ചില്ലുകൂട്ടിൽ ചേതനയറ്റ് അവർ; മൂത്തമകൾ, കുടുംബത്തിന്റെ അത്താണിയായിരുന്നു ഗോപിക, വീട്ടുകാരുടെ പ്രതീക്ഷയായിരുന്നു ദേവിക

കാക്കനാട്: ഒരുമിച്ചു പഠിച്ചും തമാശകൾ പറഞ്ഞും സ്വപ്നങ്ങൾ പങ്കുവെച്ചും നടന്ന അതേ കലാലയമുറ്റത്തേക്ക് അവർ വീണ്ടും എത്തി. പക്ഷേ, പതിവുപോലെ പുഞ്ചിരിക്കാനോ, വിശേഷങ്ങൾ പങ്കുവെക്കാനോ അവർക്കായില്ല. എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ എം.പി. ഗോപികയുടെയും കെ.വി. ദേവികയുടെയും ചേതനയറ്റ ശരീരങ്ങൾക്കു മുന്നിൽ തൃക്കാക്കര കെ.എം.എം. കോളേജ് ഞായറാഴ്ച കണ്ണീരിലായി.
അപകടവാർത്ത അറിഞ്ഞതുമുതൽ വിദ്യാർഥികളും അധ്യാപകരും സഹപാഠികളുമെല്ലാം ഗോപികയും ദേവികയും ബിരുദത്തിനു പഠിച്ച കോളേജിലേക്ക് ഒഴുകിയെത്തി. എല്ലാവർക്കും പ്രിയപ്പെട്ടവരായിരുന്നു ഗോപികയും ദേവികയും. ഇവർ പഠിച്ചിരുന്ന കാലത്ത് ജൂനിയർമാരായിരുന്നവരും ഇപ്പോൾ കോളേജിൽ പഠിക്കുന്നവരുമെല്ലാം പ്രിയ ചേച്ചിമാരുടെ വിയോഗവാർത്തയുടെ ഞെട്ടലിലായിരുന്നു.
ഞായറാഴ്ച വൈകീട്ട് 3.15-ഓടെ ഗോപികയുടെയും ദേവികയുടെയും മൃതദേഹങ്ങളുമായുള്ള ആംബുലൻസുകൾ കോളേജിലെത്തി. പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്ക് കാണാൻ വിദ്യാർഥികൾ കരഞ്ഞുകൊണ്ട് ആംബുലൻസുകൾക്കരികിലേക്ക് ഓടി. നിമിഷങ്ങൾക്കകം കോളേജ് വളപ്പിൽ നിയന്ത്രിക്കാനാകാത്ത നിലവിളികളുയർന്നു.
പൊതുദർശനത്തിന് വെച്ച ഇരുവരുടെയും മൃതദേഹങ്ങൾക്കരികിൽ സങ്കടം താങ്ങാനാകാതെ സഹപാഠികൾ വിതുമ്പി. പ്രിയ കൂട്ടുകാരികളുടെ മുഖത്തേക്ക് നോക്കാൻ പലർക്കും കഴിഞ്ഞില്ല. അധ്യാപകരുടെയും കണ്ണുകൾ ഈറനണിഞ്ഞു. അരമണിക്കൂറോളം നീണ്ട പൊതുദർശനത്തിനുശേഷം മൃതദേഹങ്ങൾ അവരുടെ വീടുകളിലേക്ക് കൊണ്ടുപോയി.
