്തില്‍ അര്‍ഹിച്ച 'എ' ഗ്രേഡ് ഒപ്പം പോന്നു. കളമശ്ശേരി രാജഗിരി എച്ച്.എസിലെ വൃന്ദവാദ്യം ടീമിനാണ് ഔദ്യോഗിക ഫലപ്രഖ്യാപനത്തിനായി 52 ദിവസം കാത്തിരിക്കേണ്ടിവന്നത്. 

എറണാകുളം റവന്യൂ ജില്ലാ കലോത്സവശേഷം എറണാകുളം മുന്‍സിഫ് കോടതിയുടെ ഓര്‍ഡറോടെയാണ് മാര്‍വിന്‍, അല്‍ഫോന്‍സ്, ജറമിയ, മരിയ ബോബി, ദേവനന്ദന്‍, യാസിന്‍, അമര്‍ അലക്സാണ്ടര്‍ എന്നിവരടങ്ങുന്ന ടീം സംസ്ഥാന കലോത്സവത്തിനെത്തിയത്. ജനുവരി ഏഴിന് നടന്ന മത്സരശേഷം ഔദ്യോഗിക വെബ്സൈറ്റില്‍ ടീമിന് ഏത് ഗ്രേഡാണ് ലഭിച്ചതെന്ന് പ്രസിദ്ധീകരിച്ചില്ല. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ മത്സരിച്ചതിനാല്‍ ഫലം തടഞ്ഞുവെച്ചിരിക്കുന്നതായാണ് വെബ്സൈറ്റില്‍ കാണിച്ചിരുന്നത്.  
 
മികച്ച പ്രകടനം നടത്തിയതിനാല്‍ എ ഗ്രേഡ് നേട്ടം ഉറപ്പിച്ചിരുന്ന ടീമിലെ മത്സരാര്‍ഥികള്‍ ഇതോടെ നിരാശയിലായി. ഏത് ഗ്രേഡാണ് ലഭിച്ചതെന്ന് ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ ഹൈക്കോടതിയെ സമീപിച്ചു. ഫലം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചില്ലെങ്കില്‍ ഗ്രേസ് മാര്‍ക്ക് അടക്കമുള്ള ആനുകൂല്യങ്ങള്‍ക്ക് തടസ്സമാകുമെന്നും കോടതിയെ അറിയിച്ചു. 

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ഡി.ഡി.ഇ., അടക്കമുള്ളവരായിരുന്നു എതിര്‍കക്ഷികള്‍. വിഷയം കോടതിയില്‍ എത്തിയതോടെ അധികൃതര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചു. ഫെബ്രുവരി 28-ന് ടീമിന് എ ഗ്രേഡുണ്ടെന്ന് വെബ്സൈറ്റിൽ ഫലം പുനഃപ്രസിദ്ധീകരിച്ചു. എ ഗ്രേഡിന് അര്‍ഹരാണെങ്കില്‍ ഗ്രേസ് മാര്‍ക്ക് അടക്കം അനുവദിക്കണമെന്ന് മാര്‍ച്ച് മൂന്നിന് സ്‌കൂളിന് അനുകൂലമായി ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കുകയും ചെയ്തു.

Content Highlights: rajagiri hs team gets a grade for vrindavadyam in kerala state youth festival