കാലടി സർവകലാശാല പ്രതിഷേധം; 12 വിദ്യാർഥികളെ തിരിച്ചെടുക്കും, മാപ്പപേക്ഷ നൽകണം, നാല് പേരുടെ സസ്പെൻഷൻ തുടരും

കാലടി: കാലടി സംസ്കൃത സർവകലാശാലയിൽ നിന്ന് വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനം. 16ൽ 12 പേരുടെ സസ്പെൻഷൻ പിൻവലിക്കും. ശ്യംജിത്ത്, ശ്രദ്ധ, അഭിജിത്ത് കെ.വി, അർച്ചന എന്നിവരെ തിരിച്ചെടുക്കില്ല. സസ്പെൻഷൻ നിലനിൽക്കെ ക്യാമ്പസിൽ കയറിയെന്ന കാരണത്താലാണ് ഈ വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കാത്തത്.
12 പേരും മാപ്പപേക്ഷ നൽകണം. എങ്കിൽ മാത്രമേ ഇവരുടെ സസ്പെൻഷൻ പിൻവലിക്കുകയുള്ളൂ. ഇന്ന് രാവിലെ മുതൽ സർവകലാശാല ക്യാമ്പസിൽ എസ്.എഫ്.ഐയുടെ വലിയ പ്രതിഷേധം നടന്നിരുന്നു. ഇന്ന് വൈകുന്നേരം നിരാഹാര സമരം തുടങ്ങാനിരിക്കെയാണ് സസ്പെൻഷൻ നടപടി പിൻവലിച്ചിരിക്കുന്നത്. എന്നാൽ ഇവർക്ക് പരീക്ഷ എഴുതാനാവുമോ എന്ന കാര്യത്തിൽ നാളെ വരുന്ന കോടതി വിധിയിലാണ് തീരുമാനമാവുക.
കാലടി സർവകലാശാലയിലെ 16 വിദ്യാർത്ഥികളാണ് സമരം ചെയ്തതിന്റെ പേരിൽ 60 ദിവസത്തിലധികമായി സസ്പെൻഷനിൽ തുടരുന്നത്. ഓഗസ്ത് 13ന് നടത്തിയ സമരത്തിന്റെയും പ്രതിഷേധത്തിന്റെ ഭാഗമായാണ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. വൈസ് ചാൻസലർ ഡോ. സിസ തോമസിനെ ശാരീരികമായി കയ്യേറ്റം ചെയ്തുവെന്നതടക്കമുള്ളതാണ് വിദ്യാർഥികളുടെ സസ്പെൻഷൻ നടപടിയിലേക്ക് നയിച്ചത്.
സസ്പെൻഡ് ചെയ്ത വിദ്യാർഥികളെ പരീക്ഷ എഴുതിപ്പിക്കാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ സർവകലാശാല ഇതിനെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകി. പരീക്ഷ എഴുതിക്കാൻ ആവശ്യമായ ഹാജർ വിദ്യാർതികൾക്കില്ലെന്നാണ് സർവകലാശാല കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്. അതിനിടെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാർഥികൾ കോടതിയെ സമീപിച്ചിട്ടുണ്ട്. നാളെയാണ് ഹർജിയിൽ കോടതി വിധിയുണ്ടാവുക.
Content Highlights: Kalady Sanskrit University syndicate decided to revoke suspension for 12 out of 16 students., Four students remain suspended for entering the campus during the suspension period., The 12 students must submit an apology letter to complete the reinstatement., SFI had organized major protests and planned a hunger strike on campus., Court verdict expected tomorrow regarding permission for students to write exams.