ഹോസ്റ്റൽമുറിയിൽ തുടങ്ങിയ ഗോപികയുടെയും ദേവികയുടെയും സൗഹൃദം പഠനകാലം പിന്നിട്ടിട്ടും ജീവിതത്തിലും ജോലിയിലും യാത്രകളിലുമെല്ലാം തുടർന്നു. സ്വന്തം അധ്വാനത്തിലൂടെ പഠനവും ജീവിതവും കെട്ടിപ്പടുത്ത ഇരുവരുടെയും യാത്ര ദുരന്തത്തിൽ അവസാനിക്കുകയായിരുന്നു. ഉമാ തോമസ് എം.എൽ.എ., നഗരസഭാ കൗൺസിലർ നിഷ ബീവി എന്നിവർ കോളേജിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
സ്വപ്നങ്ങളുമായി പഠിക്കാൻപോയി; ഗോപിക മടങ്ങിയത് ചേതനയറ്റ ശരീരമായി
കല്ലടിക്കോട്: ജോലിനേടി അച്ഛനുമമ്മയ്ക്കും കൈത്താങ്ങാകണം, ഇളയ സഹോദരങ്ങളുടെ പഠനത്തിന് സഹായിക്കണം. ഇങ്ങനെ ഒരുപാട് സ്വപ്നങ്ങളുമായാണ് ഇടക്കുറുശ്ശി കുറ്റിച്ചോല മുള്ളൻകുഴിയിൽ പ്രദീപിന്റെ മകൾ ഗോപിക (21) പഠനം മുന്നോട്ടുകൊണ്ടുപോയത്. എന്നാൽ, ഞായറാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടം ആ സ്വപ്നങ്ങൾ തകർത്തു.
എറണാകുളം കെ.എം.എം. കോളേജിൽനിന്ന് ബി.സി.എ. പഠനം പൂർത്തിയാക്കിയ ഗോപിക തുടർപഠനത്തിനായി ആറുമാസത്തെ കംപ്യൂട്ടർ കോഴ്‌സിന് പാലാരിവട്ടത്ത് ചേർന്നിരുന്നു. വീട്ടുകാരുടെ സാമ്പത്തിക ബുദ്ധിമുട്ട് മനസ്സിലാക്കി അവരെ സഹായിക്കാനാണ് ഒരു മാളിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്നത്.
രാവിലെമുതൽ ഉച്ചവരെയായിരുന്നു ക്ലാസ്. അതിനുശേഷം ജോലിക്കുപോകും. കോഴ്‌സ് പൂർത്തിയാക്കാൻ ഇനി ഏതാനും ദിവസം മാത്രമാണുള്ളത്. ശനിയാഴ്ച ജോലികഴിഞ്ഞ് സഹപ്രവർത്തകർക്കൊപ്പം ഭക്ഷണം കഴിക്കാൻ പോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
പഠനത്തിൽ മിടുക്കിയായിരുന്ന ഗോപിക തച്ചമ്പാറ സ്കൂളിലാണ് പത്താംക്ലാസും പ്ലസ്ടുവും പൂർത്തിയാക്കിയത്. പത്താം ക്ലാസിൽ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് ബി.സി.എ. പഠനം പൂർത്തിയാക്കിയത്. അച്ഛൻ പ്രദീപ് ഓട്ടോ ഡ്രൈവറാണ്. അമ്മ സജിത. സഹോദരങ്ങൾ: അഭിജിത്, ദീപിക.
നോവായി ദേവിക; ഹൃദയംനുറുങ്ങി വിടനൽകി നാട്
തെക്കുംതറ: ‘മിടുക്കിയായിരുന്നു. നന്നായി പഠിക്കും, അതുപോലെ കലാപരിപാടികളിലുൾപ്പെടെ മുന്നിലുണ്ടായിരുന്ന കുട്ടിയായിരുന്നു...’ ദേവികയെ അവസാനമൊരുനോക്കു കാണാനായി കാത്തിരുന്നവർക്ക് വാക്കുകൾ പൂർത്തിയാക്കാനായില്ല. പത്താം ക്ലാസിലും പ്ലസ്ടുവിലുമൊക്കെ മുഴുവൻ വിഷയങ്ങളിലും അവൾക്ക് എ പ്ലസ് ഉണ്ടായിരുന്നു. ഞങ്ങളുടെ പ്രതീക്ഷയായിരുന്നു.
അത്രമേൽ പ്രിയപ്പെട്ടവളുടെ ഓർമ്മകളിൽ നാട് തേങ്ങി. വിവരമറിഞ്ഞതുമുതൽ തെക്കുംതറയിലെ പുതിയപുര തറവാട്ടിലേക്ക് നാടൊഴുകിയെത്തി. വീട്ടുമുറ്റത്തൊരുക്കിയ പന്തലിൽ അവരെല്ലാം ദേവികയെ കാത്തിരുന്നു. വേർപാടിന്റെ വേദനയിൽ നാട് മൗനമായി. ദേവികയെക്കുറിച്ചുള്ള ഓർമ്മകളിൽ പലരും വിതുമ്പി.
ഞായറാഴ്ച രാത്രി 8.50-ഓടെ ദേവികയുടെ മൃതദേഹവുമായി ആംബുലൻസ് എത്തിയപ്പോൾ തേങ്ങലുകളുയർന്നു. വീട്ടുമുറ്റത്ത് കത്തിച്ചുവെച്ച നിലവിളക്കിന് മുൻപിൽ ദേവികയെ കിടത്തിയപ്പോൾ പൊട്ടിക്കരിച്ചിലുയർന്നു. ‘എന്റെ മോളേ...’ എന്നുവിളിച്ചുള്ള അമ്മ സരിതയുടെ കരച്ചിൽ നൊമ്പരക്കാഴ്ചയായി.
കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു. മുഖത്തേക്കുവീണ പൂവിന്റെ ഇതളുകൾ സരിത മാറ്റിവെച്ചു. അച്ഛൻ സന്തോഷ് കുമാർ മകളുടെ അടുത്തുതന്നെ ഇരുന്നു. ദേവികയുടെ സഹോദരൻ ദേവാനന്ദ് മുഖംപൊത്തിക്കരഞ്ഞു. ദേവികയുടെ കൂട്ടുകാർ പരസ്പരം കെട്ടിപിടിച്ച് കരഞ്ഞു. വന്നവരെല്ലാം വരിയായിനിന്ന് ദേവികയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ചു.
ചുവപ്പും മഞ്ഞയും പൂക്കൾ നിറഞ്ഞ റീത്തുകൾ നിറഞ്ഞു. പ്രിയപ്പെട്ടവർ കണ്ണീരോടെ കവിളിൽ തലോടി. കണ്ണൊന്നു തുറക്ക് മോളേ... ആർക്കും ആരെയും ആശ്വസിപ്പിക്കാനായില്ല. വേദന താങ്ങാനാവാതെ പലരും തളർന്നുപോയി.
കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു ദേവിക. ആ പ്രതീക്ഷകൾക്കൊപ്പം അവളും ഉയർന്നിരുന്നു. വീട്ടിലെ പ്രയാസങ്ങൾക്ക് പരിഹാരമാവാൻ പഠനം പൂർത്തിയാക്കി വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ദേവിക. അതിനിടയിലാണ് അപ്രതീക്ഷിത വിയോഗം.
രണ്ടുമാസം മുൻപായിരുന്നു ഏവിയേഷൻ പഠനം പൂർത്തിയാക്കിയതിന്റെ ഗ്രാജ്വേഷൻ സെറിമണി കഴിഞ്ഞത്. നിലവിൽ എം.ബി.എ.യ്ക്ക് പഠിക്കുകയായിരുന്നു. പഠനത്തോടൊപ്പം പാർട്ട് ടൈം ആയി ദേവിക ജോലിക്കുപോയും വരുമാനം കണ്ടെത്തിയിരുന്നു.
എം.ബി.എ. പഠനം പൂർത്തിയായശേഷം വിദേശത്ത് ജോലിയായിരുന്നു ദേവികയുടെ ലക്ഷ്യം. കല്പറ്റ മടക്കിമലയിലാണ് ദേവികയുടെ വീട്. മൂന്നുവർഷം മുൻപാണ് ദേവികയും കുടുംബവും മടക്കിമലയിലേക്ക് താമസംമാറിയത്. ദേവികയുടെ മൃതദേഹം അമ്മ സരിതയുടെ തെക്കുംതറയിലെ തറവാട്ടുവീട്ടിലാണ് സംസ്കരിച്ചത്.
Content Highlights: A tragic accident claimed the lives of Gopika and Devika, two beloved students of KMM College, leading to an emotional gathering of students, teachers, and friends at the college to pay their last respects. Gopika, a diligent student with dreams of supporting her family, was pursuing further studies and working part-time to alleviate her family's financial struggles when the accident occurred.